കൊച്ചി: കൊച്ചി മെട്രോ സർവീസ് പുനഃരാരംഭിക്കുന്നു. സെപ്റ്റംബർ ഏഴു മുതൽ സർവീസ് പുനഃരാരംഭിക്കുമെന്ന് കെ.എം.ആർ.എൽ. അറിയിച്ചു. അൺലോക്ക് നാലിന്റെ ഭാഗമായുള്ള മാർ​ഗ നിർദ്ദേശം കേന്ദ്രസർക്കാർ പുറത്തിറക്കിയതിന് പിന്നാലെയാണ് തീരുമാനം. ആദ്യ ഘട്ടത്തിൽ രാവിലെ ഏഴ് മണി മുതൽ രാത്രി എട്ടു മണിവരെ ഇരുപത് മിനിറ്റ് ഇടവേളയിലാണ് മെട്രോ സർവീസ് നടത്തുക.

സാമൂഹിക ആകലം പാലിച്ച് യാത്രക്കാർക്ക് ഇരിക്കുന്നതിനുള്ള സ്ഥലങ്ങൾ മെട്രോയ്ക്ക് അകത്ത് രേഖപ്പെടുത്തിയതായി കെ.എം. ആർ.എൽ. എം.ഡി. അൽകേഷ് കുമാർ ശർമ പറഞ്ഞു. ആലുവയിൽനിന്നും തൈക്കുടത്തുനിന്നുമുള്ള അവസാന ട്രിപ്പ് രാത്രി എട്ടു മണിക്ക് പുറപ്പെടും. ഓരോ സ്റ്റേഷനിലും ഇരുപത് സെക്കൻഡ് വീതം നിർത്തിയിട്ട്, വായുസഞ്ചാരം ഉറപ്പാക്കിയാകും സർവീസ് നടത്തുക.