കൊച്ചി: കൊടകര കള്ളപ്പണം തട്ടിക്കൊണ്ടു പോകൽ കേസിൽ കരുതലോടെ തീരുമാനം എടുക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ബന്ധപ്പെട്ട ചട്ടങ്ങളുടെ ലംഘനം സംബന്ധിച്ച് തെളിവ് കിട്ടിയാൽ ഇഡി ഇടപെടും. പൊലീസ് അന്വേഷണത്തിൽ പുറത്തുവരുന്ന തെളിവുകളാണ് ഇതിൽ പ്രധാനം. ഇതുമായി ബന്ധപ്പെട്ട കേസിലെ ഹൈക്കോടതി നിലപാടും നിർണ്ണായകമാകും.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ), വിദേശ നാണയ വിനിമയ ചട്ടം (ഫെമ) എന്നിവയുടെ ലംഘനങ്ങൾ ഹൈക്കോടതി കണ്ടെത്തിയാൽ ഇഡി കേസ് രജിസ്റ്റർ ചെയ്യേണ്ടിവരും. തട്ടിക്കൊണ്ടു പോയ കള്ളപ്പണം വിദേശബന്ധമുള്ള കുഴൽപ്പണമാണെന്നതിനു തെളിവു ലഭിച്ചാലും ഇടപെടലുണ്ടാകും. കുറ്റകൃത്യങ്ങളിലൂടെ നിയമവിരുദ്ധമായാണ് ഈ പണം സ്വരൂപിച്ചതെന്നു കണ്ടെത്തിയാലും പിഎംഎൽഎ, ഫെമ നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഇഡി കേസ് അന്വേഷിക്കണം. നിലവിൽ ഇത് വെറുമൊരു കള്ളപ്പണക്കേസാണെന്നാണ് ഇഡിയുടെ വിലയിരുത്തൽ. കണക്കിൽ പെടാത്ത കള്ളപ്പണത്തിൽ ഇടപെടാൻ ഇഡിക്ക് നിയമപരമായ പരിമിതികളുണ്ട്.

എല്ലാ പണം ഇടപാടുകളിലും ഇടപെടാൻ ഇ. ഡി.ക്ക് പറ്റില്ല. ഈ കേസിൽ പ്രഥമദൃഷ്ട്യാ വരുന്ന വിവരം അനുസരിച്ച്, ഇത് കർണാടകത്തിൽ നിന്നും ഇവിടെ ഒരു രാഷ്ട്രീയ പാർട്ടിക്ക് (ബിജെപിക്ക് എന്ന് പറയപ്പെടുന്നു) അവരുടെ ഇലക്ഷന് ഉപയോഗിക്കാൻ കൊണ്ടുവന്ന കള്ളപ്പണം എന്നാണ് പൊലീസ് ഇതുവരെ നടത്തിയ അന്വേഷണത്തിൽ കിട്ടിയ വിവരം. അപ്പോൾ അത് കുഴൽപ്പണം അല്ല. കണക്കിൽ പെടാത്ത ബ്‌ളാക്ക് മണി ആണ്. അത് കുഴൽപ്പണം അല്ല. കുഴൽപ്പണം ഇടപാട് ഇ.ഡി അന്വേഷിക്കണം എങ്കിൽ, അത് നമ്മുടെ രാജ്യത്തിന് പുറത്ത് നിന്നും വരുന്ന പണം ആവണം.ഈ.ഡി. അന്വേഷിക്കണം എങ്കിൽ വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ടുള്ള ഏതെങ്കിലും തരത്തിൽ ഈ പണമിടപാടിന് ബന്ധം വരണം. അങ്ങനെയുള്ളതാണ് ഈ.ഡി.യുടെ പരിധിയിൽ വരുന്ന കുഴൽപ്പണം. അല്ലെങ്കിൽ ഹവാല. അത് അന്വേഷിക്കാൻ മാത്രമേ ഈ.ഡി.ക്ക് നിയമപരമായി കഴിയൂ-ഇതാണ് ഇഡി ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.

കണക്കിൽപ്പെടാത്ത പണം, ഇൻകം ടാക്‌സിന്റെ പരിധിയിലാണ് വരുന്നത്. അതുകൊണ്ട് ഈ.ഡി.ക്ക് അതു അന്വേഷിക്കാൻ വകുപ്പില്ല. മറ്റ് ഏജൻസികൾ നടത്തുന്ന പ്രാഥമിക അന്വേഷണങ്ങളിൽ ഇതിന് കുഴൽപ്പണം സംബന്ധമായ ബന്ധമുണ്ട് എന്ന് ഈ.ഡി.യെ അറിയിച്ചാൽ അതിന്റെ അടിസ്ഥാനത്തിൽ അന്വേഷിക്കാൻ പറ്റും. അല്ലാതെ മറ്റൊന്നിനും കഴിയില്ല. ചെറിയ യൂണിറ്റ് ആണ് ഈ.ഡി.ക്ക് കേരളത്തിലുള്ളത്. കൊച്ചിയിലും കോഴിക്കോട്ടും 2 ഓഫീസുകൾ മാത്രം. വളരെ വിരലിലെണ്ണാവുന്ന ഉദ്യോഗസ്ഥരെ ഇവിടെയുള്ളൂ. വരുന്ന സകല വിഷയങ്ങളിലും കേസെടുക്കാനുള്ള പരിമിതികളും ഇതുമൂലം ഉണ്ട്. അതിനിടെ കൊടകര വിഷയത്തിൽ ഇഡിക്ക് കേരളാ പൊലീസ് റിപ്പോർട്ട് നൽകാനുള്ള സാധ്യത ഈ ഘട്ടത്തിൽ വിരളമാണ്.

ടാക്‌സ് വെട്ടിപ്പ് ഒക്കെ കള്ളപ്പണ ഇടപാടാണ്. മണി ലോണ്ടറിങ് അല്ല. ക്രൈം കമ്മിറ്റ് ചെയ്ത് ഇടപാടുകളിൽ ഇ. ഡി.ക്ക് കേസെടുക്കാം. നാട്ടിലെ കള്ളപണം ആണെങ്കിൽ ; ഉദാഹരണം സ്ഥലം വിൽക്കുമ്പോൾ രജിസ്‌ട്രേഷനിൽ കാണിക്കുന്നതിന് പുറത്തുള്ളത് കള്ളപ്പണമാണ്. ക്രൈം അല്ലെങ്കിൽ ഇൻ്കംടാക്‌സ് ഏജൻസികളാണ് കേസ് എടുക്കേണ്ടത്.അതേ സമയം വസ്തു ഇടപാടിൽ കൊടുക്കാം എന്ന് പറഞ്ഞു കൊടുക്കാതെ ഒരാളെ ചീറ്റ് ചെയ്താൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്താൽ ഇ. ഡി.ക്ക് മണി ലോണ്ടറിങ്ങിന് കേസെടുക്കാം.

പൊലീസ് കേസ് എടുത്തില്ലെങ്കിൽ മണി ലോണ്ടറിങ് ഇല്ലാതെ ഇ. ഡി.ക്ക് ഇടപെടാൻ നിയമമില്ല. പലരെയും പറ്റിച്ചു പണമുണ്ടാക്കിയ ഒരുത്തനു മേൽ കേസ് ഒന്നും ഇല്ലെങ്കിൽ ഇ. ഡി.ക്ക് കേസ് എടുക്കാൻ പറ്റത്തില്ല. ഇതാണ് നിയമവശം.