തൃശൂർ: കൊടകരയിൽ ദേശീയപാതയിൽ കാർ ആക്രമിച്ച് 3.5കോടി രൂപ കവർന്ന സംഭവത്തിൽ അന്വേഷണം ബിജെപിയിലേക്ക്. തുക കൊടുത്തു വിട്ടുവെന്നു പൊലീസിനു വിവരം ലഭിച്ച യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്കിനെയും കോഴിക്കോട്ടെ ആർഎസ്എസ് പ്രവർത്തകനായ വ്യവസായി ധർമരാജനെയുമാണു ചോദ്യം ചെയ്യുക. എന്നാൽ ഇതിന് അപ്പുറത്തേക്കുള്ള ബന്ധങ്ങൾ കുഴൽപ്പണ ഇടപാടിൽ ഉണ്ടെന്നാണ് സൂചന.

സുനിൽ നായിക്കാണ് പണം നൽകിയതെന്ന് സമ്മതിച്ചത് ധർമ്മരാജനാണ്. ഇരുവരും പറഞ്ഞുറപ്പിച്ചതു പോലെയാണ് പൊലീസിനോട് കാര്യങ്ങൾ നേരത്തെ പറഞ്ഞത്. പണത്തിന്റെ ഉറവിടം കാണിക്കാനുള്ള തന്ത്രമാണ് ഇത്. എന്നാൽ ധർമ്മരാജൻ കൊണ്ടു പോയത് ബിജെപി പണമാണെന്ന വാദം ആരും ഉയർത്തുന്നില്ല. ക്വട്ടേഷൻ സംഘാംഗങ്ങളാണ് അറസ്റ്റിലായത്. ബിജെപിക്ക് വേണ്ടി വന്ന പണം ബിജെപിക്കാർ കൊണ്ടു പോയന്നെ വാദം ഇപ്പോഴുമുണ്ട്. എന്നാൽ ഇത് ബിജെപി നിഷേധിക്കുന്നു. വ്യക്തികൾ തമ്മിലെ പണമിടപാട് ആക്കാനാണ് ഒരു വിഭാഗത്തിന്റെ ശ്രമം.

അതിന് വേണ്ടിയാണ് സുനിൽ നായക്കിൽ മാത്രം അന്വേഷണം പരിമിതപ്പെടുത്തുന്നത്. അറസ്റ്റിലായ ഒന്നാം പ്രതി അലി സാജ്, കസ്റ്റഡിയിലുള്ള ഒറ്റുകാരൻ അബ്ദുൽ റഷീദ് എന്നിവരിൽ നിന്നു ലഭിക്കുന്ന വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാവും കൂടുതൽ ചോദ്യം ചെയ്യൽ. കവർച്ച ഏകോപിപ്പിച്ച അലി സാജിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തി റിമാൻഡ് ചെയ്തു. കസ്റ്റഡിയിലുള്ള റഷീദിനെ ചോദ്യം ചെയ്തു വരികയാണ്. പണവുമായി പോയ കാറിൽ സഹായി ആയി കൂടിയ ശേഷം ജിപിഎസ് വഴിയും വാട്‌സാപ് വഴിയും വിവരങ്ങൾ ചോർത്തിക്കൊടുത്തത് റഷീദാണ്. പണം തട്ടിപ്പിൽ ആരൊക്കെ ഉൾപ്പെട്ടുവെന്നതു സംബന്ധിച്ച് റഷീദിന്റെ മൊഴികൾ നിർണായകമാണ്.

ബിജെപിയുടെ തന്നെ ജില്ലാ നേതാക്കൾ ഇതിൽ ഉൾപ്പെട്ടതായി ആദ്യഘട്ടത്തിൽ പൊലീസിനു സൂചന ലഭിച്ചിരുന്നു. ഇത് ഉറപ്പിക്കാനാണ് നീക്കം. ധർമരാജനാണു പണം കൊണ്ടുപോകാൻ ഡ്രൈവർ ഷംജീറിനെ ഏർപ്പെടുത്തിയത്. പണത്തെക്കുറിച്ചു റഷീദിനു വിവരം നൽകിയതാര്, കവർച്ചയ്ക്കു സൗകര്യമൊരുക്കും വിധം യാത്ര പുനഃക്രമീകരിച്ചതാര് എന്നെല്ലാം ചോദ്യം ചെയ്യലിൽ വ്യക്തമാകും. അതിനിടെ കൊടകരയിൽ ദേശീയ പാർട്ടിയുടെ ഹവാല പണം തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട്, തൊണ്ടയിൽ തൂമ്പ വച്ചു തോണ്ടിയാലും ഒരക്ഷരം മിണ്ടില്ലെന്ന വാശിയിലാണുകേന്ദ്രസഹമന്ത്രിയെന്നു മന്ത്രിതോമസ് ഐസക്കിന്റെ ഫേസ്‌ബുക് പോസ്റ്റ്.

മിനിറ്റിനു പത്രസമ്മേളനവുമായി വന്നിരുന്ന മന്ത്രിയെ ഇപ്പോൾ കാണാനേയില്ലെന്നും ഇത് പ്രസ്താവന സമാധി ആണോയെന്നും തോമസ് ഐസക് ചോദിച്ചു. കള്ളപ്പണം ഇല്ലാതാക്കാനാണെന്നു പറഞ്ഞു നോട്ടു നിരോധിച്ചവരുടെ കൈവശമാണ് ഇപ്പോൾ കള്ളപ്പണം മുഴുവനും. ഈ പണത്തിന്റെ കുത്തൊഴുക്കാണിപ്പോൾ കാണുന്നത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കേരളത്തിൽ കോടികൾ ഒഴുകിയെന്നും തോമസ് ഐസക് ഫേസ്‌ബുക് പോസ്റ്റിൽ ആരോപിച്ചു. കേരളത്തിൽ തെക്കുവടക്കു നടക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം ആകാംക്ഷയോടെ കാത്തിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

കൊടകരയിലെ മൂന്നരക്കോടി രൂപയുടെ കുഴൽപ്പണക്കവർച്ചക്കേസിൽ ബിജെപി നേതാക്കളുടെ ബന്ധത്തെക്കുറിച്ച് നിർണായക വിവരങ്ങൾ അന്വേഷകസംഘത്തിന് ലഭിച്ചു എന്നാണ് സൂചന. കവർച്ച ആസൂത്രണം ചെയ്ത കണ്ണൂർ സ്വദേശി മുഹമ്മദ് അലി (അലിസാജ്), സഹായി കോഴിക്കോട് അബ്ദുൾ റഷീദ് എന്നിവരെ കഴിഞ്ഞദിവസം പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരം ലഭിച്ചത്. മുഹമ്മദ് അലിയെ മെഡിക്കൽ പരിശോധനയ്ക്കുശേഷം ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അബ്ദുൾ റഷീദിനെ ചോദ്യം ചെയ്യൽ തുടരുകയാണ്.

കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി മുഹമ്മദാലി സാജിൽ നിന്നും കസ്റ്റഡിയിലുള്ള അബ്ദുൾ റഷീദിൽ നിന്നും കിട്ടിയ നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുനിൽ നായിക്കിനെ ചോദ്യം ചെയ്യുന്നത്. ഒളിവിലുള്ള സുജേഷ്, രഞ്ജിത്ത് എന്നിവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കവർച്ചയ്ക്ക് ഗുണ്ടാ സംഘങ്ങളെ ഏകോപിപ്പിച്ചത് മുഹമ്മദാലി സാജ് ആണെന്നാണ് പൊലീസ് പറയുന്നത്. പണമടങ്ങുന്ന കാർ തട്ടിക്കൊണ്ട് പോയെന്ന് പൊലീസിൽ പരാതിപ്പെട്ട ധർമരാജിന്റെ ഡ്രൈവർ ഷംജീറിന്റെ സഹായിയാണ് അബ്ദുൾ റഷീദ്.

ഗുണ്ടാസംഘത്തിന് വിവരം ചോർത്തി നൽകിയത് ഇയാളാണ്. വണ്ടിയിൽ പണമുണ്ടെന്ന വിവരവും എവിടുന്ന് കിട്ടിയെന്നും എത്ര തുകയുണ്ടായിരുന്നെന്നും അബ്ദുൾ റഷീദിൽ നിന്ന് പൊലീസിന് സൂചന കിട്ടിയിട്ടുണ്ട്. ഗൂഢാലോചനക്കേസ് കൂടി പുറത്തുവരുന്നതോടെ ബിജെപി നേതാക്കളും കുടുങ്ങുമെന്ന് ദേശാഭിമാനിയും പറയുന്നു. കേസിൽ മൂന്നുപ്രതികളെക്കൂടി പിടികൂടാനുണ്ട്. ഇവർക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.