തിരുവനന്തപുരം: ചുംബന സമരത്തിന്റെ നായകനായ രാഹുൽ പശുപാലനും ഭാര്യ രശ്മി ആർ നായരും എസ്‌കോർട്ടിംഗിനായി സ്ഥിരമായി ഉപയോഗിച്ചിരുന്നത് ഫേസ്‌ബുക്കിലെ 'കൊച്ചു സുന്ദരി' എന്ന ക്ലോസ്ഡ് ഗ്രൂപ്പിനെ ആയിരുന്നു. ഈ ഗ്രൂപ്പിലെ അംഗങ്ങളായിരുന്നവരുടെ പ്രവർത്തനങ്ങൾ സൂക്ഷ്്മമായി നിരീക്ഷിച്ചപ്പോഴാണ് രാഹുൽ പശുപാലനും ഭാര്യയും അടക്കമുള്ളവരെ കുടുക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയത്. ഈ പേജിൽ നിന്നുള്ള സ്‌ക്രീൻഷോട്ടുകൾ പലതും ഫേസ്‌ബുക്കിൽ തന്നെ ഷെയർ ചെയ്യപ്പെടുന്നുണ്ട്.

നേരത്തെ സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് ഈ പേജ് നേരത്തെ പൂട്ടിച്ചതാണ്. എന്നാൽ മറ്റ് പല പേരുകളിലും ഇത്തരം ഗ്രൂപ്പുകൾ ഉണ്ടായി. ഫേസ്‌ബുക്കിൽ കൊച്ചുസുന്ദരി എന്ന പേരിൽ മറ്റൊരു ഗ്രൂപ്പ് കൂടിയുണ്ട്. പേര് കേട്ടിട്ട് രാഹുൽ പശുപാലൻ അഡ്‌മിനായിരുന്ന പഴയ ഗ്രൂപ്പാണ് ഇത് എന്ന് കരുതരുത്. ഈ ഗ്രൂപ്പിന്റെ അഡ്‌മിൻ രാഹുൽ പശുപാലൻ അല്ല. അർജുൻ വടക്കേ എന്നയാളാണ്. സംസ്ഥാനത്ത് ഓൺലൈൻ പെൺവാണിഭം നടത്താനായി സോഷ്യൽമീഡിയകൾ ഉപയോഗപ്പെടുത്തുന്നതിന് എതിരെയാണ് ഈ ഗ്രൂപ്പ്.

ഓൺലൈൻ പെൺവാണിഭത്തിനായി സംസ്ഥാനത്ത് ഒട്ടേറെ വ്യാജ പ്രൊഫൈലുകളും പേജുകളും പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ന് പിടിയിലായ ഓൺലൈൻ പെൺവാണിഭ സംഘവും ഫേസ്‌ബുക്ക് വഴിയായിരുന്നു നീക്കങ്ങൾ നടത്തിയിരുന്നത്. ഇരകളുടെയും ഇടപാടുകാരുടെയും ഫേസ്‌ബുക്ക് സന്ദേശങ്ങളും വാട്‌സാപ്പ് സന്ദേശങ്ങളും ദിവസങ്ങളോളം നിരീക്ഷിച്ചാണ് പൊലീസ് ഇവരെ പിടികൂടിയത്. പ്രതികളുടെ പിടികൂടാനായി ഫേസ്‌ബുക്ക് അധികൃതരുടെ സഹായം വരെ പൊലീസ് ഉപയോഗപ്പെടുത്തി.

മലയാളി പെൺകുട്ടികളുടെ ചിത്രങ്ങൾ കാണിച്ചാണ് ഇടപാടുകാരെ വലയിലാക്കിയിരുന്നത്. കൊച്ചു കുട്ടികളുടെ പോലും അശ്ലീല ചിത്രങ്ങളാണ് ഈ ഫേസ്‌ബുക്ക് ക്മ്മ്യൂണിറ്റിക്കുള്ളിൽ എത്തുന്നത്. ഓൺലൈൻ പെൺവാണിഭ സംഘങ്ങൾ കച്ചവടം കൊഴുപ്പിക്കാൻ വേണ്ടി ഉണ്ടാക്കിയ പേജായിരുന്നു കൊച്ചു സുന്ദരി എന്നത്. യുവാക്കളും വിദ്യാർത്ഥികളും അടക്കമുള്ളവർ അറിഞ്ഞോ അറിയാതെയോ ഈ പേജിൽ ലൈക്ക് ചെയ്ത് ഓൺലൈൻ സെക്‌സ് റാക്കറ്റിന്റെ ഭാഗമായിരുന്നു.

പേജിൽ കടന്ന് കഴിയുമ്പോഴാണ് പേര് കുട്ടികളുടെതാണെങ്കിലും സംഗതി പെൺവാണിഭക്കാരുടെ പേജാണെന്ന് ബോധ്യമായത്. പ്രായപൂർത്തിയാകാത്ത നൂറുകണക്കിന് കുട്ടികളുടെ ഫോട്ടോയും അവരിൽ നിന്ന് ലഭിക്കുന്ന സർവ്വീസും അവരുടെ റേറ്റും കുറിച്ചിട്ട പേജിൽ ആവശ്യക്കാർക്ക് ബന്ധപ്പെടാൻ ഫോൺ നമ്പരുകൾ അനവധിയുണ്ടായിരുന്നു. പേജ് ലൈക്ക് ചെയ്യുകയും ഫോണിൽ ബന്ധപ്പെടുകയും ചെയ്യുന്നവരെ ബന്ധപ്പെട്ട് സൗഹൃദം സ്ഥാപിച്ച് കച്ചവടം ഉറപ്പിക്കുന്നതാണ് ഇവരുടെ തന്ത്രം. ഫേസ് ബുക്ക് പേജിലെ ചിത്രങ്ങളിൽ ആകൃഷ്ടരായെത്തുന്ന കസ്റ്റമേഴ്‌സിന്റെ വിവരങ്ങൾ സംഘം രഹസ്യമായി തേടും. ഐ.ടി രംഗത്തോ ബിസിനസ് മേഖലകളിലോ ഉള്ളവരാണെങ്കിൽ ചോദിക്കുന്ന പണം കിട്ടുമെന്നുറപ്പുള്ള സംഘത്തിന്റെ അടുത്ത നീക്കം ഇരയെ എങ്ങനെയും ചാക്കിലാക്കുകയെന്നതാണ്. ഇങ്ങനെയാണ് ഫേസ്‌ബുക്കിലൂടെ ഓൺലൈൻ പെൺവാണിഭ സംഘം ഇരയെ പിടിക്കുന്നത്.

നടിമാരുടെും വ്യാജ ചിത്രങ്ങളും മറ്റും ഈ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്താണ് പെൺവാണിഭക്കാർ മാർക്കറ്റ് ചെയ്യുന്നത്. സ്‌കൂൾ, കോളേജ് തലങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ പോലും ഇങ്ങനെ ആവശ്യക്കാർക്ക് പെൺവാണിഭ സംഘം എത്തിച്ചു നൽകി എന്നാണ് തിരുവനന്തപുരത്തെ ഓൺലൈൻ പെൺവാണിഭ സംഘവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

ബാലവകാശ കമ്മിഷനംഗം ക്രൈംബ്രാഞ്ച് എഡി.ജിപിയുടെ ശ്രദ്ധയിൽപ്പെടുത്തിയ സംഭവത്തിൽ സൈബർ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് സെക്‌സ് റാക്കറ്റ് സംഘത്തിന് കെണിയെരുക്കിയത്. കൊച്ചുസുന്ദരിയെന്ന ഫേസ് ബുക്ക് പേജും എസ്‌കോർട്ട് , ലൊക്കാന്റോ തുടങ്ങിയ വെബ് വിലാസങ്ങൾ മുഖേനയും പെൺവാണിഭം നടത്തിയിരുന്ന സംഘം സമാനമായ ഇരുപതോളം സൈറ്റുകൾ വഴിയും ഓൺലൈൻ പെൺവാണിഭ സംഘം രംഗം കൊഴുപ്പിച്ചതായാണ് വിവരം.