തിരുവനന്തപുരം: പിടിയിൽ ആകുമെന്ന് കണ്ടാൽ അപ്പോൾ സിപ്‌സി വിവസ്ത്ര ആകാൻ നോക്കും. ആ പതിവ് ഇത്തവണയും തെറ്റിച്ചില്ല.കൊച്ചിയിൽ ഒന്നരവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് കുഞ്ഞിന്റെ മുത്തശ്ശിയായ അങ്കമാലി സ്വദേശിനി സിപ്സിയെ ശനിയാഴ്ച രാവിലെ തിരുവനന്തപുരം ബീമാപള്ളി പരിസരത്തുനിന്ന് പൊലീസ് പിടികൂടിയത്. എന്നാൽ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സിപ്സി വിവസ്ത്രയാകാൻ ശ്രമിച്ചു. പൊലീസുകാരെ തെറിയിൽ കുളിപ്പിച്ചു. അവരെ ശാന്തയാക്കാൻ പൊലീസ് പെടാപാട് പെട്ടു.

വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തിയ സിപ്സി തമ്പാനൂരിലെ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചിരുന്നു. തുടർന്ന് ശനിയാഴ്ച രാവിലെയാണ് വേഷംമാറി ബീമാപള്ളി പരിസരത്ത് എത്തിയത്. പൊലീസിന് രഹസ്യവിവരം ലഭിച്ചതോടെയാണ് ഇവിടെവെച്ച് സിപ്‌സിയെ കസ്റ്റഡിയിലെടുത്തത്. മിനി എന്ന സുഹൃത്ത് ബീമാപള്ളി ഭാഗത്തുണ്ടെന്നും ഇവർവഴി ഒളിവിൽ കഴിയാനുള്ള സൗകര്യം ലഭിക്കുമെന്ന് കരുതിയാണ് തിരുവനന്തപുരത്ത് എത്തിയതെന്നുമാണ് സിപ്സി പൊലീസിന് നൽകിയ മൊഴി. സിപ്സിക്ക് മയക്കുമരുന്ന് ഇടപാടുകളിലടക്കം പങ്കുള്ളതിനാൽ, ഇവരുടെ സുഹൃത്ത് ആരാണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ മിനി ആരാണെന്ന് കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

വിവസ്ത്രയാകൽ പതിവ് പരിപാടി

  രക്ഷപെടാൻ ഇവർ ചെയ്ത വിക്രിയകൾ പൊലീസിനെ വല്ലാതെ വിഷമിപ്പിട്ടുണ്ട്. ഒരിക്കൽ പൊലീസ് ലോക്കപ്പിലാക്കിയപ്പോൾ വസ്ത്രം ഊരിമാറ്റി, ദേഹത്താകെ സ്വന്തം മലംപുരട്ടി ഇവർ ഇറങ്ങിയോടി. മറ്റൊരവസരത്തിൽ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന് മുകളിൽക്കയറി ആത്മഹത്യഭീഷണി മുഴക്കി. വാറണ്ടുമായി പൊലീസ് എത്തിയാൽ സ്വയം വിവസ്ത്രയായി താമസ്ഥലത്തുനിന്നും ഇറങ്ങി ഓടുന്നതാണ് ഇവരുടെ പ്രധാന അടവ്.

പിടികൂടാനെത്തിയ പൊലീസുകാർ ഉപദ്രവിച്ചതായി നാട്ടുകാരെ ബോദ്ധ്യപ്പെടുത്തി, പീഡനക്കേസ്സിൽ കുടുക്കുകയാണ് സിഫ്‌സി ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് പറയുന്നത്. ഒരിക്കൽ കൊച്ചിയിൽ പൊലീസ് പിടികൂടിയപ്പോൾ സ്റ്റേഷൻ കെട്ടിടത്തിന്റെ മുകളിൽക്കയറി ആത്മഹത്യഭീഷണി മുഴക്കിയിരുന്നു.

കഴിഞ്ഞ വർഷം ജനുവരിയിൽ, അങ്കമാലിയിൽ വച്ച് സ്‌കൂട്ടർ യാത്രികയെ നടുറോഡിൽ ഇടിച്ചുവീഴ്‌ത്തി മർദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്ത സംഭവത്തിൽ സിപ്സി അറസ്റ്റിലായിരുന്നു. അന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്. അങ്കമാലി പാറക്കടവ് വട്ടപറമ്പ് കരയിൽ പൊന്നാടത്ത് വീട്ടിൽ സാജുവിന്റെ മകൾ കൊച്ചുത്രേസ്യ എന്ന സിപ്സി നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്.

അങ്കമാലി ടി.ബി. ജങ്ഷനിലായിരുന്നു 20121 ജനുവരി ഉച്ചയ്ക്ക് നടന്ന സംഭവം. സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സിപ്സി മുന്നിൽ മറ്റൊരു സ്‌കൂട്ടറിൽ പോയ 20കാരിയെ ഇടിച്ചിടുകയായിരുന്നു. തനിക്ക് കടന്നു പോകാൻ സൈഡ് നൽകിയില്ല എന്നാരോപിച്ച് അസഭ്യ വർഷത്തോടെ ഇവർ യുവതിയെ ആക്രമിക്കുകയായിരുന്നു. യുവതിയെ മർദിക്കുകയും കഴുത്തിൽ പിടിച്ച് ശ്വാസംമുട്ടിക്കുകയും അസഭ്യം പറഞ്ഞ് യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. സംഭവം കണ്ട നാട്ടുകാർ ഉടൻതന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വനിതാ പൊലീസുൾപ്പെടെ സ്ഥലത്തെത്തിയെങ്കിലും സിപ്സി പിടികൊടുത്തില്ല. ഒടുവിൽ സാഹസികമായാണ് സിപ്സിയെ പൊലീസ് പിടികൂടിയത്. സംഭവത്തിൽ സാരമായി പരിക്കേറ്റ സ്‌കൂട്ടർ യാത്രികയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിനിടെ, പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച സിപ്സി അവിടെയും പരാക്രമം തുടർന്നു. പൊലീസ് സ്റ്റേഷനിൽവെച്ച് ഇവർ സ്വയം വസ്ത്രം വലിച്ചുകീറി ബഹളംവെച്ചു. ഒടുവിൽ വനിതാ പൊലീസുകാരടക്കം ഏറെ പണിപ്പെട്ടാണ് പ്രതിയെ ശാന്തയാക്കിയത്.

കസ്റ്റഡിയിലെടുത്ത ശേഷം സ്റ്റേഷനിലെത്തിച്ച സിപ്‌സി പൊലീസിനെ നന്നായി വട്ടംചുറ്റിക്കുകയും ചെയ്തു. കോവിഡ് പരിശോധനയ്ക്കുമുമ്പായി കസ്റ്റഡിയിലെടുക്കുന്നവരെ സൂക്ഷിക്കുന്നതിനായി സ്റ്റേഷനിൽ ഒരുമുറി ഒരുക്കിയിരുന്നു. ഈ മുറിയിലാണ് സിഫ്‌സിയെ ആദ്യം എത്തിച്ചത്. ഇവിടെ എത്തിയപാടെ സിപ്‌സി ബഹളം വയ്ക്കാൻ തുടങ്ങി.

പുരുഷപൊലീസുകാരും സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയ നിരവധിപേരും നോക്കിനിൽക്കെ സിഫ്‌സി സ്വയം വിവസ്ത്രയായി. ഏറെ പണിപ്പെട്ടാണ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസുകാർ ഈ നീക്കം തടഞ്ഞത്. കോവിഡ് ടെസ്റ്റിനായി ആശുപത്രിയിൽ എത്തിച്ചപ്പോൾ ഇവർ പൊലീസ് നീക്കത്തിനെതിരെ വീണ്ടും പ്രതിഷേധമുയർത്തി. താൻ കോവിഡ് ടെസ്റ്റിന് തയ്യാറല്ലെന്ന നിലപാടിലായിരുന്നു സിപ്‌സി.