കൊച്ചി : കൊച്ചി മെട്രോയിലെ പാമ്പിനെ കുറിച്ചുള്ള വാർത്ത വ്യാജം. കൊച്ചി മെട്രോയിൽ മദ്യപിച്ച് കിടന്നുറങ്ങി എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് കേൾവിശേഷിയും സംസാരശേഷിയുമില്ലാത്ത എൽദോ എന്ന വ്യക്തിയുടെ ചിത്രം. ഇദ്ദേഹം മദ്യപിക്കാറില്ലെന്നാണ് പുറത്തുവരുന്ന സൂചന. ഇതോടെ അപമാനിച്ചതിന് മാപ്പ് പറച്ചിലുമായി സോഷ്യൽ മീഡിയ എത്തി. അങ്ങനെ മാന്യത കാട്ടുകയും ചെയ്തു. തെറ്റ് ഏറ്റു പറഞ്ഞ് നിരവധി പേർ ക്ഷമാപണം നടത്തി.

കൊച്ചി മെട്രോയിലെ ആദ്യത്തെ പാമ്പ്. സത്യാവസ്ഥ എന്തെന്ന് പോലും അറിയാതെ നമ്മൾ മലയാളികൾ ആഘോഷിക്കുകയാണ് ഇപ്പോൾ ഈ വിഷയ. സത്യം ഇതാണ്. ഇയാളുടെ പേരു എൽദോ . ജന്മം മുതലേ ഇയാൾ ബധിരനും മൂകനും ആണ്. ഹോസ്പിറ്റലിൽ സീരിയസ് ആയി കഴിയുന്ന തന്റെ അനിയനെ കണ്ടു വരുന്ന വഴി മകന്റെ ആവശ്യ പ്രകാരം മെട്രോയിൽ കയറിയതാണ് അയാളും കുടുംബവും.

അനിയന്റെ അവസ്ഥയിൽ മനസ്സ് കൈവിട്ട അയാൾ ഒന്ന് വിശ്രമിച്ചതാണ് ഈ ഫോട്ടോസ്. പലരും അത് മറ്റൊരു അർത്ഥത്തിൽ ചിത്രീകരിച്ചു . അതിനു ഇരയായതോ ഈ പാവം മനുഷ്യൻ. യാഥാർത്ഥം എന്തെന്ന് അറിയാതെ ഇങ്ങനെ ഒരുപാടു വിഷയങ്ങൾ നമ്മൾക്ക് മുന്നിൽ എത്തുന്നു .അതിലെ അവസാനത്തെ കണ്ണിയാകട്ടെ ഇയാൾ. ഇനി ഇങ്ങനെ ഒന്ന് സംഭവിക്കാതിരിക്കട്ടെ. സഹോദരാ കേരള ജനത അങ്ങയോട് മാപ്പു ചോദിക്കുന്നു- ഇങ്ങനെയാണ് ക്ഷമാപണങ്ങൾ.

മരണാസന്നനായ അനുജനെ ഓർത്തുള്ള മനോവിഷമം കൊണ്ട് കിടന്നു പോയതാണ് എൽദോയെന്ന് ബന്ധുക്കൾ പറയുന്നു. സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ആക്ഷേപങ്ങൾക്കും പരിഹാസത്തിനും മറുപടി നൽകാൻ പോലും കഴിയാതെ വിഷമിക്കുകയാണ് എൽദോ.മെട്രോയിലെ 'പാമ്പ്' ആരെന്ന അന്വേഷണം എത്തിച്ചത് അങ്കമാലി കിടങ്ങൂരിലെ വീട്ടിലേക്കാണ്. രണ്ടു കുട്ടികൾക്കും സംസാരിക്കാൻ കഴിയാത്ത ഭാര്യയ്ക്കുമൊപ്പമാണ് ബധിരനും മൂകനുമായ എൽദോയുടെ ജീവിതം.

എറണാകുളം ജനറൽ ആശുപത്രിയിയിൽ അത്യാസന്ന നിലയിൽ അനുജനെ കണ്ടു മടങ്ങും വഴിയാണ് മകന്റെ നിർബന്ധത്തെത്തുടർന് മെട്രോയിൽ കയറിയത്. സ്വന്തം അനുജൻ മരണത്തോട് മല്ലിടുന്നത് കണ്ടതിന്റെ വിഷമത്തിലായിരുന്നു എൽദോ എന്ന് അമ്മയും പ്രതികരിച്ചു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായി എൽദോ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫിസിലും എൽദോയെ കുറിച്ച് നല്ല അഭിപ്രായം മാത്രമാണ്. എൽദോയെ അടുത്തറിയാവുന്ന നാട്ടുകാരും ഈ പാവത്തെ ഉപദ്രവിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.