ഇടത് വലത് മുന്നണികൾക്ക് പിന്നാലെ കൊച്ചി മെട്രോയുടെ പിതൃത്വമേറ്റെടുത്ത് ബിജെപി സംസ്ഥാനഘടകവും രംഗത്തെത്തിയത് കൗതകരമാകുന്നു. ഇതിന്റെ ഭാഗമായി കൊച്ചി നഗരത്തിൽ ബിജെപി പ്രാദേശിക നേതാക്കളുടെ ചിത്രം പതിച്ച ഫ്‌ളക്‌സ് ബോർഡുകളും ഉയർന്നിട്ടുണ്ട്. കൊച്ചി മെട്രോ യാഥാർഥ്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിവാദ്യമർപ്പാണ് നഗരത്തിൽ ബോർഡുയർന്നിരിക്കുന്നത്.

അതേസമയം മെട്രോ ഇനാഴിക്ക് താഴെയുള്ള കൂറ്റൻ തൂണിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കെഎംആർഎല്ലും രംഗത്തെത്തിയിട്ടുണ്ട്. മെട്രോയുടെ ആലുവയിലുള്ള വിളക്ക് തൂണുകളിൽ സ്ഥാപിച്ച ബോർഡാണ് വിവാദത്തിലായിരിക്കുന്നത്.

അുത്തിടെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷയുടെ സന്ദർശനത്തോടനുബന്ധിച്ചും ആലുവ മുതൽ പാലാരിവട്ടം വരെയുള്ള മെട്രോ തൂണുകളിൽ ബിജെപി ഫ്ളെക്സ് നിരത്തി അഭിവാദ്യം ചെയ്തിരുന്നു. പിന്നീട് ഈ ഫ്ളെക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്നുകാട്ടി കെ.എം.ആർ.എൽ നോട്ടീസ് നൽകിയിരുന്നു. ഇതേത്തുടർന്നാണ് അന്ന് ബോർഡുകൾ നീക്കം ചെയ്തത്.

മെട്രോ ഉദ്ഘാടനം ചെയ്യാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിവാദ്യം അർപ്പിച്ചുള്ള ഫ്ളെക്സിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും പാർട്ടി പ്രാദേശിക നേതാക്കളുമാണ് ഇടംപിടിച്ചിരിക്കുന്നത്. ഈ ഫ്‌ളക്‌സ് ബോർഡിനെ പരിഹസിച്ച് സോഷ്യൽ മീഡിയിയിൽ നിരവധി ട്രോളുകളാണ് ഇറങ്ങിയിരിക്കുന്നത്. ബിജെപിയുടേത് തള്ള് രാഷ്ട്രീയമാണെന്നാണ് സോഷ്യൽ മീഡിയിയിലെ വിമർശകർ പറയുന്നത്. ഉദ്ഘാടവേദിയിൽനിന്ന് മെട്രോ ശിൽപി ഇ ശ്രീധരൻ ഉൾപ്പെടെയുള്ള പ്രമുഖരെ ഒഴിവാക്കിയെന്ന വിവാദം ശക്തമാകുന്നതിനിടെയാണ് ബിജെപി മെട്രോയുടെ പിതൃത്വം ഏറ്റെടുത്ത് രംഗത്തിറങ്ങിയിരിക്കുന്ന ആക്ഷേപമാണ് വിമർശകർ ഉന്നയിക്കുന്നത്.

മെട്രോയ്ക്ക് തുടക്കമിട്ടതും ഏറെക്കുറെ പണി പൂർത്തിയാക്കിയതും യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. തുടർന്ന് അധികാരത്തിലെത്തിയ ഇടത് സർക്കാരും പദ്ധതിക്ക് പിന്തുണ നൽകി. എന്നാൽ മെട്രോ നിർമ്മാണവുമായി പുലബന്ധമില്ലാത്ത ബിജെപി ഇക്കാര്യത്തിൽ അവകാശവാദമുന്നയിക്കുന്നത് എന്തിനാണെന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. ഫേസ്‌ബുക്കിൽ ബിജെപിക്കെതിരെ ട്രോൾ പൊങ്കാലയും ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇതിനെ പ്രതിരോധിച്ച് ബിജെപിയുടെ സൈബർ പോരാളികളും സജീവമാണ്.