തിരുവനന്തപുരം: തൃശ്ശൂരിൽ തിരഞ്ഞെടുപ്പിനു ചെലവഴിക്കാനായി കണക്കിൽപ്പെടാത്ത പണമെത്തിച്ച രാഷ്ട്രീയപ്പാർട്ടി ഏതെന്നതിൽ വ്യക്തതവരുത്താതെ പൊലീസ് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് കമ്മിഷന് സംസ്ഥാന പൊലീസ് മേധാവി നൽകിയ റിപ്പോർട്ടിൽ രാഷ്ട്രീയപ്പാർട്ടി ഏതാണെന്നു വ്യക്തമായിട്ടില്ലെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതോടെ ബിജെപിക്കെതിരായ സിപിഎം ആരോപണത്തിന് തെളിവില്ലാത്ത അവസ്ഥയായി. സിപിഎമ്മിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിജെപിയും അറിയിച്ചിട്ടുണ്ട്. 25 ലക്ഷം മാത്രമാണ് കാറിൽ ഉണ്ടായിരുന്നതെന്ന് അറസ്റ്റിലായവരും പൊലീസിനോട് സമ്മതിക്കുന്നു. വാദിയും പ്രതികളും ഈ നിലപാട് ആവർത്തിച്ചാൽ മൂന്നരക്കോടിയുടെ വാദം അപ്രസക്തമാകും.

കുഴൽപ്പണക്കേസുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ കെ അനീഷ് കുമാർ. ഈ കേസിൽ ബിജെപിയെ കൂട്ടിക്കെട്ടുന്നത് സിപിഎമ്മിന്റെ ഗൂഢാലോചനയാണ്. തെരഞ്ഞെടുപ്പ് ഫണ്ട് പാർട്ടി നൽകുന്നത് അക്കൗണ്ട് വഴിയാണ്. ഇതിന് കണക്കുണ്ട്. ദുഷ്പ്രചാരണം നടത്തുന്ന സിപിഎമ്മിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അഡ്വ. കെ കെ അനീഷ് കുമാർ വ്യക്തമാക്കി. പാർട്ടിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്യുന്നത് ഉത്തരവാദിത്തപ്പെട്ട ഭാരവാഹികളാണെന്ന് ബിജെപി പറയുന്നു. പാർട്ടി നൽകുന്ന പണം കൂടാതെ ബാക്കി ചെലവിനാവശ്യമായ പണം കണ്ടെത്തുന്നത് പൊതുജനങ്ങളിൽ നിന്ന് പിരിവെടുത്താണ്. ഈ കണക്കുകളെല്ലാം സുതാര്യമായി കൈകാര്യം ചെയ്യുകയും കൃത്യമായി തെരഞ്ഞെടുപ്പ് കമ്മീഷന് കണക്ക് നൽകുകയും ചെയ്യുന്ന പാർട്ടിയാണ് ബിജെപി. ഈ വസ്തുതകൾക്ക് വിരുദ്ധമായി ബിജെപിയെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്നും അനീഷ് കുമാർ ആരോപിച്ചു.

കുഴൽപ്പണത്തിന് പിന്നിലെ രാഷ്ട്രീയ പാർട്ടിയെ പൊലീസിന് തിരിച്ചറിയാൻ ആയിട്ടില്ല. കേസിന്റെ നിലവിലെ സ്ഥിതിമാത്രമേ ഇപ്പോൾ നൽകാനാകൂ എന്നാണ് പൊലീസ് പറയുന്നത്. കൃത്യമായ തെളിവുലഭിക്കാതെ രാഷ്ട്രീയപ്പാർട്ടിയുടെ പേര് പുറത്തുവന്നാൽ അത് പ്രശ്‌നങ്ങൾക്കിടയാക്കുമെന്നതിനാലാണ് കമ്മിഷനുനൽകിയ വിശദീകരണത്തിൽ ഡി.ജി.പി.യും 'രാഷ്ട്രീയ അകലം' പാലിച്ചത്. കേസിൽ അന്വേഷണം തുടരുകയാണെന്നാണ് ഡി.ജി.പി. കമ്മിഷനെ അറിയിച്ചത്. സിബിഐ ഡയറക്ടറാക്കാനുള്ള ചരുക്കപ്പട്ടികയിൽ ലോക്‌നാഥ് ബെഹ്‌റയുമുണ്ട്.

അന്വേഷണത്തിനു നേതൃത്വംവഹിക്കുന്ന തൃശ്ശൂർ റൂറൽ എസ്‌പി. ജി. പൂങ്കുഴലി, കേസിന്റെ നിലവിലെ സ്ഥിതി അറിയിച്ചുനൽകിയ റിപ്പോർട്ടിനൊപ്പമാണ് ഡി.ജി.പി.യുടെ രാഷ്ട്രീയ പാർട്ടിയെ അറിയില്ലെന്ന കുറിപ്പ്. തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാനായി കൊണ്ടുവന്ന മൂന്നരക്കോടി രൂപ വ്യാജ വാഹനാപകടമുണ്ടാക്കി ഗുണ്ടാസംഘം തട്ടിയെടുത്തതാണ് കേസ്. പണം കൊണ്ടുവന്ന രാഷ്ട്രീയപ്പാർട്ടിയിലെ ഒരുവിഭാഗം നേതാക്കൾ തന്നെയാണ് പണംതട്ടാൻ ഗുണ്ടകളെ ഉപയോഗപ്പെടുത്തിയതും അപകടം ആസൂത്രണംചെയ്തതുമെന്നാണ് പുറത്തുവന്ന വാർത്തകൾ. രാഷ്ട്രീയപ്പാർട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന വാർത്ത വന്നതോടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഡി.ജി.പി.യോട് വിശദാംശങ്ങൾ തേടിയത്. പക്ഷേ, കമ്മിഷനോടുപോലും രാഷ്ട്രീയപ്പാർട്ടിയുടെ ബന്ധം വെളിപ്പെടുത്താൻ പൊലീസ് തയ്യാറായില്ല.

രാഷ്ട്രീയപ്പാർട്ടിബന്ധം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കൂടുതൽ അറസ്റ്റും മൊഴികളും എടുക്കാനുണ്ട്. അതിനുശേഷമേ വ്യക്തതയുണ്ടാകൂവെന്നാണ് വിശദീകരണം. കേസന്വേഷണത്തിൽ പുരോഗതിയുണ്ടാകുന്നതിന്റെ അടിസ്ഥാനത്തിൽ വിവരങ്ങൾ ലഭ്യമാക്കുമെന്ന് ഡി.ജി.പി. കമ്മിഷനെ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ ഏഴു പേർ അറസ്റ്റിലായി. കുഴൽപണം തട്ടുന്നതിനു കണ്ണൂർ - കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘത്തിൽ പെട്ടവരാണു പ്രതികളെന്നാണ് പൊലീസ് നൽകുന്ന വിവരം.

തൃശൂർ കോടാലി വെട്ടിയാട്ടിൽ ദീപക് (ശങ്കരൻ- 34), വേളൂക്കര ആപ്പിൾ ബസാർ വട്ടപ്പറമ്പിൽ അരീഷ് (28), വടക്കുംകര വെളയനാട് കോക്കാടനൻ മാർട്ടിൻ ദേവസി (23), വടക്കുംകര പട്ടേപ്പാടം തരുപ്പീടികയിൽ ലെബീബ് (30), വടക്കുംകര വെളയനാട് കുട്ടിച്ചാൽ പറമ്പിൽ അഭിജിത് (അഭി-28), വെളയനാട് തോപ്പിൽ ബാബു മുഹമ്മദാലി (വട്ട് ബാബു - 39), വേളൂക്കര ഹാഷിൻ നഗർ വേലംപറമ്പിൽ അബു ഷാഹിദ് (25) എന്നിവരാണ് അറസ്റ്റിലായത്. ദേശീയപാതയിൽ കൊടകരയിൽ ഏപ്രിൽ മൂന്നിനു പുലർച്ചെ നാലരയ്ക്കായിരുന്നു സംഭവം. പിടിയിലായ ദീപക് ബിജെപി പ്രവർത്തകനാണ്. വാഹനം വാടകയ്ക്കു നൽകിയത് അബു ഷാഹിദ് ആണ്.

ബാബു മുഹമ്മദാലിയുടെ വീട്ടുപറമ്പിൽ വച്ചാണു കാറിനുള്ളിൽ നിന്നു പണം കുത്തിപ്പൊളിച്ചെടുത്തത്. എല്ലാവർക്കും 2 ലക്ഷം രൂപവീതമായിരുന്നു പ്രതിഫലം എന്നാണു പ്രതികൾ നൽകിയ വിവരം. എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അതേസമയം മോഷണം ആസൂത്രണം ചെയ്ത 5 പേർ ഒളിവിലാണ്. സംഭവത്തിനുശേഷം ഒളിവിൽ പോയ മുഖ്യ സൂത്രധാരൻ അലിയെ പിടികൂടിയാലേ കൂടുതൽ വിവരം ലഭിക്കുകയുള്ളൂ എന്നു പൊലീസ് പറഞ്ഞു. ചാലക്കുടി ഡിവൈഎസ്‌പി കെ.എം. ജിജിമോൻ, കൊടകര സിഐ ബേസിൽ തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

പണവുമായി പോയ കാറിനെ കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുതൽ തട്ടിപ്പു സംഘം പിന്തുടർന്നെന്നാണു പൊലീസിനു ലഭിച്ച വിവരം. കാറിൽ ഡ്രൈവറുടെ സഹായി ആയിരുന്നയാൾ ഫോണിലെ ജിപിഎസ് ഓണാക്കി വച്ച് ഗുണ്ടകൾക്കു കൃത്യമായ വിവരം നൽകി. തൃശൂരിൽ തങ്ങി പിറ്റേന്നു പുലർച്ചെ യാത്ര തുടങ്ങിയപ്പോൾ വെള്ളക്കാറിൽ തട്ടിപ്പുകാർ തൊട്ടുപിന്നാലെയുണ്ടായിരുന്നു. ഗുണ്ടകളുടെ കാർ പണം സൂക്ഷിച്ചിരുന്ന കാറിനൊപ്പമെത്താൻ ടോൾ നൽകാതെ പെട്ടെന്നു മുന്നോട്ടെടുത്തു പോകുന്നതിന്റെ ദൃശ്യം പാലിയേക്കര ടോൾ പ്ലാസയിൽ നിന്നു പൊലീസിനു ലഭിച്ചിട്ടുണ്ട്. ഈ കാർ ഇടിപ്പിച്ച് അപകടം സൃഷ്ടിച്ചാണു പണം കവർന്നത്. പണം കണ്ണൂർ മട്ടന്നൂരിലെ ഹോട്ടലിലെത്തിച്ചു വീതം വച്ചതായാണു വിവരം.