- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
25 ലക്ഷം രൂപ മാത്രം നഷ്ടപ്പെട്ടതായി പരാതി നൽകിയതിനു പിന്നിൽ അതിബുദ്ധി; പൊലീസിന്റെ സഹായത്തോടെ മോഷണ സംഘത്തെ കണ്ടെത്തി ബാക്കി പണം തിരികെ സംഘടിപ്പിക്കാൻ നടത്തിയ നീക്കം; ഗൂഢാലോചനാ തെളിവ് തേടി നടത്തുന്നത് പഴുതടച്ച അന്വേഷണം; കൊടകരയിൽ ഒന്നും സംഭവിക്കില്ലെന്ന് വിശ്വസിച്ച് ബിജെപിയും
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ കുരുക്കു മുറുക്കാനുള്ള എല്ലാ സാധ്യതയും തേടി പൊലീസ്. ആർഎസ്എസ് പ്രവർത്തകനും കോഴിക്കോട്ടെ ബിജെപി പരിപാടികളിൽ സജീവ പങ്കാളിയുമായ ധർമരാജനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യാനുള്ള സാധ്യത തേടുന്നു. കവർച്ചാ കേസിന് പുറത്ത് അന്വേഷണം നീങ്ങുകയാണ്. എന്നാൽ ഇതിന്റെ പേരിൽ മറ്റൊരു കേസും പൊലീസ് ഇതുവരെ എടുത്തിട്ടില്ല. നിയമോപദേശം തേടിയ ശേഷമാകും ഇക്കാര്യത്തിൽ നിലപാട് എടുക്കുക.
കുഴൽപണ കവർച്ചക്കേസിൽ 25 ലക്ഷം രൂപ മാത്രം നഷ്ടപ്പെട്ടതായി പരാതി നൽകിയതിനു പിന്നിൽ അതിബുദ്ധിയെന്നാണ് പൊലീസ് നിഗമനം. പൊലീസിന്റെ സഹായത്തോടെ മോഷണ സംഘത്തെ കണ്ടെത്താനും ബാക്കി പണം തിരികെ സംഘടിപ്പിക്കാനുമായിരുന്നു ധർമരാജന്റെ പദ്ധതിയെന്നു പൊലീസ് സംശയം. ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാനാണ് ശ്രമം. കവർച്ചാ കേസിലെ പ്രതികളെ വീണ്ടും പൊലീസ് ചോദ്യം ചെയ്യും. ഒത്തുതീർപ്പിലൂടെ കേസ് ഒതുക്കാനുള്ള ശ്രമം നടന്നോ എന്നും പരിശോധിക്കും. കവർച്ചാ കേസിലും കൂടുതൽ അറസ്റ്റ് നടക്കും.
ഏറെ വെല്ലുവിളി പൊലീസിന് ഈ കേസിലുണ്ട്. 25 ലക്ഷം മോഷണം പോയെന്നാണ് പരാതി. എന്നാൽ ഒന്നര കോടിയോളം രൂപ മോഷ്ടാക്കളിൽ നിന്ന് പിടിച്ചെടുത്തു. ഇത് ധർമ്മരാജന്റെ കൈയിൽ നിന്ന് കിട്ടിയ പണമാണെന്ന് സ്ഥിരീകരിക്കുക ശ്രമകരമാണ്. പ്രതികളിൽ ആരും വീട്ടിൽ നിന്ന് കിട്ടിയതും പിടിച്ചെടുത്തതുമായ പണം കവർച്ചയിലൂടെ നേടിയതാണെന്ന് സമ്മതിക്കില്ല. അങ്ങനെ ചെയ്താൽ അവർ മോഷണം ചെയ്തുവെന്ന കുറ്റം സമ്മതിക്കുന്നതിന് തുല്യമാകും.
അതുകൊണ്ടു തന്നെ കിട്ടിയ പണം ധർമ്മരാജന്റേതാണെന്ന് കോടതിയെ ബോധ്യപ്പെടുത്തുക വെല്ലുവിളിയായി തുടരും. ഇത് ബിജെപി നേതൃത്വത്തിനും അറിയാം. അതുകൊണ്ടാണ് ധർമ്മരാജനുമായുള്ള അടുപ്പം നിഷേധിക്കാതെ അന്വേഷണവുമായി ബിജെപി നേതാക്കളും സഹകരിക്കുന്നത്. അപ്രതീക്ഷിത ട്വിസ്റ്റ് കേസിനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കളെ പൊലീസ് ചോദ്യം ചെയ്യുന്നത്. എല്ലാം വ്യക്തമാണെങ്കിലും ഗൂഢാലോചന തെളിയിക്കുന്ന അതിശക്തമാ തെളിവൊന്നും പൊലീസിന് കിട്ടിയിട്ടില്ല.
കവർച്ചക്കേസിൽ ഇന്നലെ ഒരാൾ കൂടി അറസ്റ്റിലായി. 12-ാം പ്രതി ബഷീറിന്റെ സഹായി മലപ്പുറം മങ്കട കല്ലിങ്കൽ സുൽഫിക്കറിനെയാണ് പിടികൂടിയത്. ബഷീറിന്റെ ഭാര്യ ജമീലയുടെ സുഹൃത്ത് നൗഷാദിന്റെ വീട്ടിൽനിന്ന് 50,000 രൂപയും 20-ാം പ്രതി ദീപ്തിയുടെ കോടാലിയിലെ വീട്ടിൽനിന്ന് 9.5 പവൻ സ്വർണവും കണ്ടെടുത്തിട്ടുണ്ട്. ആലപ്പുഴയടക്കം 4 ജില്ലകളുടെ ചുമതലയുള്ള ബിജെപി മധ്യമേഖലാ സംഘടനാ സെക്രട്ടറി എൽ. പത്മകുമാറിനെ ഇന്നലെ 2 മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തു. കേസുമായി പാർട്ടിക്കോ തനിക്കോ ബന്ധമില്ലെന്ന നിലപാടിലായിരുന്നു പത്മകുമാർ. പണം നഷ്ടപ്പെട്ടതിനോടനുബന്ധിച്ച 3 ദിവസങ്ങളിലായി 29 തവണ ധർമരാജനുമായി ഒരു സംസ്ഥാന നേതാവ് ബന്ധപ്പെട്ടതിന്റെ തെളിവുകളും പൊലീസ് ശേഖരിച്ചു.
കവർച്ച സംഘത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളുമായി ബിജെപി ജില്ലാ നേതൃത്വം കൂടിക്കാഴ്ച നടത്തിയതും പൊലീസ് നിർണായക തെളിവായി കാണുന്നു. ആരുടെ നിർദേശ പ്രകാരമായിരുന്നു കൂടിക്കാഴ്ച എന്നതിനെക്കുറിച്ചും പൊലീസിനു വിവരം കിട്ടിയിട്ടുണ്ട്. പാർട്ടിയുടെ ഉത്തരവാദിത്തം ഇല്ലാത്തയാളാണ് ധർമരാജനെന്നായിരുന്നു അന്ന് ബിജെപി നേതാക്കളുടെ നിലപാട്. പിന്നീട് ഇത് മാറ്റി പറഞ്ഞു. പ്രചരണ സാമഗ്രികളുടെ വിതരണ ചുമതല ധർമ്മരാജന് ഉണ്ടെന്നായി നിലപാട്. ഇത് കളവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ജില്ലാ, സംസ്ഥാന നേതാക്കൾ പണക്കടത്തിന്റെ ദിവസങ്ങളിൽ പലതവണ വിളിച്ചതിന്റെയും ധർമരാജനു പാർട്ടി ഓഫിസിൽനിന്നു മുറി ബുക്ക് ചെയ്തു കൊടുത്തതിന്റെയും വിവരങ്ങൾ പുറത്തു വന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളുമായാണു ധർമരാജൻ എത്തിയതെന്നായി പാർട്ടിയുടെ വാദം. സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്തപ്പോൾ പറഞ്ഞ ഈ വിവരം തന്നെയാണ് ജില്ലാ നേതാക്കളെ ചോദ്യം ചെയ്തപ്പോഴും ലഭിച്ചത്.
ആ സാമഗ്രികൾ എന്താണെന്ന പൊലീസിന്റെ ചോദ്യത്തിന് ലഡ്ജർ നോക്കിയാലേ പറയാൻ പറ്റൂ എന്ന മറുപടിയുമായി ഒഴിഞ്ഞു മാറുകയാണു നേതാക്കൾ ചെയ്തത്. പണം യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക് തന്നു വിട്ടതാണെന്നാണു ധർമരാജൻ മൊഴി നൽകിയത്. ആലപ്പുഴയിലെ ബിജെപി നേതാക്കൾക്കു നൽകാനായിരുന്നു നിർദേശമെന്നും ധർമ്മരാജൻ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ