തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ഗൂഡാലോചകരായ രാഷ്ട്രീയക്കാരെ കണ്ടെത്താൻ ഉറച്ച് പൊലീസ്. ദേശീയപാതയിൽ വാഹനാപകടം സൃഷ്ടിച്ച് 3.5 കോടി രൂപ കുഴൽപണം കവർന്ന കേസിൽ അറിഞ്ഞും അല്ലാതെയും പങ്ക് കിട്ടിയവർ ആ തുക പൊലീസിനു കൈമാറിത്തുടങ്ങി. ഇതോടെ പരാതിക്കാർ കടുങ്ങുമെന്ന് ഉറപ്പായി. കേസിൽ വീണ്ടും പണം കണ്ടെടുത്തു. കവർച്ച കണ്ണൂരിൽ നിന്ന് ആസൂത്രണം ചെയ്ത ഇരിട്ടി മുഴക്കുന്ന് കുനൂൽ വീട്ടിൽ അബ്ദുൽ റഹീമിനെ വീട്ടിൽനിന്നു പിടികൂടിയിരുന്നു.

കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്നു കസ്റ്റഡിയിലെടുത്ത 2 പ്രതികളുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തിയതോടെ അറസ്റ്റിലായവരുടെ എണ്ണം 19 ആയി. കണ്ണൂരിൽ നിന്ന് 13 ലക്ഷം രൂപ കൂടി പിടിച്ചെടുത്തതോടെ ഇതുവരെ 50 ലക്ഷം രൂപ കണ്ടെത്തി. 25 ലക്ഷം നഷ്ടപ്പെട്ടെന്ന പരാതിയാണ് പണം നഷ്ടപ്പെട്ടവർ നൽകിയത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ മാത്രം 50 ലക്ഷം കണ്ടെടുത്തതോടെ 3.5 കോടിയിലേറെ രൂപയുടെ കടത്താണു നടന്നതെന്നു പൊലീസ് സ്ഥിരീകരിച്ചു. കൊടകരയിൽ പാർട്ടിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു കൊണ്ടുവന്നതെന്നു കരുതപ്പെടുന്ന കുഴൽപണം തട്ടിയെടുത്തുവെന്നാണ് പൊലീസ് നിഗമനം. എസ് പി പൂങ്കുഴലി നേരിട്ടാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.

25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന പരാതിയിൽ ഇതോടകം 40 ലക്ഷത്തിലധികം രൂപ കണ്ടെടുക്കുകയും പ്രതികൾ പണം പങ്കുവച്ചവരുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കുകയും ചെയ്തതോടെയാണ് ഇത്. പണം ആർക്കൊക്കെ വീതം വച്ചെന്നു അറസ്റ്റിലായ പ്രതികൾ പൊലീസിനു വിവരം നൽകിയിരുന്നു. തിരഞ്ഞെടുപ്പിനു 3 ദിവസം മുൻപാണു പുലർച്ചെ കൊടകരയിൽ വച്ചു പണവും കാറും കവർന്നത്. യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായക് കൊടുത്തുവിട്ട പണമാണു നഷ്ടപ്പെട്ടതെന്ന് എസ്‌പി ജി. പൂങ്കുഴലി വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ അന്വേഷണത്തിൽ ബിജെപിയാണ് പ്രതിക്കൂട്ടിൽ. ഈ പണത്തിന്റെ ഉറവിടം പരാതിക്കാർക്ക് വിശദീകരിക്കേണ്ടി വരും.

കണ്ണൂരിൽ നിന്നുള്ള സംഘം ഇടപെട്ട കുഴൽപണ തട്ടിപ്പിൽ പണം പങ്കുവച്ചത് മട്ടന്നൂരിലെ ഹോട്ടലിലാണെന്നാണു വിവരം. അന്വേഷണം വയനാട്ടിലേക്കും തെളിവെടുപ്പു നീളും. തിരഞ്ഞെടുപ്പിനു 3 ദിവസം മുൻപാണു പുലർച്ചെ കൊടകരയിൽ പണവും കാറും കവർന്നത്. 25 ലക്ഷം രൂപയും കാറും നഷ്ടപ്പെട്ടെന്നാണു പൊലീസിൽ ലഭിച്ച പരാതി. എന്നാൽ അന്വേഷണത്തിൽ 3.5 കോടിയിലേറെ രൂപയുണ്ടെന്ന വിവരം ലഭിച്ചിരുന്നു. ഒൻപതാം പ്രതി തൃശൂർ വേളൂക്കര കോണത്തുകുന്ന് തോപ്പിൽ വീട്ടിൽ ബാബു വീട്ടിൽ ഒളിപ്പിച്ച നിലയിൽ 23.34 ലക്ഷം രൂപയാണ് ആദ്യം കണ്ടെടുത്തത്. ഒന്നര ലക്ഷം രൂപയുടെ സ്വർണവും കേരള ബാങ്കിൽ 6 ലക്ഷം രൂപ തിരിച്ചടച്ചതിന്റെ രേഖയും കണ്ടെത്തി. ഇതുമാത്രം 31 ലക്ഷത്തിലേറെ രൂപ വന്നിരുന്നു.

സുജീഷ്, രഞ്ജിത്, എഡ്വിൻ എന്നീ പ്രതികളിൽ നിന്ന് 3 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. ഇന്നലെ കണ്ണൂരിൽ നടത്തിയ തെളിവെടുപ്പിനിടെ മുഖ്യപ്രതി അലി സാജിന്റെ സുഹൃത്തിന്റെ കാറിൽ ഒളിപ്പിച്ച നിലയിൽ 13.5 ലക്ഷം രൂപയും കണ്ടെടുത്തു. ഇതോടെ 47.5 ലക്ഷം രൂപ ആകെ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കവർച്ച കണ്ണൂരിൽ നിന്ന് ആസൂത്രണം ചെയ്ത ഇരിട്ടി മുഴക്കുന്ന് കുനൂൽ വീട്ടിൽ അബ്ദുൽ റഹീമിനെ വീട്ടിൽനിന്നു പിടികൂടിയിട്ടുണ്ട്. പാർട്ടിയുടെ തിരഞ്ഞെടുപ്പു രഹസ്യ പണവുമായി കാർ പോകുന്നുണ്ടെന്നറിഞ്ഞ അബ്ദുൽ റഹീം ഗുണ്ടാസംഘങ്ങളെ കാണാൻ തൃശൂരിൽ വന്നിരുന്നു. ഇവിടെ നിന്ന് ഒറ്റ രാത്രി കൊണ്ടാണ് വെള്ളാങ്ങല്ലൂരിലെയും കോടാലിയിലെയും ഗുണ്ടകളെ തയാറാക്കിയത്.

കരാർ ഉറപ്പിച്ച ശേഷം ഓപ്പറേഷനു വേണ്ടി കാറുകളും ഒരുക്കിയ റഹീം തൃശൂരിലും പരിസരത്തുമായി തങ്ങി. കവർച്ച വിജയിച്ചെന്ന് അറിഞ്ഞതോടെ റഹീം നാട്ടിലേക്കു തിരികെ പോയി. ഗുണ്ടാസംഘം പണവുമായി റഹിമിനെ തേടി കണ്ണൂരിലേക്കു പോയി. അവിടെ വച്ചു പണം പങ്കിട്ടു കരാർ അവസാനിപ്പിച്ചു. റഹിമിനെ മുഴക്കുന്ന് പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടു ക്കുകയായിരുന്നു. ഈ സംഭവത്തിൽ കൂടുതൽപേർ ഇരിട്ടി മേഖലയിൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലുണ്ടെന്നാണ് സൂചന.

റഹിമിനെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽപേർ വരും ദിവസങ്ങളിൽ വലയിലാകുമെന്നാണ് പൊലിസ് പറയുന്നത്.ഇരിട്ടിയിലെ ക്വട്ടേഷൻ അംഗങ്ങളാണ് കൊടകരയിൽ കുഴൽപ്പണ റാഞ്ചൽ നടത്തിയതെന്ന് നേരത്തെ പൊലിസിന് വിവരമുണ്ടായിരുന്നു.