തൃശ്ശൂർ: കൊടകര കുഴൽപ്പണ കേസിൽ ബിജെപി ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്യും. തൃശ്ശൂർ ജില്ലാ പ്രസിഡന്റ് അനീഷ് കുമാറിനെ നാളെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുക. തൃശ്ശൂർ പൊലീസ് ക്ലബ്ബിലാകും ചോദ്യം ചെയ്യൽ. അനീഷിന്റെ മൊഴി കണക്കിലെടുത്താകും അന്വേഷണത്തിലെ തുടർ നടപടികൾ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത് അന്വേഷണ സംഘത്തിന്റെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ തീരുമാനം രണ്ട് ദിവസത്തിനുള്ളിൽ ഉണ്ടാകും.

അതിനിടെ ബിജെപി കേന്ദ്ര നേതൃത്വം സ്ഥിതിഗതികൾ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്. സംസ്ഥാന നേതാക്കളോട് ആരോടും വിഷയത്തിൽ പ്രതികരിക്കരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. കേസിൽ കഴിഞ്ഞ ദിവസങ്ങളിലായി ബിജെപി നേതാക്കളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. പണവുമായി വന്ന ധർമരാജനും സംഘത്തിനും ഹോട്ടൽ മുറി ബുക്ക് ചെയ്ത് നൽകിയത് തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഓഫീസ് സെക്രട്ടറിയായ സതീഷിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോൾ അദ്ദേഹമത് പൊലീസിനോട് സ്ഥിരീകരിക്കുകയും ചെയ്തതായാണ് വിവരം.

ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. ബിജെപിക്ക് വേണ്ടിയല്ല പണം കൊണ്ടുവന്നതെന്ന് നേതൃത്വം പറയുമ്പോഴും നേതാക്കൾ ഇടപ്പെട്ട് എന്തിനാണ് പണം കൊണ്ടുവന്നവർക്ക് സൗകര്യം ചെയ്ത് നൽകിയതെന്ന ചോദ്യമാണ് ഉയരുന്നത്. ബിജെപി തലപ്പത്തുള്ള നേതാവ് പണവുമായി എത്തിയ ധർമരാജുമായി നിരവധി തവണ സംസാരിച്ചതായി പൊലീസിന് വിവരം ലഭിച്ചു. ചോദ്യംചെയ്യലിൽ ബിജെപി നേതാക്കൾ നൽകിയ മൊഴികൾ അന്വേഷകസംഘം തള്ളി. ഉന്നതരെയടക്കം വീണ്ടും ചോദ്യം ചെയ്യും.

കവർച്ച നടന്ന ദിവസം അർധരാത്രി അനീഷ്‌കുമാർ ഉൾപ്പടെ ബിജെപി നേതാക്കൾ തൃശുർ നഗരത്തിലുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. കവർച്ച നടന്ന ദിവസവും അടുത്തദിവസവുമായി ബിജെപി തലപ്പത്തുള്ള നേതാവും ധർമരാജും തമ്മിൽ പല തവണ ഫോണിൽ സംസാരിച്ചതായി പൊലീസിന് രേഖകൾ ലഭിച്ചു. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവുമായി ബന്ധപ്പെട്ടാണ് ധർമരാജുമായി സംസാരിച്ചതെന്നാണ് സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശ് ഉൾപ്പെടെ മൊഴി നൽകിയത്. അന്വേഷണത്തിൽ ധർമരാജന് തെരഞ്ഞെടുപ്പിന്റെ ചുമതലകൾ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. ഇതോടെ നേതാക്കളുടെ മൊഴികൾ അന്വേഷണസംഘം തള്ളുകയായിരുന്നു.

ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ്, ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരി, മധ്യമേഖലാ സെക്രട്ടറി കാശിനാഥൻ, ജില്ലാ ട്രഷറർ സുജയ്‌സേനൻ, ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത, തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറി സതീശ് എന്നിവരെ ഇതിനകം പ്രത്യേക അന്വേഷകസംഘം ചോദ്യംചെയ്തിരുന്നു. ഈ വിവരങ്ങൾ ഫോൺരേഖകൾ ഉൾപ്പടെയുള്ള ഡിജിറ്റൽ തെളിവുകളുമായി അന്വേഷകസംഘം പരിശോധിച്ചു.

തട്ടിയെടുത്ത മൂന്നരക്കോടി രൂപ കൊണ്ടുവന്നത് കോഴിക്കോട് സ്വദേശിയായ ധർമരാജനായിരുന്നു. പരാതിക്കാരനായ ധർമരാജന്റെ മൊഴി വിശദമായി രേഖപ്പെടുത്തിയപ്പോൾ ബിജെപിയുടെ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ ചുമതലയെക്കുറിച്ചു പറഞ്ഞിരുന്നില്ല. ധർമരാജനെ ഫോണിൽ വിളിച്ചതു തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനാണെന്ന് സംഘടനാ സെക്രട്ടറി എം.ഗണേശ് മൊഴി നൽകിയിരുന്നു. ഇരുവരുടേയും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. ധർമ്മരാജനും കെ സുരേന്ദ്രനും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, പൊലീസ് നിയമപരിധിക്കപ്പുറത്താണ് കാര്യങ്ങൾ അന്വേഷിക്കുന്നതെന്ന നിലപാടിലാണ് ബിജെപി. കവർച്ചക്കേസ് അന്വേഷിക്കേണ്ട പൊലീസ് പണത്തിന്റെ ഉറവിടവുമായി ബിജെപിയെ ബന്ധപ്പെടുത്താനാണു ശ്രമിക്കുന്നതെന്ന് നേതാക്കൾ ആരോപിക്കുന്നു. അതേസമയം, നഷ്ടപ്പെട്ട മൂന്നരക്കോടിയിൽ രണ്ടരക്കോടി രൂപ കണ്ടെത്താൻ കണ്ണൂരിലെ പ്രതികളുടെ വീടുകളിൽ വരുംദിവസങ്ങളിലും പരിശോധന തുടരും.

ഇതിനിടെ, ഒബിസി മോർച്ച നേതാവ് ഋഷി പൽപ്പുവിന്റെ പരാതി പ്രകാരം ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ. ഹരിക്ക് എതിരെ വെസ്റ്റ് പൊലീസ് കേസെടുത്തു. വധഭീഷണി മുഴക്കിയെന്ന പരാതിയിലാണ് കേസ്. സ്റ്റേഷനിൽ നിന്ന് ജാമ്യം കിട്ടാവുന്ന വകുപ്പു പ്രകാരമാണ് കേസ്.