കൊച്ചി: ബിജെപി സംസ്ഥാന ഘടകത്തെ പ്രതിരോധത്തിലാക്കിയ കൊടകര കുഴൽപണക്കേസിന്റെ ഗുണഭോക്താക്കളെ കണ്ടെത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അനൗദ്യോഗിക അന്വേഷണം തുടങ്ങി. കള്ളപ്പണം കൊള്ള ചെയ്യാനുള്ള ഗൂഢാലോചന, അതിന്റെ ഗുണഭോക്താക്കൾ എന്നിവരെ സംബന്ധിച്ചു കേരള പൊലീസിന്റെ പക്കലുള്ള വിവരങ്ങൾ ഇഡി ശേഖരിച്ചു. അതിനിടെ ഉപ്പു തിന്നവർ വെള്ളം കുടിക്കട്ടെ എന്നാണു ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭൻ പറയുന്നത്. ഇത്തരം ചർച്ചകൾക്കിടെയാണ് ഇഡിയുടെ അന്വേഷണവും എത്തുന്നത്.

ഇതുവരെ രാജ്യത്തിനുള്ളിൽ നിൽക്കുന്ന കള്ളപ്പണക്കേസും അതു തട്ടിയെടുത്ത ക്രിമിനൽ കേസുമായാണു കൊടകര കവർച്ചയെ ഇഡി വിലയിരുത്തുന്നത്. പണത്തിന്റെ ഉറവിടം വിദേശത്താണെങ്കിൽ ഈ കേസിനെ കുഴൽപണക്കേസായി പരിഗണിച്ച് അന്വേഷണം ഏറ്റെടുക്കാൻ ഇഡിക്കു കഴിയും. ആദായ നികുതി വകുപ്പും കേരള പൊലീസും അന്വേഷിക്കേണ്ട കേസാണിതെന്നാണ് ഇഡിയുടെ അനുമാനം. കൊടകരയിൽ നിലപാട് അറിയിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇഡി ജോയിന്റ് ഡയറക്ടർ അവധി കഴിഞ്ഞ് അടുത്ത ദിവസം മടങ്ങിയെത്തും. ഇതിന് ശേഷം നിലപാട് എടുക്കും.

കുഴൽപ്പണ കേസിലെ പരാതിക്കാരൻ ധർമരാജൻ വിതരണം ചെയ്ത തിരഞ്ഞെടുപ്പു സാമഗ്രികൾ ഏതെന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. കെ. സുരേന്ദ്രന്റെ സെക്രട്ടറിയും ഡ്രൈവറും ധർമരാജനുമായി നിരന്തരം ബന്ധപ്പെട്ടത് തിരഞ്ഞെടുപ്പു സാമഗ്രികൾക്കു വേണ്ടിയാണെന്നാണു മൊഴി നൽകിയിട്ടുള്ളത്. സുരേന്ദ്രന്റെ അറിവോടെയാണ് ഇരുവരും ധർമരാജനെ വിളിച്ചതെന്നതുകൊണ്ടു കൂടിയാണു സുരേന്ദ്രനെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചിട്ടുള്ളത്. സുരേന്ദ്രൻ നൽകുന്ന വിവരങ്ങളും ചേർത്തായിരിക്കും കേസിന്റെ അന്തിമ റിപ്പോർട്ട് തയാറാക്കുക. സുരേന്ദ്രനെ എത്രയും വേഗം ചോദ്യം ചെയ്യാനാണ് തീരുമാനം.

ഇതുവരെ ബിജെപി നേതാക്കൾ നൽകിയ വിവരം സുരേന്ദ്രന്റെ മൊഴിയുമായി പൊരുത്തപ്പെടുന്നുണ്ടോയെന്നും നോക്കും. ഇവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാകും സുരേന്ദ്രനിൽനിന്നു വിവരം ശേഖരിക്കുക. അതിനിടെ റിട്ട. ജഡ്ജിയെ വച്ചു സമഗ്രമായ ജുഡീഷ്യൽ അന്വേഷണം വേണമെന്നു കെ.മുരളീധരൻ എംപി. ആവശ്യപ്പെട്ടു. സമഗ്രമായ അന്വേഷണം പൊലീസ് നടത്തട്ടെ എന്ന സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു.

പണമിടപാടിലൂടെ സുരേഷ് ഗോപി എംപിക്കു നേട്ടമുണ്ടായോ എന്നതുകൂടി അന്വഷിക്കണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാൽ ആവശ്യപ്പെട്ടു. തൃശൂരിൽ ഏറ്റുമുട്ടിയ ഇരുവരും സിപിഐ സ്ഥാനാർത്ഥിയോടു പരാജയപ്പെടുകയായിരുന്നു. തൃശൂരിൽ ബിജെപി ഒഴുക്കിയ പണത്തിന്റെ ഗുണഭോക്താവാണ് സുരേഷ് ഗോപിയെന്ന് പത്മജ ആരോപിച്ചു.