കൊച്ചി: കൊച്ചി മെട്രോയുടേത് അടക്കം സംസ്ഥാന സർക്കാറിന് കീഴിലുള്ള വെബ്‌സൈറ്റുകൾക്ക് നേരെ ഹാക്കർമാരുടെ ആക്രമണം. 20തോളം വെബ്‌സൈറ്റുകൾക്ക് നേരെയാണ് സൈബർ ആക്രമണം ഉണ്ടായത്. ഹാക്ക് ചെയ്ത ശേഷം വൈബ്‌സൈറ്റുകളിൽ ചിത്രത്തോടൊപ്പം പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ പാക്കിസ്ഥാനി ഹാക്കർമാരാണ് വെബ്‌സൈറ്റുകൾക്ക് നേരെ ആക്രമണം നടത്തിയതെന്നാണ് വിലയിര്ുത്തൽ.

സംസ്ഥാന സർക്കാറിന് വേണ്ടി സി ഡിറ്റ് രൂപകൽപ്പന ചെയ്തത സൈറ്റുകളിലാണ് പാക് സംഘം നുഴഞ്ഞു കയറിയത്. സി ഡിറ്റ് തന്നെയാണ് ഇവയുടെ സെർവർ സൂക്ഷിക്കുന്നതും. കൊച്ചി മെട്രോയുടെ സൈറ്റിൽ ഹാക്ക് ചെയ്ത ശേഷം പാക്കിസ്ഥാൻ സിന്ദാബാദ് എന്ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. പാക്കിസ്ഥാൻ കേന്ദ്രമായ സംഘമാണ് സർക്കാർ വെബ് സൈറ്റുകളിൽ നുഴഞ്ഞുകയറിയതെന്നാണ് പ്രഥമിക സൂചന.

എങ്കിലും ഇവരുടെ ഉദ്ദേശ്യമെന്താണ് എന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. സംഭവം അറിഞ്ഞ ഉടൻ തന്നെ മെട്രോ അധികൃതർ പൊലീസിൽ പരാതി നൽകി. നേരത്തേ 2013 ലും മെട്രോയുടെ സൈറ്റ് ഹാക്ക് ചെയ്തിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുൻപായിരുന്നു ഇത്. നേരത്തെ മലയാള നടൻ മോഹൻലാലിന്റെ വെബ്‌സൈറ്റും പാക്കിസ്ഥാന്റെ സൈബർ ആർമ്മി ആക്രമിച്ചിരുന്നു.