- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർ എസ് എസുകാരനായ അബ്കാരിയെ വീണ്ടും ചോദ്യം ചെയ്യും; പരാതിയിൽ പറയുന്നത് 25 ലക്ഷമെങ്കിൽ തൊണ്ടി മുതലായി കിട്ടിയത് ഇതുവരെ 47.5 കോടി; അന്വേഷണം ബിജെപിയിലേക്ക് എത്തിക്കാൻ പഴുതുകളുണ്ടോ എന്ന് പരിശോധിക്കാൻ ഇനി പ്രത്യേക അന്വേഷണ സംഘം; കൊടകര കുഴൽപ്പണക്കേസ് റേഞ്ച് ഡിഐജിയുടെ കൈയിലേക്ക്
കോഴിക്കോട്: വിവാദമായ കൊടകര കുഴൽപണക്കവർച്ച കേസ് അന്വേഷണം ബിജെപിയിലേക്ക്. അന്വേഷിക്കാൻ പ്രത്യേക സംഘം. ഇനി റേഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. കോഴിക്കോട്ടെ അബ്കാരിയും ആർഎസ്എസ് പ്രവർത്തകനുമായ ധർമരാജൻ ഡ്രൈവർ ഷംജീർ മുഖേന കൊടകര പൊലീസിന് പരാതി നൽകിയിരുന്നത്. എന്നാൽ, ഇതിനകം തന്നെ പ്രതികളിൽനിന്ന് 47.5 ലക്ഷം പൊലീസ് കണ്ടെടുത്തു.
ഈ സാഹചര്യത്തിൽ ധർമ്മരാജനെ വീണ്ടും ചോദ്യം ചെയ്യും. പരാതിക്കാരൻ ഷംജീറിനേയും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ഇയാളെയും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. പണത്തിന്റെ യഥാർത്ഥ ഉറവിടം കണ്ടെത്താനാണ് നീക്കം. ദേശീയ രാഷ്ട്രീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് കൊണ്ടു വന്ന പണമാണ് കവർച്ച ചെയ്തതെന്നായിരുന്നു വാർത്തകൾ. പിന്നാലെയാണ് ധർമ്മരാജൻ ആർ എസ് എസുകാരനാണെന്ന് പൊലീസ് തിരിച്ചറിയുന്നത്. ഇതോടെയാണ് പൊലീസ് അന്വേഷണം കർശനമാക്കിയത്.
അന്തർ സംസ്ഥാന പണമിടപാട് നടന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഘത്തിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കൊടകര കുഴൽപണക്കവർച്ച കേസിൽ തട്ടിപ്പ് ആസൂത്രണം ചെയ്തവരിലെ പ്രധാനികളിലൊരാൾ കൂടി ഇന്നലെ പിടിയിലായതോടെ 19 പ്രതികളാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. ഈ ഗൂഢാലോചനയിൽ ചില രാഷ്ട്രീയക്കാർക്കും പങ്കുണ്ടെന്ന സംശയം സജീവമാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ അറസ്റ്റിലായ വ്യക്തിയെ പൊലീസ് ശാസ്ത്രീയമായി ചോദ്യം ചെയ്യും.
കണ്ണൂർ ഇരിട്ടി മുഴക്കുന്ന് സക്കീന മൻസിലിൽ (കുനൂൽ വീട്) അബ്ദുൽ റഹീമാണ് അറസ്റ്റിലായത്. കണ്ണൂരിലെ വീട്ടിൽനിന്നാണ് ഇയാളെ അന്വേഷണസംഘം പിടികൂടിയത്. കുഴൽപണ തട്ടിപ്പ് ആസൂത്രണം ചെയ്ത റഹീം തട്ടിപ്പിന്റെ ആദ്യാവസാന പങ്കാളിയാണെന്നും പൊലീസ് പറഞ്ഞു. അതുകൊണ്ടു തന്നെ ഗൂഢാലോചനയിൽ ഇദ്ദേഹത്തിന് വ്യക്തമായ അറിവുണ്ടെന്നാണ് പൊലീസ് നിഗമനം.
ഏപ്രിൽ മൂന്നിന് കൊടകര മേൽപാലത്തിന് സമീപം വ്യാജ വാഹനാപകടമുണ്ടാക്കി മൂന്നരക്കോടി തട്ടിയെന്നാണ് ആക്ഷേപം. കാറും 25 ലക്ഷവും നഷ്ടപ്പെട്ടെന്നായിരുന്നു പരാതി. തുടരന്വേഷണത്തിലാണ് ദേശീയ രാഷ്ട്രീയ പാർട്ടിയുടെ പണമാണോ ഇതെന്ന സംശയം ഉയർന്നത്. പ്രധാന പ്രതികളെല്ലാം അറസ്റ്റിലായതോടെ പൊലീസ് തെളിവെടുപ്പ് തുടങ്ങി. പണം തട്ടാനുള്ള പ്രതികളുടെ യാത്ര പുനരാവിഷ്‌കരിച്ചായിരുന്നു തെളിവെടുപ്പ്. കവർച്ച നടത്തുന്നതിന്റെ തലേന്ന് രാത്രിയിൽ തൃശ്ശൂരിൽ തങ്ങി പുലർച്ചെയാണ് കൊടകര വരെ പോയി സംഘം കവർച്ച നടത്തിയത്. ഈ യാത്രയാണ് പ്രതികളുമായി പൊലീസ് നടത്തിയത്.
താമസിച്ച ലോഡ്ജ് മുതൽ കൊടകര മേൽപ്പാലം കഴിഞ്ഞ് നൂറ് മീറ്ററോളം യാത്ര നടത്തി. അപകടമുണ്ടാക്കി കവർച്ച നടത്തിയ രീതിയും ആസൂത്രണവുമടക്കം പ്രതികളിൽ നിന്നും ചോദിച്ചറിഞ്ഞു. തെളിവെടുപ്പിനിടയിൽ കൊരട്ടി സ്റ്റേഷനിൽ എത്തിച്ച് പ്രതികളെ ചോദ്യം ചെയ്യുകയും ചെയ്തു. രഞ്ജിത്, ദീപക്, മാർട്ടിൻ, ബാബു എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്.
മറുനാടന് മലയാളി ബ്യൂറോ