- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിലെ മോഡലുകളുടെ മരണം; കായലിൽ ഡിവിആറിനായി തിരച്ചിൽ; നീക്കം കായലിന്റെ മധ്യഭാഗത്ത് ഉപേക്ഷിച്ചെന്ന ജീവനക്കാരുടെ മൊഴി കണക്കിലെടുത്ത്; മറ്റേതെങ്കിലും കേന്ദ്രത്തിൽ ഒളിപ്പിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കും
കൊച്ചി: പാലാരിവട്ടത്ത് മുൻ മിസ് കേരള അൻസി കബീർ ഉൾപ്പെടെയുള്ളവർ റോഡ് അപകടത്തിൽ മരിക്കാൻ ഇടയായ സംഭവത്തിൽ, പ്രതികൾ കായലിൽ ഉപേക്ഷിച്ചെന്ന് മൊഴി നൽകിയ ഹാർഡ് ഡിസ്ക് കണ്ടെത്താൻ നീക്കം. ഇതിനായി പൊലീസ് കായലിൽ തിരച്ചിൽ ആരംഭിച്ചു. ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപമാണ് തിരച്ചിൽ നടത്തുന്നത്.
ഫയർ ഫോഴ്സിന്റെ സ്കൂബ ഡൈവിങ് ടീമാണ് ഇപ്പോൾ പരിശോധന നടത്തുന്നത്. ഡിവിആർ എറിഞ്ഞതായി ജീവനക്കാർ കാണിച്ചുകൊടുത്ത ഭാഗത്താണ് ഇപ്പോൾ പരിശോധന. വലിയ ഒഴുക്കുള്ള മേഖലയായതിനാലും ഡിവിആർ കായലിൽ എറിഞ്ഞ് നിരവധി ദിവസങ്ങൾ കഴിഞ്ഞതുകൊണ്ടും സിസിടിവി ദൃശ്യങ്ങളടങ്ങിയ ഡിവിആർ ലഭിക്കാനുള്ള സാധ്യത കുറവാണ്. എങ്കിലും വിശദമായ പരിശോധനയാണ് നടക്കുന്നത്.
ഡിവിആർ കായലിൽ എറിഞ്ഞെന്ന് മൊഴി നൽകിയ ഹോട്ടൽ ജീവനക്കാരുടെ സാന്നിധ്യത്തിലാണ് പരിശോധന. മൊഴി നൽകിയ പ്രതികളായ മെൽവിൻ, വിഷ്ണുരാജ് എന്നിവരാണ് പൊലീസിനൊപ്പമുള്ളത്. ജാമ്യ നടപടിയുടെ ഭാഗമായി പൊലീസ് സ്റ്റേഷനിൽ ഒപ്പുവയ്ക്കാൻ എത്തിയപ്പോഴാണ് പൊലീസ് ഇവരുമായി പാലത്തിലേക്ക് തിരിച്ചത്.
കായലിന്റെ മധ്യഭാഗത്ത് ഡിവിആർ ഉപേക്ഷിച്ചു എന്നാണ് മൊഴി. കേസിൽ ഇത് കണ്ടെടുക്കുക എന്നത് നിർണായകമാണ്. ഹോട്ടലിൽ നടന്നതായി പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന ലഹരിയുടെ ഉപയോഗം സംബന്ധിച്ച തെളിവുകൾ അടങ്ങിയ ദൃശ്യങ്ങൾ ഇതിലുണ്ട് എന്നാണ് നിഗമനം.
കാറപകടത്തിൽ മരിച്ച മുൻ മിസ് കേരള അടക്കമുള്ള മോഡലുകൾക്ക് ഹോട്ടലുടമ മദ്യവും മയക്കുമരുന്നും നൽകി എന്ന നിഗമനത്തിലാണ് പൊലീസ്. ഇക്കാര്യങ്ങൾ പുറത്ത് വരാതെയിരിക്കാനാണ് ദൃശ്യങ്ങൾ നശിപ്പിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ഡിവിആർ യഥാർഥത്തിൽ കായലിൽ എറിയുകയായിരുന്നോ അതോ മറ്റേതെങ്കിലും കേന്ദ്രത്തിൽ ഒളിപ്പിച്ചിട്ടുണ്ടോ എന്ന സംശയവും പൊലീസിനുണ്ട്. അതിനായി ഹോട്ടൽ ഉടമ റോയിയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളിൽ കൂടി പൊലീസ് പരിശോധന നടത്തും.
അതേസമയം, കേസേറ്റെടുത്ത ക്രൈം ബ്രാഞ്ച് ഡിജെ പാർട്ടിയിൽ പങ്കെടുത്തവരുടെ ചോദ്യം ചെയ്യൽ തുടങ്ങി. നമ്പർ 18 ഹോട്ടലിലെ ലഹരി ഇടപാടിനെ കുറിച്ച് സൂചന നൽകുന്നതാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും പൊലീസ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. നിശാ പാർട്ടികൾ നടന്ന രണ്ട് ഹാളിലെയും ഇവിടേക്കുള്ള പ്രവേശന കവാടത്തിലുമുള്ള ദൃശ്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്.
മോഡലുകൾക്ക് ലഹരി നൽകിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ ഇവിടങ്ങളിലെ ദൃശ്യങ്ങളിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഹോട്ടലിൽ വെച്ച് മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
കേസിൽ സൈജു എന്ന യുവാവിനെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചതിൽ ദുരൂഹത തുടരുകയാണ്. മോഡലുകളുടെ വാഹനത്തെ പിന്തുടർന്ന കാക്കനാട് സ്വദേശി സൈജുവിനെ ഒരു തവണ ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു. വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും സൈജു എത്തിയില്ല. സൈജുവിന്റെ ഫോണും സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിൽ ആണ്.
സൈജുവിനോട് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകുമെന്ന് പറഞ്ഞെങ്കിലും അതിനു മുൻപേ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. നമ്പർ 18 ഹോട്ടലുടമ റോയിയും ജീവനക്കാരും കേസിൽ പ്രതികൾ ആകുമ്പോഴും സംഭവത്തിൽ അതിനേക്കാൾ കൂടുതൽ ഉൾപ്പെട്ടിട്ടുള്ള സൈജു പ്രതിയല്ല എന്നതാണ് ശ്രദ്ധേയം.
റോയി അടക്കമുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കോടതിയിൽ ഇക്കാര്യം പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. കേസിലെ ഈ പഴുതു തന്നെയായിരുന്നു പ്രതികൾക്കെല്ലാം ജാമ്യം കിട്ടുന്നതിന്റെ പ്രധാന കാരണവും. മോഡലുകൾ കൊല്ലപ്പെട്ടതിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറയുമ്പോഴും ഇതിലേക്ക് നയിച്ച കാരണങ്ങൾ തുടങ്ങുന്നത് ഹോട്ടലിൽ നിന്നാണെന്ന് അടിവരയിടുന്നുണ്ട്.
എന്നാൽ അവിടെയും പിന്നീട് കാറിന് പിറകിലും ഒരുപോലെ സഞ്ചരിച്ച ഒരാളെ എന്തുകൊണ്ട് പൊലീസ് ഒഴിവാക്കുന്നു എന്നതാണ് ഉത്തരമില്ലാത്ത ചോദ്യം. മോഡലുകൾക്ക് ലഹരിമരുന്നുകൾ വാഗ്ദാനം ചെയ്ത് തന്റെ വീട്ടിലേക്ക് സൈജു ക്ഷണിച്ചതായി അപകടത്തിൽ നിന്ന് രക്ഷപ്പെട്ട റഹ്മാൻ തന്നെ മൊഴി നൽകിയിട്ടുണ്ട്. എന്നിട്ടും ഇയാളെ ഒഴിവാക്കുന്നത് ഹോട്ടലുടമ റോയിക്കെതിരെ മൊഴിനൽകി മാപ്പുസാക്ഷി ആക്കാൻ വേണ്ടിയാണെന്നാണ് പ്രതിഭാഗം ഉന്നയിക്കുന്ന ആരോപണം.
മറുനാടന് മലയാളി ബ്യൂറോ