തൃശ്ശൂർ: കൊടകര കുഴൽപ്പണ കവർച്ചക്കേസിൽ ഒൻപത് പേർ പൊലീസ് കസ്റ്റഡിയിൽ. കുഴൽപ്പണം തട്ടുന്ന സംഘത്തിലുള്ളവരാണ് പിടിയിലായത്. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. 25 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കോഴിക്കോട് സ്വദേശിയുടെ പരാതിയിലാണ് ചാലക്കുടി ഡിവൈഎസ്‌പി യുടെ നേതൃത്ത്വത്തിലുള്ള ഇരുപത് അംഗ സംഘം അന്വേഷണം നടത്തുന്നത്. ദേശീയപാർട്ടിയുടെ തെരഞ്ഞെടുപ്പിനെത്തിച്ച പണം കവർന്നുവെന്ന ആരോപണം നേരിടുന്ന കേസാണിത്. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്തി സത്യം പുറത്ത് വരണമെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ അവശ്യപ്പെട്ടിരുന്നു. ബിജെപിയെയാണ് സിപിഎം പ്രതിസ്ഥാനത്ത് നിർത്തുന്നത്.

സംഭവത്തിൽ പൊലീസിനോട് തെരഞ്ഞെടുപ്പ് കമ്മീഷനും വിശദീകരണം തേടിയിട്ടുണ്ട്. ഏപ്രിൽ മൂന്നിന് പുലർച്ചെ കൊടകര പാലത്തിന് സമീപത്ത് വച്ചാണ് കാറിൽ വന്ന സംഘം പണം കവർന്നത്. വ്യാപാര ആവശ്യത്തിനായുള്ള 25 ലക്ഷം രൂപയും കാറും കവർന്നുവെന്നാണ് കോഴിക്കോട് സ്വദേശിയുടെ പരാതി. എന്നാൽ കാറിൽ മൂന്നരക്കോടി രൂപയുണ്ടായിരുന്നെന്നും ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഒരു ദേശീയ പാർട്ടിക്ക് വേണ്ടി കൊണ്ടുപോയ പണമാണെന്നുമാണ് ആരോപണം. ഈ സാഹചര്യത്തിലാണ് കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിത്. നഷ്ടപ്പെട്ട പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താൻ പരാതിക്കാരന് നോട്ടീസ് നൽകിയെങ്കിലും ഇത് വരെ വിശദദാംശങ്ങൾ ലഭ്യമായിട്ടില്ല.

ഇതിനിടെയാണ് പ്രതികളെ പിടികൂടുന്നത്. എന്നാൽ ഇവർ ആരും രാഷ്ട്രീയപാർട്ടിയെ പ്രതിക്കൂട്ടിൽ ആക്കില്ലെന്നാണ് സൂചന. ഇതിനുള്ള ഒത്തു തീർപ്പ് നടന്നു കഴിഞ്ഞുവെന്നാണ് സൂചന. 25 ലക്ഷത്തിന്റെ കണക്കു മാത്രമേ പ്രതികളും പറയൂ. ഇതോടെ തെരഞ്ഞെടുപ്പ് ഫണ്ടിൽ അന്വേഷണം അട്ടിമറിക്കപ്പെടും. അറശ്റ്റിലായവർ എല്ലാം ക്വട്ടേഷൻ സംഘമാണെന്നാണ് സൂചന. തിരുവമ്പാടിക്ക് അടുത്ത് ഹോട്ടൽ നടത്തുന്ന വ്യക്തിയുടെ നേതൃത്വത്തിലാണ് ഒത്തുതീർപ്പ് നടന്നത്. ഒരു ദേശീയ പാർട്ടിയുടെ തൃശൂർ ജില്ലാ ട്രഷററും ആരോപണ നിഴലിലാണ്. തെരഞ്ഞെടുപ്പിൽ മത്സരിച്ചവർ പോലും സംശയ നിഴലിലാണ്. എന്നാൽ ഇവരെല്ലാം കേസിൽ നിന്ന് ഊരാനാണ് സാധ്യത.

തിരഞ്ഞെടുപ്പിന് വിനിയോഗിക്കാൻ കൊച്ചിയിലേക്കയച്ച മൂന്നരക്കോടി രൂപ ദേശീയപാർട്ടിയുടെ തൃശ്ശൂരിലെ നേതാക്കളുടെ നിർദ്ദേശപ്രകാരം ഗുണ്ടാസംഘം തട്ടിയെന്ന കേസിൽ പത്തുപ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഇവരിൽ പെട്ടവരാണ് അറസ്റ്റിലാകുന്നത്. പ്രതികൾ സഞ്ചരിച്ച മൂന്നു കാറുകളിലൊന്നും കണ്ടെത്തി. ഇത് കോടതിയിൽ ഹാജരാക്കി. ചാലക്കുടി ഡിവൈ.എസ്‌പിയുടെ നേതൃത്വത്തിൽ പതിനഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പരാതിക്കാർ സഹകരിക്കാത്തത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. കാറിൽ 25 ലക്ഷം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന നിലപാടിലാണ് പരാതിക്കാർ.

പണവുമായി പോയ കാറിനെ അക്രമി സംഘം പിന്തുടരുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പാലിയേക്കര ടോൾ പ്ലാസയിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. പണവുമായി പോയ കാർ ടോൾ നൽകുന്നതിനായി നിർത്തുന്നതും തൊട്ടുപിന്നാലെ എത്തിയ കാർ ടോൾ കൊടുക്കാതെ പിന്നാലെ പായുന്നതുമാണ് ദൃശ്യങ്ങളിൽ. ടോൾ പ്ലാസയിലെ ബാരിയറിൽ തട്ടിയ ശേഷം കാർ പാഞ്ഞുപോകുന്നത് ദൃശ്യത്തിൽ വ്യക്തമാണ്.

ബിജെപിക്കെതിരെ ദേശാഭിമാനി ഉന്നയിക്കുന്ന് ഗുരുതര ആരോപണങ്ങൾ

പണം കടത്തിൽ ബിജെപി പ്രതിസ്ഥാനത്താണെന്ന് പൊലീസ് പരസ്യമായി പറയുന്നില്ല. എഫ് ഐ ആറിലും ഈ സൂചനകളില്ല. എന്നാൽ ബിജെപിയെ പ്രതിസ്ഥാനത്ത് നിർത്തി സിപിഎം പത്രം ദേശാഭിമാനിയും രംഗത്തു വന്നു. തെഞ്ഞെടുപ്പിന് ബിജെപിക്ക് ചെലവഴിക്കാൻ കോഴിക്കോട് നിന്നും എറണാകുളത്തേക്ക് മൂന്നരക്കോടി കുഴൽപ്പണം കടത്തിയെന്നും ഇത് തട്ടിയെടുത്തുമായിരുന്നു ആദ്യ വിവരം. എന്നാൽ മറ്റു ജില്ലകളിലേക്കുൾപ്പടെ പത്തുകോടി തട്ടിയെടുത്തതായി പിന്നീട് പുറത്തുവന്നു. അപകടം നടത്തുന്നതിനായുള്ള ഗൂഢാലോചനയുടെ ഭാഗമായി ബിജെപി നേതാവ് അയച്ച എസ്എംഎസ് സന്ദേശവും പുറത്തായി എന്ന് ദേശാഭിമാനി പറയുന്നു.

ഏപ്രിൽ മൂന്നിന് കൊടകരയിലാണ് കവർച്ചാ നാടകം നടന്നത്. അടുത്ത ദിവസം ഭൂമി ഇടപാടിനായി എറണാകുളത്തേക്ക് കൊണ്ടുപോകുകയായിരുന്ന 25 ലക്ഷവും കാറും തട്ടിയെടുത്തെന്ന് കോഴിക്കോട് സ്വദേശി കൊടകര പൊലീസിൽ പരാതി നൽകി. എന്നാൽ ഇത് വ്യാജമാണെന്ന് മാധ്യമങ്ങളിലൂടെ പുറത്തുവന്നു. തുടർന്നാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. വാഹനാപകടം സൃഷ്ടിച്ച് പണം തട്ടിപ്പ് ആസൂത്രണത്തിന് പിന്നിൽ സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാവാണെന്നാണ് സൂചന. ഇയാളുടെ ഗ്രൂപ്പുകാരനായ ജില്ലയിലെ നേതാവാണ് മുഖ്യകണ്ണി. കോഴിക്കോട് നിന്നും വാഹനം പുറപ്പെട്ട ഉടനെ സംസ്ഥാന നേതാവ് വിവരം ജില്ലാ നേതാവിന് കൈമാറി. ഇയാൾ തൃശൂരിലെ ഓഫീസിലെത്തിയ സംഘത്തിന് സ്വകാര്യ ലോഡ്ജിൽ മുറി ശരിയാക്കി നൽകി. തുടർന്ന് പുലർച്ചെ കൊടകര പാലത്തിന് സമീപം വാഹനാപകടമുണ്ടാക്കി പണവും കാറുമായി കടക്കുകയായിരുന്നു.

പണം കവർച്ച ബിജെപിയിൽ വൻപൊട്ടിത്തെറിയിലേക്കാണ് നീങ്ങുന്നത്. സംസ്ഥാന പ്രസിഡന്റും സംഘടനാ ജനറൽ സെക്രട്ടറിമാരുമാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. ഫണ്ടിന്റെ കാര്യത്തിൽ കർശന നിലപാട് സ്വീകരിച്ചിരുന്ന സംഘടനാ സെക്രട്ടറിയെ ഇത്തവണ മാറ്റിനിർത്തിയിരുന്നു. ഇതിന ുപിന്നിൽ ആരാണെന്നത് പുറത്ത് വരുന്നതോടെ കൂടുതൽ വിവരം പുറത്താകും.