- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി മെട്രോയിലെ പത്തടിപ്പാലത്തെ മെട്രോ പാളത്തിലെ ചരിവ് മെട്രോമാന് നാണക്കേട്; തൂണിന്റെ പൈലിങ് അടിയിലെ പാറ വരെ എത്തിയിട്ടില്ലെന്നു പഠനം; ഡിഎംആർസിയെ അറിയിച്ചു തകരാറു പരിഹരിക്കാൻ നീക്കം; കെ റെയിലിന് തടസം നിൽക്കുന്ന ഇ ശ്രീധരനെതിരെ വിഷയം ആയുധമാക്കാൻ സർക്കാറും
കൊച്ചി: കൊച്ചി മെട്രോയിൽ പത്തടിപ്പാലത്തുണ്ടായ ചരിവ് മെട്രോമാൻ ഇ ശ്രീധരനെതിരെ ആയുധമാക്കാൻ സർക്കാർ നീക്കം. മെട്രോയുടെ ചരിഞ്ഞ തൂണിന്റെ പൈലുകൾ ഭൂമിയിൽ പാറയിൽ തൊട്ടിട്ടില്ലെന്നു കണ്ടെത്തൽ. പത്തടിപ്പാലത്ത് മെട്രോയുടെ 347ാം നമ്പർ തൂണിന്റെ ബലക്ഷയത്തിനു കാരണം ഇതാണെന്നാണു ജിയോ ടെക്നിക്കൽ പഠനത്തിൽ വ്യക്തമായത്. ഈ പഠന റിപ്പോർട്ടു പുറത്തുവന്നതോടെയാണ് വിഷയം മെട്രോമാനെതിരെ തിരിക്കാൻ ശ്രമം നടക്കുന്നത്.
ഡിഎംആർസിയുടെ മേൽനോട്ടത്തിലാണ് ആലുവ മുതൽ പേട്ട വരെയുള്ള 25 കിലോമീറ്റർ മെട്രോ നിർമ്മിച്ചത് എന്നതിനാൽ തകരാറിനു ഡിഎംആർസിക്ക് ഉത്തരവാദിത്തമുണ്ട്. അതിനാൽ അറ്റകുറ്റപ്പണികൾ നടത്താൻ വേണ്ടി അവരെ അറിയിച്ചിട്ടുമുണ്ട്. തൂണിന്റെ ചെരിവ് ആണെങ്കിൽ പോലും അതു പരിഹരിക്കാൻ കഴിയുമെന്നും സർവീസ് ആരംഭിച്ച് 5 വർഷം കഴിഞ്ഞു തൂണിനോ അടിത്തറയ്ക്കോ തകരാർ ഉണ്ടാവാൻ സാധ്യത കുറവാണെന്നും എൻജിനീയർമാർ അഭിപ്രായപ്പെട്ടു.
അതേസമയം കെഎംആർഎൽ ഔദ്യോഗിക വിശദീകരണം പുറത്തുവിട്ടിട്ടില്ല. 10 മീറ്റർ ആഴത്തിലുള്ള ചെളിക്കു താഴെയാണ് ഇവിടെ പാറ. ഈ പാറയിലേക്കു പൈലിന്റെ അടിഭാഗം എത്തിയിട്ടില്ല. മണ്ണിനടിയിൽ പാറ കണ്ടെത്തുന്നതുവരെ തുരന്നു പൈലടിച്ചാണു മെട്രോ തൂണുകൾ നിർമ്മിക്കേണ്ടത്. പാറയും പൈലിന്റെ അറ്റവും തമ്മിൽ ഒരു മീറ്ററോളം അന്തരമുണ്ടെന്നു സംശയിക്കുന്നു.
പാറയിൽ എത്തിയാൽത്തന്നെ പൈലിന്റെ വ്യാസത്തിന്റെ ഇരട്ടിയോളം പാറ തുരന്ന് പൈലിന്റെ അടിഭാഗം ഉറപ്പിക്കണം. പാറയിൽ ഉറപ്പിക്കാത്തതാണു തൂണിന്റെ ഒരു ഭാഗത്തു ശേഷിക്കുറവുണ്ടായി നേരിയ ചരിവുണ്ടാകാൻ കാരണമെന്നു കരുതുന്നു. ഈ തൂണിന്റെ തുടർച്ചയായി മറ്റു തൂണുകൾക്കും തകരാറുണ്ടോ എന്നു പരിശോധിച്ചിട്ടില്ല.
ഒരു മാസം മുൻപു തൂണിനു ചരിവു കണ്ടതിനെത്തുടർന്ന് മെട്രോ ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. തകരാറുണ്ടായ തൂണിനു പുതിയ പൈലുകൾ അടിച്ച് ബലപ്പെടുത്താനാണ് ആലോചന. തകരാർ പരിഹരിച്ച് ഈ പാളത്തിലൂടെ ഇനി സർവീസ് ആരംഭിക്കാൻ റെയിൽവേ സുരക്ഷാ കമ്മിഷണറുടെ അനുമതി വേണം.
ചരിഞ്ഞ തൂൺ പുതിയ പൈലുകൾ സ്ഥാപിച്ചു ബലപ്പെടുത്താനുള്ള ചുമതല എൽ ആൻഡ് ടിയെ ഏൽപിക്കാനാണു കെഎംആർഎൽ ആലോചന. എൽ ആൻഡ് ടി ആയിരുന്നു സിവിൽ നിർമ്മാണം. തകരാർ സൗജന്യമായി പരിഹരിച്ചു നൽകേണ്ട കാലാവധി കഴിഞ്ഞെങ്കിലും നിർമ്മാണക്കമ്പനിക്കു കൂടി ഉത്തരവാദിത്തമുണ്ടെന്ന വ്യവസ്ഥയോടെയാണ് എൽ ആൻഡ് ടിയെ ചുമതല ഏൽപിക്കുന്നത്. 347ാം തൂണിന്റെ പൈലുകൾക്കു ചുറ്റും അര മീറ്റർ മാറി ഒരു മീറ്റർ വ്യാസത്തിൽ നാലു പൈലുകൾ താഴ്ത്തിയാവും ചരിഞ്ഞ തൂണിന്റെ ബലക്ഷയം പരിഹരിക്കുക. പുതിയ 4 പൈലുകൾ നിലവിലുള്ള പൈൽ ക്യാപിലേക്കു ചേർത്ത് ഒന്നാക്കും. പൈൽ ക്യാപിനു മുകളിൽ 50 സെന്റീമീറ്റർ കനത്തിൽ വലിയൊരു പ്ലേറ്റ് പോലെ പുതിയ പൈൽ ക്യാപ് നിർമ്മിക്കും.
പരിശോധന പൂർത്തിയാവും വരെ പത്തടിപ്പാലം ഭാഗത്തു ട്രെയിനുകൾക്കു വേഗം കുറച്ചിട്ടുണ്ടെന്നും കെഎംആർഎൽ വ്യക്തമാക്കി ട്രാക്കിലെ ചെരിവ് തൂണിന്റെ പ്രശ്നം മൂലമാണെങ്കിൽ ചുരുങ്ങിയത് 6 മാസത്തേക്കെങ്കിലും ഈ ഭാഗത്തു മെട്രോ സർവീസ് നിർത്തിവയ്ക്കേണ്ടി വരും. ചെറിയ ചെരിവ് ഭാവിയിൽ കൂടുതൽ ഗുരുതരമാകാം. അതിനാൽ തകരാറുള്ള ഭാഗം പൂർണമായി അഴിച്ചുപണിയണം.
ഇതിന് അപ്പുറവും ഇപ്പുറവുമായി സർവീസ് നടത്താമെങ്കിലും ആലുവ ഭാഗത്ത് ഓടുന്ന ട്രെയിനുകൾ അറ്റകുറ്റപ്പണിക്കായി മുട്ടം യാഡിലേക്കു കൊണ്ടു പോകാനാവില്ല. ട്രെയിനുകൾക്ക് എല്ലാ ദിവസവും സുരക്ഷാ പരിശോധനയും ശുചീകരണവും ഉള്ളതാണ്. രണ്ടായി സർവീസ് നടത്തുമ്പോൾ കമ്യൂണിക്കേഷൻ സംവിധാനവും ട്രെയിനിന് വൈദ്യുതി നൽകുന്ന തേഡ് റെയിൽ സംവിധാനവും വിഛേദിക്കേണ്ടിവരും. ചുരുക്കത്തിൽ മെട്രോ സർവീസ് പേട്ടയിൽ നിന്നു പത്തടിപ്പാലം വരെയായി ചുരുങ്ങേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ പരിഹരിച്ചില്ലെങ്കിൽ എത്തുമെന്ന് ഉറപ്പാണ്.
മറുനാടന് മലയാളി ബ്യൂറോ