- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധർമ്മരാജന്റെ മൊഴി ബിജെപി സംഘടനാ ജനറൽ സെക്രട്ടറിക്ക് എതിര്; കവർച്ചാ കേസിൽ കള്ളപ്പണത്തിലും അന്വേഷണം; പുതിയ എഫ് ഐ ആർ വരും; പരിവാർ നേതാവ് കേസിൽ രണ്ടാം പ്രതിയാകാൻ സാധ്യത; ലോഡ്ജിൽ മുറി ബുക്ക് ചെയ്തത് പാർട്ടി ഓഫിസിൽ നിന്നെന്ന മൊഴി നിർണ്ണായകമാകും; കൊടകരയിൽ നേതാക്കളെ പിടിക്കാൻ പൊലീസ്
തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ പരാതിക്കാരും പ്രതികളാകും. കുഴൽപ്പണം കൊണ്ടുവന്ന കേസ് ഇ.ഡി. ഏറ്റെടുത്താലും പണം കവർന്ന കേസ് സംസ്ഥാന പൊലീസ് അന്വേഷിക്കും. എഫ് ഐ ആറും രജിസ്റ്റർ ചെയ്യും. പരാതിക്കാരൻ ധർമ്മരാജൻ ഒന്നാം പ്രതിയാകും. ധർമ്മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ബിജെപിയുടെ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം ഗണേശും പ്രതിയാകും. അങ്ങനെ വന്നാൽ ബിജെപിയെ പ്രത്യക്ഷത്തിൽ തന്നെ വെട്ടിലാക്കുന്നതാകും അന്വേഷണം. ആർ എസ് എസിന്റെ മുതർന്ന പ്രചാരകനാണ് ഗണേശ്.
ഏപ്രിൽ മൂന്നിനാണ് കൊടകരയിൽ കവർച്ച നടന്നത്. 25 ലക്ഷം രൂപയും കാറും നഷ്ടപ്പെട്ടുവെന്ന് കാണിച്ച് കോഴിക്കോട്ടെ വ്യവസായിയും ആർഎസ്എസ് പ്രവർത്തകനുമായ ധർമരാജൻ ഡ്രൈവർ ഷംജീർ വഴി പൊലീസിന് പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാർ കണ്ടെത്തി. മൂന്നര കോടിയോളം രൂപ കാറിൽ ഉണ്ടായിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് കള്ളപ്പണ കേസ് കൂടി അന്വേഷിക്കുന്നത്. ഏപ്രിൽ മൂന്നിന് പുലർച്ചെയാണ് കവർച്ച നടക്കുന്നത്. പരാതി നൽകിയത് ഏഴിനും.
ധർമ്മരാജന്റെ മൊഴി പ്രകാരം ബിജെപി ജനറൽ സെക്രട്ടറിക്കും ഈ കടത്തിൽ പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ബിജെപിയെ വെട്ടിലാക്കുന്ന തെളിവുകൾ പുറത്ത് വന്നു കുഴിഞ്ഞു. കുഴൽപ്പണം കൊണ്ടുവന്നവർക്കു എം.ജി. റോഡിലെ സ്വകാര്യലോഡ്ജിൽ മുറി നൽകിയതു ബിജെപി. ജില്ലാ ഓഫീസിൽനിന്നു പറഞ്ഞതനുസരിച്ചാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു.
ബിജെപി. ഓഫീസിൽനിന്നു മുറികൾ ആവശ്യപ്പെട്ടു വിളിച്ചിരുന്നതായി ലോഡ്ജ് ജിവനക്കാരൻ മൊഴി നൽകി. ഇക്കാര്യം മാധ്യമങ്ങളോടും പറഞ്ഞു. രണ്ടു മുറികളിലായാണ് ആർഎസ്എസ്. പ്രവർത്തകൻ ധർമരാജനും ഡ്രൈവർ ഷംജീറും താമസിച്ചതെന്നും പറഞ്ഞു. ഇവർ ലോഡ്ജിൽ തങ്ങിയതിന്റെ രജിസ്റ്റർ രേഖകളും സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഏപ്രിൽ രണ്ടിന് രാത്രി പത്തോടെയാണ് രണ്ടു മുറികൾ വേണമെന്നു അറിയിച്ചത്. ധർമരാജനൊപ്പം ഡ്രൈവർ ഷംജീറും സഹായി റഷീദുമെത്തിയെന്ന് അന്വേഷണത്തിൽ വ്യക്തമായി.
പണം കൊണ്ടുവന്ന ധർമരാജനെയും ഡ്രൈവറെയും ഇന്നലെ പൊലീസ് ക്ലബിൽ ആറര മണിക്കൂറിലേറെ രണ്ടാമതും ചോദ്യംചെയ്തു. ധർമരാജനിൽനിന്നുകൂടുതൽ വിവരങ്ങൾ അന്വേഷണസംഘത്തിനു ലഭിച്ചതായറിയുന്നു. ധർമരാജൻ 215 -ാം നമ്പർ മുറിയിലും ഷംജീർ 216 ലും താമസിച്ചുവെന്നാണ് പൊലീസിനു കിട്ടിയ വിവരം. പണം കൊണ്ടുവന്നത് എർട്ടിഗ കാറിലാണ്. ധർമരാജൻ ക്രറ്റയിലാണ് എത്തിയത്. ബിജെപി. ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി. കർത്തയെ ചൊവ്വാഴ്ച ചോദ്യംചെയ്തതിന്റെ തുടർച്ചയായിട്ടാണു ധർമരാജനെ രണ്ടാമതും ചോദ്യംചെയ്തത്. ഇനിയും കർത്തയെ ചോദ്യം ചെയ്യും.
ലോഡ്ജിൽ തങ്ങിയതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഷംജീറിൽനിന്നു മുഖ്യമായും തേടിയത്. കർത്തയ്ക്ക് പണം നൽകാനായിരുന്നു നിർദ്ദേശമെന്നാണ് ധർമരാജന്റെ മൊഴി. കർത്ത പറഞ്ഞ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയും ധർമരാജനിൽനിന്നു മൊഴിയെടുത്തു. ഇതിൽ വ്യക്തത വരുത്താനാണ് കർത്തയെ വീണ്ടും വിളിപ്പിക്കുന്നത്.
ബിജെപി. ജില്ലാ നേതാക്കളായ കെ.ആർ. ഹരി, ട്രഷറർ സുജയ്സേനൻ, മേഖലാ സെക്രട്ടറി ജി. കാശിനാഥൻ എന്നിവരെ നേരത്തെ ചോദ്യംചെയ്തിരുന്നു.തങ്ങൾക്ക് പ്രതികളെ അറിയുകയില്ലെന്ന മൊഴിയാണ് ഇവർ നൽകിയിരുന്നത്. പണം കൊണ്ടുപോകുന്നതിനെക്കുറിച്ച് അറിയുകയില്ലെന്നും വിശദീകരിച്ചിരുന്നു. അതിനു വിരുദ്ധമായാണ് പൊലീസിനു ലഭിച്ച തെളിവുകൾ. ആരാണ് പാർട്ടി ഓഫീസിൽനിന്നു വിളിച്ചു മുറികൾ ആവശ്യപ്പെട്ടത് എന്ന കാര്യവും അന്വേഷിക്കും.
ചോദ്യംചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ടു ബിജെപി. സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേശൻ, ഓഫീസ് സെക്രട്ടറി ജി. ഗിരീഷ് എന്നിവർക്കു നോട്ടീസ് അയച്ചു. ബിജെപി. ജില്ലാ ഓഫീസിൽനിന്നു വിളിച്ചാണ് മുറികൾ ബുക്കുചെയ്തത് എന്നതിലൂന്നിയാകും പൊലീസ് കുറ്റപത്രം തയാറാക്കുകയെന്നറിയുന്നു. കൊണ്ടുവന്ന തുക ആർക്കു കൊടുക്കാനായിരുന്നു എന്ന കാര്യത്തിലാണ് ഇനിയും വിശദീകരണം വേണ്ടത്. ഇതിന് ഉത്തരം കണ്ടെത്തിയ ശേഷം അറസ്റ്റിലേക്കു നീങ്ങാനാണ് പൊലീസ് ഒരുങ്ങുന്നത്.
മറുനാടന് മലയാളി ബ്യൂറോ