- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കവർച്ച ചെയ്ത ശേഷം ധർമ്മരാജൻ വിളിച്ചത് ഏഴ് ബിജെപി നേതാക്കളെ; സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് പോയത് 30 സെക്കന്റിന്റെ കോൾ; കടത്തിയത് 9.5 കോടിയെന്ന് വിലയിരുത്തി പൊലീസ്; തട്ടിയെടുത്തത് കോന്നിയിലേക്കുള്ള പണമെന്നും അന്വേഷണ സംഘത്തിന് സംശയം; കൊടകരയിൽ ഉറവിടം കണ്ടെത്തേണ്ടത് ഇഡിയോ?
തൃശൂർ: കൊടകര കുഴൽപ്പണത്തിൽ പൊലീസിന് കേസ് നൽകാനുള്ള തീരുമാനം എടുത്തത് ആരെന്നതിനെ ചൊല്ലി ബിജെപിയിൽ തർക്കം. നേതാക്കളുമായി ചർച്ച ചെയ്താണ് ധർമ്മരാജൻ കേസ് കൊടുത്തത് എന്ന് വ്യക്തമാണ്. ഈ കേസാണ് ബിജെപിയെ പ്രതിരോധത്തിലാക്കിയ കേസായി മാറിയത്. പൊലീസിനെ സമീപിക്കാൻ ആരാണ് പറഞ്ഞത് എന്നതിൽ പാർട്ടിക്കുള്ളിൽ തർക്കം സജീവമാണ്.
പണം തട്ടിക്കൊണ്ട് പോയത് മൂന്നാം തീയതി പുലർച്ചെയാണ്. പരാതി നൽകിയത് ഏഴിനും. എന്തുകൊണ്ട് പണം തട്ടിക്കൊണ്ടു പോയ ഉടൻ പൊലീസിനെ അറിയിച്ചില്ലെന്നും ചോദ്യം ഉയരുന്നുണ്ട്. അതിനിടെ കേരളത്തിലുണ്ടായിരുന്ന കേന്ദ്ര നേതാക്കളാണ് പൊലീസിൽ പരാതി കൊടുക്കണമെന്ന് നിർദ്ദേശിച്ചതെന്ന അനൗദ്യോഗിക ചർച്ചയും സജീവമാണ്. അതിനിടെ മൂന്നു ജില്ലകളിലേക്കായി 9.5 കോടി രൂപയാണ് കൊണ്ടുവന്നതെന്നും ഈ ജില്ലകളിൽ ചെലവഴിച്ചതിനു ശേഷമുള്ള 3.5 കോടി രൂപയാണു കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടതെന്നുമാണു പൊലീസിനു ലഭിച്ച വിവരം. ഈ തുകയിൽ തന്നെ വലിയൊരു പങ്ക് സുരേന്ദ്രൻ മത്സരിച്ച കോന്നി മണ്ഡലത്തിലേക്കെന്നും പൊലീസ് പറയുന്നു. എന്നാൽ ഇത് സാധൂകരിക്കാനുള്ള തെളിവുകളൊന്നും പൊലീസിന് കിട്ടിയിട്ടുമില്ല.
പണത്തിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആണു നടത്തേണ്ടത്. ഇതിനായി കോടതിയിൽ ഹർജികൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. കേസിന്റെ വിശദാംശങ്ങൾ സഹിതം ഇഡിക്ക് പരാതികൾ ലഭിച്ചെങ്കിലും അന്വേഷണം തുടങ്ങിയിട്ടില്ല. പണം കടത്തുമായി ബന്ധപ്പെട്ടു പരമാവധി തെളിവുകൾ ശേഖരിച്ച് ഇഡിക്ക് റിപ്പോർട്ട് നൽകാനാണ് പൊലീസിന്റെ ശ്രമം. കുഴൽപണ കവർച്ചയിൽ 21 പ്രതികളെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘം 1.25 കോടി രൂപ കണ്ടെടുത്തിട്ടുണ്ട്. പണം കൊടുത്തുവിട്ടത് കർണാടകയിൽ നിന്നാണെന്നും ഇതിൽ ഇടപെട്ടതു യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക് ആണെന്നും പണം കൊണ്ടുവന്ന ധർമരാജനെ സംഭവദിവസവും തലേന്നും തുടർച്ചയായി വിളിച്ചുകൊണ്ടിരുന്നതിനാലാണ് ബിജെപി സംഘടനാ സെക്രട്ടറി എം. ഗണേശനെയും ഓഫിസ് സെക്രട്ടറി ഗിരീഷിനെയും ചോദ്യം ചെയ്തത് എന്നും പൊലീസ് പറയുന്നു.
ഇതേത്തുടർന്നുള്ള അന്വേഷണത്തിലാണ് ബിജെപിയുടെ തൃശൂർ ജില്ലാ ഭാരവാഹികൾ ധർമരാജനും സംഘത്തിനും തൃശൂരിൽ മുറി ബുക്ക് ചെയ്തു നൽകിയതും ആലപ്പുഴയിലെ ജില്ലാ ട്രഷറർ കെ.ജി. കർത്ത അടക്കമുള്ളവർ വിളിച്ചതും അന്വേഷണ പരിധിയിലെത്തിയത്. സുരേന്ദ്രന്റെ സെക്രട്ടറി, ഡ്രൈവർ എന്നിവരും ധർമരാജനെ വിളിച്ചതായി സ്ഥിരീകരിച്ചതോടെ അന്വേഷണം ബിജെപി അധ്യക്ഷൻ സുരേന്ദ്രനിലേക്കും എത്തി. കൂടുതൽ പരിശോധനയിലാണു ധർമരാജന് ലഭിച്ച ഫോൺ കോളുകളിൽ സുരേന്ദ്രന്റെ മകന്റെ ഫോണിൽ നിന്നുള്ള വിളിയും ഉണ്ടെന്നു പൊലീസ് കണ്ടെത്തിയത്. മുപ്പതു സെക്കന്റിൽ താഴെയാണ് ഈ വിളി. പണം കവർച്ച ചെയ്തതിന് തൊട്ടു പിന്നാലെയായിരുന്ു ഫോണിലേക്ക് വിളി വന്നത്.
ധർമരാജൻ കവർച്ചയ്ക്ക് ശേഷം ആദ്യം വിളിച്ചത് ഏഴു ബിജെപി നേതാക്കളെയെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ആദ്യ ഏഴ് കോളിൽ കെ സുരേന്ദ്രന്റെ മകന്റെ ഫോൺ നമ്പറും ഉൾപ്പെടുന്നു. 30 സെക്കൻഡ് നേരം മാത്രമാണ് ഫോൺ കോളുകൾ നീണ്ട് നിന്നത്. അതിനിടെ കൊടകരയിൽ കുഴൽപണക്കേസിൽ ബിജെപി പ്രവർത്തകനായ ധർമരാജ് വാദിയാണെന്നും പ്രതികൾ സിപിഐസിപിഎം പ്രവർത്തകരാണെന്നും ബിജെപി നേതാക്കൾ ആരോപിച്ചു. വാദിയുടെ ഫോൺകോൾ വിശദാംശങ്ങൾ പൊലീസ് പരിശോധിക്കുന്നതു വിചിത്രമാണ്. ബിജെപി പ്രവർത്തകനായ ധർമരാജന്റെ ഫോൺകോൾ പട്ടികയിൽ സ്വാഭാവികമായും ബിജെപി നേതാക്കളുണ്ടാകും. പ്രതികളുടെ വിവരം പുറത്തുവിടാനോ ഫോൺകോൾ വിശദാംശം പരിശോധിക്കാനോ പൊലീസ് തയാറാകാത്തതെന്താണെന്നു കുമ്മനം രാജശേഖരനും കേന്ദ്രമന്ത്രി വി. മുരളീധരനും ചോദിച്ചു. പ്രതികൾക്കു കൊടുങ്ങല്ലൂർ എംഎൽഎ, എഐഎസ്എഫ്, ഡിവൈഎഫ്‌ഐ നേതാക്കൾ തുടങ്ങിയവരുമായി ബന്ധമുണ്ടെന്നും ബിജെപി പറയുന്നു.
ഈ കേസിൽ ചോദ്യം ചെയ്യലിൽനിന്നു ബിജെപി നേതാക്കൾ ഒളിച്ചോടില്ല. കള്ളപ്പണത്തെക്കുറിച്ചു ചോദിക്കാനുള്ള ധാർമിക അവകാശം സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനില്ല. കോടിയേരിയുടെ മകൻ മത്സ്യക്കച്ചവടമോ പച്ചക്കറിക്കച്ചവടമോ നടത്തിയ പണമാണോ വീട്ടിലെത്തിച്ചതെന്ന് അദ്ദേഹം പറയണം. സ്വർണക്കള്ളക്കടത്തു കേസ് ഇപ്പോഴും മുന്നോട്ടുപോകുന്നുണ്ടെന്ന തിരിച്ചറിവാണു സിപിഎമ്മിനെ വിറളി പിടിപ്പിക്കുന്നത്. കോടിയേരിയുടെ മകൻ ലഹരിമരുന്നുകടത്തു കേസിൽ കുരുങ്ങിയതിലുള്ള പ്രതികാരം തീർക്കാനാണു കെ.സുരേന്ദ്രന്റെ മകനെ ഈ കേസിലേക്കു വലിച്ചിഴക്കുന്നതെന്നും ബിജെപി നേതാക്കൾ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ