തിരുവനനന്തപുരം: മുപ്പത്തിയഞ്ചു വർഷങ്ങളിലേറെയായി കലാരംഗത്തു സജീവമായിരുന്നിട്ടും അനന്തപുരം സ്വദേശിയായിരുന്നിട്ടും ഐഎഫ് എഫ് കെയിൽ ഒരു പുതുമുഖമാണ് താൻ എന്നാണ് കൊച്ചു പ്രേമൻ പറയുന്നത്. കഴിഞ്ഞ വർഷമാണ് കൊച്ചു പ്രേമൻ ആദ്യമായി അന്താരാഷ്ട്ര മേളയിൽ എത്തുന്നത്. അതിനൊരു കാരണമുണ്ട്. മറുനാടനോട് അക്കാര്യം കൊച്ചു പ്രേമൻ വെളിപ്പെടുത്തുന്നു

ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ തിയറ്ററിനടുത്തു തന്നെയാണ് കൊച്ചു പ്രേമന്റേയും വീട്. ചലച്ചിത്രമേള നടക്കുമ്പോഴൊക്കെ ഈ വഴി കടന്നു പോകാറുമുണ്ട് , പക്ഷേ അപ്പോഴൊന്നും ഇത് തനിക്കൊന്നും പറ്റിയതല്ല എന്നാണ് കരുതിയിരുന്നത്. സിനിമയിൽ ഹാസ്യവേഷങ്ങളിൽ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന താൻ എന്തിനാണ് മേളയിലൊക്കെ വരുന്നതെന്നാണ് ചിന്തിച്ചിരുന്നത്. 

ചലച്ചിത്രമേളയുടെ മഹത്വം അറിയില്ലായിരുന്നു എന്നതാണ് വാസ്തവം. അങ്ങിനെയിരിക്കെയാണ് തന്റെ ഒരു വ്യത്യസ്ത വേഷവുമായി രൂപാന്തരം എന്ന ചിത്രം എത്തുന്നത്. അതിൽ സീരിയസായ ഒരു വേഷമാണ് ചെയ്തത്. രൂപാന്തരം ഇന്ത്യൻ പനോരമയിൽ ഇടം നേടി. നായകൻ എന്ന നിലയിൽ ചലച്ചിത്രമേളകളിൽ പങ്കെടുത്തപ്പോഴാണ് ചലച്ചിത്രമേളകളെ കുറിച്ച് തനിക്ക് തിരിച്ചറിവുണ്ടാകുന്നത്.

ഐ ഐ എഫ് കെ യിലെ മാറ്റങ്ങളെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ് കൊച്ചുപ്രേമന് പറയാനുള്ളത്. മാറ്റങ്ങൾ എല്ലാ കാലത്തുമുണ്ടാകും, കഴിഞ്ഞ 22 വർഷമായ് നിരവധി മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഓരോ മാറ്റങ്ങളും മേളയെ മികവുറ്റതാക്കുന്നു. തന്റെ വീട്ടുമുറ്റത്താണ് ഐ എഫ് കെ നടക്കുന്നത് അതുകൊണ്ടുതന്നെ വേദിയിൽ എത്തിയില്ലയെങ്കിൽ പോലും താൻ ഇതിന്റെ ഭാഗമാണെന്നും കൊച്ചുപ്രേമൻ പറയുന്നു.

സിനിമാക്കാരെ സംബന്ധിച്ച് ഫിലിം ഫെസ്റ്റിവൽ എന്നത് ഒരു മാമാങ്കം തന്നെയാണ്. ചലച്ചിത്ര പ്രേമികൾക്ക് മികവുറ്റ സിനിമകൾ കാണാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. എന്നാൽ വെറുതെ സമയം കളയാനെത്തുന്ന ചില ഫെസ്റ്റിവൽ കുഞ്ഞുങ്ങളോട് എനിക്കൊന്നും പറയാനില്ലായെന്നും പ്രേമം പറഞ്ഞു.

ഫെസ്റ്റിവൽ കാണാനായി എത്തുന്നവരുടെ നാലിൽ ഒരു ഭാഗം ആളുകൾ സിനിമ കാണാൻ തിയറ്ററുകളിൽ എത്തിയിരുന്നെങ്കിൽ നല്ല സംവിധായകരും നല്ല ടെക്‌നിഷ്യന്മാരും നല്ല സിനിമയുമൊക്കെ തിരിച്ചറിയപ്പെട്ടേനെ.സ്റ്റാൻഡേർഡ് സിനിമകൾ മാത്രമേ കാണു അതുകൊണ്ടാണ് ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതെന്നുമുള്ള നിലപാടിനോട് കൊച്ചുപ്രേമൻ യോജിക്കുന്നില്ല.

ഫിലിം ഫെസ്റ്റിവൽ അവസാനിക്കാറായിട്ടും സിനിമയിലെ മുൻനിര നായകന്മാരേയോ നായികമാരെയോ വേദിയിൽ കാണാനില്ലായെന്നത് ഒരു കുറവ് തന്നെയാണ്. എന്തുകൊണ്ടാണ് അവരുടെ പങ്കാളിത്വം ഉറപ്പുവരുത്താൻ കഴിയാതെ പോകുന്നത്. ഇത്രയേറെ ചലച്ചിത്ര പ്രേമികൾ വന്നെത്തുന്ന ഇത്രയും സ്വീകാര്യതയുള്ള ഒരു ചലച്ചിത്ര മേളയിൽ നിന്ന് എന്തുകൊണ്ടാണ് മുൻനിര നടീനടന്മാർ വിട്ടുനിക്കുന്നത്.ഫെഫ്ക്ക പോലുള്ള സംഘടനകൾക്ക് ഇതിൽ ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂ ജനറേഷൻ സിനിമയിൽ പുതുമുഖങ്ങളെ മാത്രം ഉൾക്കൊള്ളിക്കുന്നതിനോട് കൊച്ചുപ്രേമൻ യോജിക്കുന്നില്ല. നിരവധി ന്യൂജൻ സിനിമകൾ താൻ കണ്ടിട്ടുണ്ടെന്നും മിക്ക സിനിമകളും മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ ഇത്തരം സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തുന്ന താരങ്ങൾക്ക് എത്രകാലം സിനിമയിൽ പിടിച്ചു നിൽക്കാൻ കഴിയുന്നു എന്നത് ചിന്തിക്കേണ്ട വിഷയമാണ്.

ചലച്ചിത്ര മേളയിൽ ഏറെ ചർച്ചചെയ്യപ്പെട്ട വിഷയമായിരുന്നു സുരഭിയെ അവഗണിച്ചുവെന്നത്. മലയാള സിനിമക്ക് മികച്ച സംഭാവന നേടിക്കൊടുത്തവരെ വേണ്ടരീതിയിൽ പരിഗണിക്കണമെന്നും അവരുടെ സാന്നിദ്ധ്യം ഉറപ്പുവരുത്താൻ സംഘടന ശ്രമിക്കണമെന്നും കൊച്ചുപ്രേമൻ അഭിപ്രായപ്പെട്ടു. ഇതിലൂടെ വിവാദങ്ങൾ ഒഴിവാക്കാനല്ലാതെ മറ്റൊരു നഷ്ടവും ഉണ്ടാകില്ലായെന്നും കൊച്ചുപ്രേമൻ പറഞ്ഞു.