പത്തനംതിട്ട: കൊച്ചി മെട്രോയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന് പരാതി. മെട്രോമാൻ ഇ ശ്രീധരന്റെ മരുമകന് കൊടുക്കാനെന്ന് പറഞ്ഞ് ലക്ഷങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തട്ടിയെടുത്തുവെന്നാണ് പരാതി. ഈ ശ്രീധരന്റെ മരുമകൻ ജോലി തരപ്പെടുത്തി നൽകും എന്ന് വാഗ്ദാനം ചെയ്ത് തിരുവനന്തപുരം കിളിമാനുർ സ്വദേശി ഏഴു ലക്ഷം രൂപ തട്ടിയെടുത്തതായി വാഴമുട്ടം സ്വദേശിനി ഉഷഷയാണ് പത്തനംതിട്ട പൊലീസിൽ പരാതി നൽകിയത്.

നിരവധി ഉദ്യോഗാർത്ഥികൾ തട്ടിപ്പിനിരയായതായി ഇവർ പറയുന്നു. ഇ ശ്രീധരന്റെ മരുമകനായ ശ്യാം ജോലി വാങ്ങി നൽകുമെന്ന് പറഞ്ഞ് തിരുവനന്തപുരം കിളിമാനൂർ സ്വദേശി സജിത്കുമാർ ഏഴ് ലക്ഷം രൂപ തട്ടിയെടുത്തതായാണ്, പത്തനംതിട്ട വാഴമുട്ടം സ്വദേശിനി ഉഷാ രാജൻ , പത്തനംതിട്ട സി ഐ ക്ക് പരാതി നൽകിയത്.

മകൻ ശരത്തിന് ജോലിക്ക് വേണ്ടിയാണ് ഉഷ പണം നൽകിയത്. തിരുവനന്തപുരം സ്വദേശികളായ നിരവധി ഉദ്യോഗാർത്ഥികളിൽ നിന്നും ഇത്തരത്തിൽ ഇയാൾ വൻ തുക തട്ടിയെടുത്തതായും പരാതിയുണ്ട്. രണ്ട് തവണകളായി ആറ് ലക്ഷം രൂപ ബാങ്ക് മുഖേനയും ഒരു ലക്ഷം രുപ പണമായും ഇയാൾക്ക് നൽകുകയായിരുന്നുവെന്ന് ഉഷാ രാജൻ പറഞ്ഞു.

മെട്രൊയിലെ ജോലി ലഭിക്കാതെ വന്നതോടെ ഉദ്യോഗാർത്ഥികൾ ഇയാളെ ബന്ധപ്പെട്ടപ്പോൾ ഒഴിവ് കഴിവുകൾ പറഞ്ഞ് അവധി അവശ്യപ്പെടുകയും പിന്നീട് നാട്ടിൽ നിന്ന് മുങ്ങുകയുമായിരുന്നു. ഉദ്യോഗാർത്ഥികൾ പണം തിരികെ അവശ്യപ്പെട്ട് കിളിമാനൂരെ വീട്ടിലെത്തിയെങ്കിലും പണത്തിന്റെ കാര്യത്തിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്ന് പറഞ്ഞ് ഭാര്യയും കുടുംബാംഗങ്ങളും കൈയൊഴിഞ്ഞു.

പിൻതിരിയാൻ തയാറാവാതിരുന്ന ചില ഉദ്യോഗാർത്ഥികളെ കള്ളക്കേസിൽ കുടുക്കിയതായും പരാതിയുണ്ട്. പരാതി നൽകി ആഴ്ചകൾ പിന്നിട്ടിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്ന് ഉഷാ രാജൻ പറയുന്നു. ശ്രീധരനും മരുമകനും ഇതേ കുറിച്ച് ഒന്നും അറിയില്ലെന്നതാണ് വസ്തു. ഇവരുടെ പേര് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.