- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിൽ മോഡലുകളുടെ മരണം: കായലിലെ തിരച്ചിൽ അവസാനിപ്പിച്ചു; നിർണായക ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് കാണാമറയത്ത്; ചോദ്യം ചെയ്യലിന് സൈജു തങ്കച്ചൻ ഹാജരായില്ല; അന്വേഷണം ഇഴയുന്നു
കൊച്ചി: പാലാരിവട്ടത്ത് മോഡലുകളായ അൻസി കബീർ, അഞ്ജന ഷാജൻ എന്നിവർ കാറപകടത്തിൽ കൊല്ലപ്പെട്ട കേസിൽ നമ്പർ 18 ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളുള്ള ഹാർഡ് ഡിസ്കിനു വേണ്ടി കായലിൽ നടത്തിയ തിരച്ചിൽ അന്വേഷണ സംഘം അവസാനിപ്പിച്ചു.
ഇതു കായലിൽ വലിച്ചെറിഞ്ഞെന്ന മൊഴിയെത്തുടർന്നു മൂന്ന് ദിവസം കായലിൽ തിരച്ചിൽ നടത്തിയിരുന്നു. അതേസമയം അപകടത്തിൽ മരിച്ചവരുടെ വാഹനത്തെ പിന്തുടർന്ന സൈജു തങ്കച്ചൻ ഇതുവരെ ചോദ്യം ചെയ്യലിന് ഹാജരായില്ല.
അതേ സമയം മോഡലുകളുടെ മരണം സംബന്ധിച്ച് ഹോട്ടൽ ഉടമ റോയ് വയലാറ്റിനെ എക്സൈസ് ചോദ്യം ചെയ്യും. ഹോട്ടലിൽ ലഹരിപാർട്ടി നടന്നിട്ടുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് എക്സൈസ് നീക്കം. നമ്പർ 18 ഹോട്ടലിന്റെ ബാർ ലൈസൻസ് റദ്ദ് ചെയ്യണമെന്ന പരാതിയിൽ ജില്ല എക്സൈസ് മേധാവി എക്സൈസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകും.
റിപ്പോർട്ടിലും ഹോട്ടലിനെതിരെ ഗുരുതര പരാമർശങ്ങൾ ഉണ്ട്. ഒക്ടോബർ 23 ന് സമയം ലംഘിച്ച് മദ്യം വിളമ്പിയതിന് ഹോട്ടലിനെതിരെ കേസ് എടുത്തിരുന്നു. എന്നാൽ ഒക്ടോബർ 31 ന് സമയം ലംഘിച്ച് ഹോട്ടലിൽ വീണ്ടും മദ്യം വിളമ്പിയതായി എക്സൈസ് കണ്ടെത്തി.
കാറപകടത്തിൽ മരിച്ച മുൻ മിസ് കേരള അടക്കമുള്ള മോഡലുകൾക്ക് ഹോട്ടലുടമ മദ്യവും മയക്കുമരുന്നും നൽകി എന്ന നിഗമനത്തിൽ പൊലീസും എത്തിയിരുന്നു. ഇക്കാര്യങ്ങൾ പുറത്ത് വരാതെ ഇരിക്കാനാണ് ദൃശ്യങ്ങൾ നശിപ്പിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്
മുൻ മിസ് കേരളയും സുഹൃത്തുക്കളും കാറപകടത്തിൽ കൊല്ലപ്പെടും മുൻപു പങ്കെടുത്ത ഡിജെ പാർട്ടി നടന്ന ഹോട്ടലിലെ ഹാർഡ് ഡിസ്ക് കണ്ണങ്കാട്ട് പാലത്തിൽ നിന്നു കായലിൽ എറിഞ്ഞു കളഞ്ഞുവെന്നാണ് ഹോട്ടൽ ജീവനക്കാരുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ ഫയർഫോഴ്സിന്റെയും മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെ പൊലീസ് വ്യാപക തിരച്ചിൽ നടത്തി. മത്സ്യത്തൊഴിലാളികളുടെ വലയിൽ ഹാർഡ് ഡിസ്ക് പോലെ ഒരു വസ്തു കുടുങ്ങിയെന്നും അത് എറിഞ്ഞുകളഞ്ഞെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലും തിരച്ചിൽ നടന്നു. എന്നാൽ ഹാർഡ് ഡിസ്ക് കണ്ടെടുക്കാനായില്ല.
ഇതേത്തുടർന്നാണ് ഹാർഡ് ഡിസ്കിന് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് അവസാനിപ്പിച്ചത്. ഹാർഡ് ഡിസ്ക് കായലിൽ എറിഞ്ഞുവെന്നത് പച്ചക്കള്ളമാണെന്ന് ഇന്നലെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. വിഐപിയെ രക്ഷിക്കാനാണ് ഈ ഹാർഡ് സിസ്കുകൾ മാറ്റിയത്. നാടകം കളിച്ച് അത് കായലിൽ എറിഞ്ഞുവെന്ന് വരുത്തുകയായിരുന്നു നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിൽ എന്നായിരുന്നു റിപ്പോർട്ട്. ഈ ഹാർഡ് ഡിസ്ക് ഉപയോഗിച്ച് ഭാവിയിൽ വിഐപിയെ ബ്ലാക് മെയിൽ ചെയ്യാനും കഴിയും. ഈ വാർത്തയ്ക്ക് പിന്നാലെയാണ് മത്സ്യത്തൊഴിലാളിയുടെ അവകാശ വാദം എത്തിയത്. ഇതിന് പിന്നിലും ചില ഉന്നതരാണെന്നാണ് സൂചന.
അപകടത്തിൽ ദുരൂഹതയുണ്ടെന്നും നമ്പർ 18 ഹോട്ടലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ ശേഖരിക്കപ്പെട്ട ഹാർഡ് ഡിസ്ക് കണ്ടെത്തിയാൽ ദുരൂഹതയുടെ ചുരുളഴിയുമെന്നതും വസ്തുതയാണ്. ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപത്തുവച്ചാണു തിങ്കളാഴ്ച ഹാർഡ് ഡിസ്ക് കിട്ടിയതെന്നും അതു തിരികെയിട്ടെന്നുമാണു തൊഴിലാളികൾ പറഞ്ഞത്. ഇതേത്തുടർന്നാണു കായലിൽ സ്കൂബ ഡൈവിങ് സംഘത്തെക്കൊണ്ടു പൊലീസ് തെരച്ചിൽ നടത്തിയത്. എന്നാൽ ഒന്നും കിട്ടിയില്ല.
ഡിസ്ക് വലയിൽ കുടുങ്ങിയെന്നു പറഞ്ഞ തോപ്പുംപടി സ്വദേശിയേയും തെരച്ചിലിൽ ഒപ്പംകൂട്ടി. ഹാർഡ് ഡിസ്കിന്റെ ചിത്രം പൊലീസ് അജയനെ കാണിച്ചു. അതുപോലൊന്നാണു വലയിൽ കിട്ടിയതെന്നായിരുന്നു മറുപടി. ഈ മൊഴിയിലും പൊലീസിന് സംശയം ഏറെയാണ്. യഥാർഥ ഹാർഡ് ഡിസ്ക് ഇപ്പോഴും സുരക്ഷിതമായി എവിടെയോ ഉണ്ടെന്നായിരുന്നു മറുനാടൻ റിപ്പോർട്ട്. ഈ സംശയത്തിലേക്ക് അന്വേഷണമെത്തിയാൽ വീണ്ടും പ്രമുഖർ കുടുങ്ങും. ഇത് മനസ്സിലാക്കിയാണ് പുതിയ കഥ എത്തിയത്.
സംഭവത്തിനു മുമ്പുള്ള രാത്രിയിൽ ഹോട്ടലിൽ നടന്നതെന്താണെന്നു തിരിച്ചറിയാൻ ഹാർഡ് ഡിസ്കിലെ വിവരങ്ങൾ ഉപകരിക്കുമായിരുന്നു. പാർട്ടിയിൽ പങ്കെടുത്തവരിൽ നിന്ന് എന്തെങ്കിലും വിവരം കിട്ടുമോ എന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. ഡിസ്ക് കായലിലെറിയാനായി സഞ്ചരിച്ചെന്നു ഹോട്ടൽ ജീവനക്കാർ പറഞ്ഞ ഇന്നോവ കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മിസ് കേരള മത്സര ജേതാക്കളായ മോഡലുകളുടെ അപകട മരണത്തിൽ ദുരൂഹതയില്ലെന്ന അന്വേഷണ സംഘത്തിന്റെ ആദ്യ നിലപാടു തിരുത്തി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു രംഗത്തു വന്നിരുന്നു.
അതേസമയം കാറപകടത്തിൽ കൊല്ലപ്പെട്ട മോഡലുകളെ പിന്തുടർന്ന സൈജു തങ്കച്ചൻ ഇതുവരെയും ചോദ്യം ചെയ്യലിന് ഹാജരായില്ല. 24 മണിക്കൂറിനുള്ളിൽ ഹാജരാകണമെന്ന് കാട്ടി പൊലീസ് സൈജുവിന് നോട്ടിസ് നൽകിയിരുന്നു. കൊച്ചിയിൽ ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്യുന്ന സൈജു നമ്പർ 18 ഹോട്ടലിൽ സ്ഥിരമായി ഡിജെ പാർട്ടിക്ക് എത്താറുണ്ട്. അന്വേഷണത്തിൽ കാര്യമായ പുരോഗതി നേടാനായിട്ടില്ല.
അപകടത്തിൽപെട്ടവർ മദ്യപിച്ച് അമിത വേഗത്തിൽ വാഹനമോടിച്ചപ്പോൾ അവർക്ക് മുന്നറിയിപ്പു നൽകുക മാത്രമാണു ചെയ്തതെന്നും അവരെ പിന്തുടർന്നില്ലെന്നുമാണ് സൈജു കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലുള്ളത്. അപകടത്തിൽ ദൂരൂഹതയില്ലെന്നും കേസിന് ആവശ്യമായ ദൃശ്യങ്ങൾ ഹോട്ടലിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ