തൃശൂർ: കൊടകരയിൽ വാഹനാപകടം സൃഷ്ടിച്ച് 3.5 കോടി രൂപ കവർന്ന സംഭവത്തിൽ 2 ദിവസത്തിനുള്ളിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് 3 ബിജെപി നേതാക്കൾക്കു പ്രത്യേക അന്വേഷണ സംഘം നോട്ടിസ് അയച്ചുവെങ്കിലും അത് ഗൗരവത്തോടെ എടുക്കേണ്ടതില്ലെന്ന് ബിജെപി. പൊലീസിന് മുമ്പിൽ ഇവർ ഹാജരാകില്ല. കഴിഞ്ഞദിവസം ഹാജരാകാൻ നിർദ്ദേശിച്ചിരുന്ന ബിജെപി സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേശ്, സംസ്ഥാന ഓഫിസ് സെക്രട്ടറി ജി.ഗിരീഷ്, ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി.കർത്ത എന്നിവർക്കാണു നോട്ടിസ് അയച്ചത്.

മോഷണക്കുറ്റമാണ് അന്വേഷിക്കുന്നത്. എന്നാൽ പൊലീസ് ചെയ്യുന്നത് കൂടുതൽ പണം ഉണ്ടെന്ന് വരുത്താനും. കള്ളപ്പണത്തിൽ കേസെടുക്കാൻ ആദായ നികുതി വകുപ്പിനേ കഴിയൂവെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. അതുകൊണ്ട് തന്നെ അന്വേഷണവുമായി സഹകരിക്കില്ല. മോഷണത്തിൽ അന്വേഷണം നടക്കട്ടേ എന്നാണ് അവരുടെ നിലപാട്. ഇതിലെ ഗൂഢാലോചന കണ്ടെത്താൻ പൊലീസ് ശ്രമിക്കുന്നില്ലെന്നതാണ് ഇവരുടെ ആക്ഷേപം. ഇവർ ചോദ്യം ചെയ്യലിന് സ്വയം ഹാജരായില്ലെങ്കിൽ വാറണ്ട് പുറപ്പെടുവിച്ച് അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യറാകും.

കഴിഞ്ഞദിവസം ഹാജരാകാൻ ഗണേശിനോടും ഗിരീഷിനോടും ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവർ കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു. ഏപ്രിൽ 3ന് പുലർച്ചെ 4.30നാണു കവർച്ച നടന്നത്. സംഭവത്തിൽ ബിജെപിയുടെ 2 ജില്ലാ നേതാക്കളെയും മധ്യമേഖലാ സെക്രട്ടറിയെയും ചോദ്യം ചെയ്തിരുന്നു. കൂടുതൽ വിവരശേഖരണത്തിനായാണ് സംസ്ഥാന നേതാക്കളെ വിളിപ്പിച്ചിരിക്കുന്നത്. ഇതിൽ കർത്തയെ പ്രത്യേകസംഘം ആലപ്പുഴയിലെത്തി ചോദ്യം ചെയ്യാനും ആലോചിക്കുന്നുണ്ട്. ആലപ്പുഴ ജില്ലാ ട്രഷററാണ് കർത്ത.

പണത്തിന്റെ ഉറവിടം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് ഹർജി ലഭിച്ചിട്ടുണ്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ സഞ്ജയ് കുമാർ മിശ്ര, കൊച്ചി സോണൽ ജോയിന്റ് ഡയറക്ടർ മനിഷ് ഗോധ്‌റ എന്നിവർക്ക് തൃശൂർ വരന്തരപ്പിള്ളി സ്വദേശി ടി.എൻ. മുകുന്ദനാണ് ഹർജി നൽകിയത്. തിരഞ്ഞെടുപ്പിനു ചെലവഴിക്കാൻ പണം കടത്തിയത് ഗുരുതരമായ കുറ്റമായി കാണണമെന്നും കള്ളപ്പണം കടത്തൽ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്നും പരാതിയിൽ പറയുന്നു.

അതിനിടെ കേസിൽ ഇഡി അന്വേഷണം ആവശ്യമുണ്ടെങ്കിൽ, നിയമപ്രകാരം അതേക്കുറിച്ച് അപ്പോൾ ആലോചിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാർ ഇവിടത്തെ പൊലീസ് സംവിധാനം ഉപയോഗിച്ച് അന്വേഷണം നടത്തി വരികയാണ്. അതു ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച തെളിവുകൾ വന്നു കൊണ്ടിരിക്കുകയാണെന്നും. മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ കേസിൽ ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബിജെപി ബന്ധം കൂടി അന്വേഷണ വിധേയമാക്കണമെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ. കണക്കിൽ പെടാത്ത പണം നിയമവിരുദ്ധമായി എത്തിച്ചതായി വ്യക്തമായ സാഹചര്യത്തിൽ യുക്തമായ നടപടി സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.