തൃശ്ശൂർ: കോഴിക്കോട്ടുനിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോയ കുഴൽപ്പണം കൊടകരയിൽ ഗുണ്ടാ സംഘം തട്ടിയെടുത്ത സംഭവത്തിൽ ആർഎസ്എസ്.-ബിജെപി. ബന്ധം പൊലീസ് സ്ഥിരീകരിക്കുമ്പോഴും കേസിൽ അന്വേഷണം അട്ടിമറിക്കുമെന്ന സംശയം ദുരൂഹം.

പണം കൊടുത്തുവിട്ട ധർമ്മരാജൻ ആർഎസ്എസ്. പ്രവർത്തകനാണെന്ന് കേസന്വേഷണച്ചുമതലയുള്ള തൃശ്ശൂർ എസ്‌പി. ജി. പൂങ്കുഴലി പറഞ്ഞു. ഇയാൾക്ക് പണം കൈമാറിയത് യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക് ആണെന്ന് വ്യക്തമായതായും എസ്‌പി. പറഞ്ഞു. സുനിൽ നായിക്കിൽനിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തി. എന്നാൽ തനിക്ക് പണം നൽകിയത് സുനിൽ നായിക് ആണെന്ന് മൊഴി നൽകിയത് ധർമ്മരാജനാണ്. ബിസിനസ് ആവശ്യത്തിന് 25 ലക്ഷം നൽകിയെന്നാണ് ധർമ്മരാജൻ നൽകുന്ന മൊഴി.

കോഴിക്കോട്ടുനിന്ന് കൊച്ചിയിലേക്ക് പണം കൊടുത്തുവിട്ടത് ധർമ്മരാജൻ ആണെന്ന് ആദ്യമേ വ്യക്തമായിരുന്നു. പണം നഷ്ടപ്പെട്ടത് സംബന്ധിച്ച് ധർമ്മരാജന്റെ ഡ്രൈവറാണ് കൊടകര പൊലീസിൽ പരാതി നൽകിയത്. ഇതേത്തുടർന്ന് അന്വേഷണം നടത്തിയതിൽ കോഴിക്കോട് സ്വദേശിയും വ്യവസായിയുമായ ധർമ്മരാജന് ബിജെപി. നേതാക്കളുമായി ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തി. എന്നാൽ ബിജെപിയുടെ ഫണ്ടാണ് കൊണ്ടു പോയതെന്ന് കണ്ടെത്തണമെങ്കിൽ ഇനിയും നൂലാമാലകൾ ഏറെയുണ്ട്.

ധർമ്മരാജനും സുനിൽ നായിക്കിനും ആർഎസ്എസ് ബന്ധമുണ്ടെന്നത് ബിജെപിയെ ഈ ഘട്ടത്തിൽ അലോസരപ്പെടുത്തില്ല. ഈ പണം ബിജെപിയുടെ ഫണ്ടാണെന്ന് തെളിയിച്ചാൽ മാത്രമേ അവർക്ക് അങ്കലാപ്പുണ്ടാകൂ. ഇതിന് ഇനിയും അന്വേഷണ സംഘത്തിന് കഴിയുന്നില്ല. അതുകൊണ്ടാണ് ആർ എസ് എസുകാരനാണ് ധർമ്മരാജൻ എന്ന് പറയുന്ന പൂങ്കുഴലിക്കും പണം ആരുടേതാണെന്ന് ഇനിയും വ്യക്തമാക്കാൻ കഴിയാത്തത്.

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സുനിൽ നായിക്കിനെ അന്വേഷണസംഘം ചോദ്യംചെയ്തു. ധർമ്മരാജനുമായി വർഷങ്ങളായുള്ള ബിസിനസ് ബന്ധമാണെന്നാണ് സുനിൽ നായിക് പൊലീസിനോട് പറഞ്ഞത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ഈ രേഖകൾ സുനിൽ നായിക്കും നൽകും. അന്വേഷണം പാർട്ടി ഫണ്ടിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പിക്കാൻ കരുതലോടെയാണ് ഇവർ മൊഴി നൽകുന്നത്.

25 ലക്ഷം രൂപയിൽ അധികം കണ്ടെത്തിയെന്ന് പൊലീസ് സ്ഥിരീകരിച്ചാലേ കേസ് മറ്റ് വഴികളിലേക്ക് പോകൂ. ബിജെപിയുടെ പാർട്ടി ഫണ്ട് ബിജെപിക്കാർ തട്ടിയെടുത്തുവെന്നാണ് ഉയർന്ന ആരോപണം. ഇതിൽ ഏറ്റവും പ്രധാനം പണം തട്ടിയെടുത്തവരെ കണ്ടെത്തുകയാണ്. എന്നാൽ പണം തട്ടിയെടുത്തവരിൽ ആർക്കും ഇതുവരെ ബിജെപി ബന്ധം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ധർമ്മരാജൻ പറഞ്ഞ മൊഴിയുടെ പിന്നാലെയാണ് പൊലീസ്.

അതിനിടെ കേസിൽ ഒരു പ്രതികൂടി പൊലീസിന്റെ പിടിയിലായി. വെളയനാട് സ്വദേശി ഷുക്കൂറാണ് പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. കേസിൽ അഞ്ച് പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കേസിലെ പ്രധാന പ്രതികളെല്ലാം ഒളിവിലാണ്. ഇതിൽ പ്രധാന ബിജെപിക്കാർ ആരുമില്ല. ക്വട്ടേഷൻ സംഘാംഗങ്ങളെ പ്രതിയാക്കി ഈ കേസ് അട്ടിമറിക്കാനാണ് സാധ്യത. മുമ്പൊരു പീഡന വിവാദത്തിൽ പെട്ട ബിജെപി നേതാവാണ് തട്ടിക്കൊണ്ടു പോകൽ ആസൂത്രണം ചെയ്തതെന്നാണ് ആരോപണം.

എന്നാൽ ബിജെപിയിലേക്ക് ഈ അന്വേഷണം എത്താതിരിക്കാനുള്ള കരുതൽ പാർട്ടി എടുത്തപ്പോൾ അത്തരം പ്രശ്‌നമെല്ലാം ആവിയായി എന്നാണ് ആരോപണം. തിരുവമ്പാടി ദേവസ്വത്തിൽ പണം കൊടുക്കാനുള്ള ബിജെപി നേതാവിന്റെ നേതൃത്വത്തിലെ ഒത്തു തീർപ്പ് ഏതാണ്ട് ഫലം കണ്ടെന്നാണ് പുറത്തു വരുന്ന സൂചന.