തൃശൂർ: കൊടകര കുഴൽപണക്കേസിൽ സിപിഎം പ്രവർത്തകൻ പണി കൊടുത്തതായി സൂചന. കേസിൽ യുവമോർച്ച നേതാവ് സത്യേഷ് വധക്കേസിലെ പ്രതിയുമായ ശ്രീനാരായണപുരം പൂതോട്ട് പി.ആർ. രജിനെ(ടുട്ടു) പൊലീസ് ചോദ്യം ചെയ്തിരുന്നു. പ്രതി രഞ്ജിത് നൽകിയ 3 ലക്ഷം രൂപ രജിന്റെ കൈവശമുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ഇത് പൊലീസിനോട് സമ്മതിക്കുകയും ചെയ്തു. ഈ തുക മടക്കി നൽകാമെന്ന ഉറപ്പിൽ വിട്ടയച്ചു. അറസ്റ്റ് ചെയ്തതുമില്ല. ഇയാൾ പണം തിരിച്ചു നൽകിയില്ലെന്നതാണ് വസ്തു. ഇതിനൊപ്പം കൊടകരയിലെ കുഴൽപ്പണമെന്ന് പൊലീസ് ആരോപിക്കുന്ന 3.5 കോടി രൂപയിൽ 2.25 കോടി രൂപ ഇപ്പോഴും കാണാമറയത്താണ്. കണ്ണൂരിനു പുറമേ വയനാട്ടിലും പൊലീസ് പണത്തിനായി തിരച്ചിൽ നടത്തിയെങ്കിലും ഒന്നും ലഭിച്ചിട്ടില്ല.

കൊടകര കുഴൽപ്പണ കവർച്ചയ്ക്ക് പിന്നിൽ സിപിഎം ക്രിമിനൽ സംഘം എന്ന ആരോപണം ബിജെപി ഉന്നയിക്കുന്നുണ്ട്. രണ്ട് കൊലക്കേസുകളിലെ പ്രതിയും സിപിഎം കൊടും ക്രിമിനലുമായ ആളാണ് കവർച്ചാ സംഘത്തിന് വേണ്ട ഒത്താശകൾ ചെയ്തതെന്ന് വ്യക്തമായതായി അവർ ആരോപിക്കുന്നു. ടുട്ടു എന്ന രജിനാണ് കവർച്ചാ സംഘത്തിന് ഒത്താശ ചെയ്തത് എന്നാണ് ബിജെപി ആരോപണം. കവർച്ചയ്ക്കു ശേഷം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് റെജിലാണ്. കവർച്ചയ്ക്കു ശേഷം പ്രതികളുമായി ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നതായും വ്യക്തമായിട്ടുണ്ട്. കൊടുങ്ങല്ലൂരിൽ ബിജെപി പ്രവർത്തകരായ സത്യേഷിനെയും പ്രമോദിനെയും കൊലപ്പെടുത്തിയ കേസുകളിൽ പ്രതിയാണ് രജിൻ. ഇയാൾ കുറ്റം സമ്മതിച്ചിട്ടില്ല. രഞ്ജിത് കടം വാങ്ങിയ പണമാണ് തിരികെ നൽകിയതെന്നാണ് രെജിൻപൊലീസിനോട് പറഞ്ഞത്. ഇന്ന് പണം പൊലീസിന് കൈമാറണമെന്ന് നിർദ്ദേശിച്ചാണ് റെജിലിനെ വിട്ടയച്ചത്. ഇതാണ് രജിൻ ചെയ്യാത്തത്.

കൊടകരയിൽ 25 ലക്ഷം രൂപയുടെ കവർച്ചയിലാണ് പരാതി. അന്വേഷണത്തിനിടെയാണ് 3.5 കോടി രൂപ ഉണ്ടായിരുന്നുവെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. കണ്ണൂരുകാരായ പ്രതികളുടെ വീടുകളിൽ പണമുണ്ടെന്ന വിവരം ചോദ്യം ചെയ്യലിൽ ലഭിച്ചെങ്കിലും ഇതു കണ്ടെടുക്കാനുള്ള പൊലീസിന്റെ നീക്കം പാളി. റെയ്ഡ് വിവരം ചോർന്നതായാണു സൂചന. അന്വേഷണ സംഘത്തിൽനിന്നു വിവരമറിഞ്ഞ കണ്ണൂരിലെ ചില പൊലീസുകാർ വിവരം പുറത്താക്കിയതോടെ പണമൊളിപ്പിക്കാൻ പ്രതികൾക്കു സാഹചര്യമൊരുങ്ങി. 2 ദിവസം ശ്രമിച്ചിട്ടും പണം കണ്ടെത്താനായില്ല. ഇതിന് പിന്നിലം സിപിഎം ബന്ധമെന്ന ആരോപണം ബിജെപി ഉന്നയിക്കും. ഇതും പൊലീസിനെ വെട്ടിലാക്കുന്നുണ്ട്.

കേസിൽ പ്രതിപാദിക്കുന്ന മൂന്നരക്കോടിയിൽ രണ്ടേകാൽ കോടി കണ്ടെത്താനുള്ള കഠിന പരിശ്രമത്തിലാണ് പൊലീസ് ഇപ്പോഴും. ഒന്നേകാൽ കോടി മാത്രമാണ് പ്രതികളിൽനിന്ന് ഇതുവരെ കണ്ടെത്താനായത്. ബാക്കി തുകകൂടി കണ്ടെത്തിയാലേ കേസിൽ ബിജെപി. ബന്ധങ്ങൾ തെളിയിക്കാനാകൂ. അന്വേഷണസംഘത്തിൽനിന്നുതന്നെ വിവരം ചോർന്ന് പണം ഒളിപ്പിച്ചതായും സംശയമുള്ളതിനാൽ സംഘത്തെ ഉടൻ അഴിച്ചുപണിയാനും സാധ്യതയുണ്ട്. വിവരങ്ങൾ ചോർന്നുവെന്ന വിവരം മനോരമയും മാതൃഭൂമിയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതാണ് അന്വേഷണം അട്ടിമറിക്കപ്പെടുകയാണോ എന്ന സംശയത്തിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. പ്രതികളുടെ സിപിഎം ബന്ധം ബിജെപി ചർച്ചയാക്കുമ്പോഴാണ് ഈ ഞെട്ടിക്കുന്ന വാർത്ത മാതൃഭൂമിയും മനോരമയും റിപ്പോർട്ട് ചെയ്യുന്നത്.

25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നു ധർമരാജൻ നൽകിയ പരാതിയിൽ നിന്നാണ് അന്വേഷണം തുടങ്ങിയത്. 1.25 കോടി രൂപ കണ്ടെത്തിയ പൊലീസ് ആകെ 3.5 കോടി രൂപയുണ്ടെന്ന വിവരം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ബിജെപി തിരഞ്ഞെടുപ്പു പ്രചാരണത്തിനു കൊണ്ടുവന്ന 3.5 കോടി രൂപയാണു കവർച്ച ചെയ്യപ്പെട്ടതെന്ന ആരോപണത്തിനു ബലം വന്നു. ആദ്യഘട്ടത്തിൽ 2 അന്വേഷണ സംഘങ്ങളായി 12 പ്രതികളെ കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണത്തിലാണ് 1.25 കോടി രൂപ കണ്ടെത്തിയത്.

പ്രതികളിൽ ചിലർക്ക് കോവിഡ് ബാധിച്ചതിനാൽ കസ്റ്റഡിയിൽ കിട്ടാൻ വൈകിയതും പ്രശ്‌നമായി. കുഴൽപണത്തിന്റെ സ്രോതസ്സും കൈമാറ്റവും സംബന്ധിച്ച കാര്യങ്ങളിലാണ് ഇപ്പോൾ അന്വേഷണം കേന്ദ്രീകരിക്കുന്നത്. മോഷണകേസിലെ ഗൂഢാലോചനയിൽ അന്വേഷണം നടക്കുന്നുമില്ല. ഇതിനിടെയാണ് പിടിയിലായവരെല്ലാം സിപിഎം-സിപിഐക്കാരാണെന്ന വിവരം പുറത്തു വരുന്നത്. മുഖ്യ പ്രതി രഞ്ജിത്തിന് കണ്ണൂരിലെ മുഹമ്മദ് ഫസൽ വധക്കേസിലെ പ്രതികളും സിപിഎം നേതാക്കളുമായ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നിവരുമായി അടുത്ത ബന്ധമുണ്ടെന്നും ബിജെപി ആരോപിക്കുന്നുണ്ട്.

തലശേരി സ്വദേശിയായ രഞ്ജിത് കുറച്ചുകാലമായി തൃശൂർ വെള്ളാങ്കല്ലൂരിലായിരുന്നു താമസം. ഇവിടെ ഇയാൾ സിപിഐ പ്രവർത്തകനാണ്. പിടിയിലായ മാർട്ടിൻ, എഡ്വിൻ എന്നിവരും സിപിഐയുടെ ഭാരവാഹികളാണ്. കൊടുങ്ങല്ലൂർ എംഎൽഎ വി.ആർ. സുനിൽകുമാറുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതികളെന്ന് വ്യക്തമായിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ സുനിൽകുമാറിന് വേണ്ടി ഇവർ പ്രവർത്തനരംഗത്തുണ്ടായിരുന്നുവെന്നും ബിജെപി ആക്ഷേപം ഉന്നയിക്കുന്നു. നേരത്തെ കേസന്വേഷണത്തിന്റെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ സെക്രട്ടറിയുടേയും ഡ്രൈവറുടേയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. പണം നഷ്ടപ്പെട്ട ധർമ്മരാജനുമായുള്ള ബന്ധത്തെക്കുറിച്ചാണ് പൊലീസ് ചോദിച്ചത്. പാർട്ടിയുടെ പ്രചരണ സാമഗ്രികൾ എത്തിക്കുന്നയാൾ എന്ന നിലയിൽ ധർമ്മരാജനെ അറിയാമെന്നും പണമിടപാട് സംബന്ധിച്ച് ഒരറിവുമില്ലെന്നും ഇരുവരും മൊഴി നൽകി.

അതിനിടെ, കേസിൽ സുരേഷ് ഗോപി എംപിയെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് തൃശൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന പത്മജ വേണുഗോപാൽ പരാതി നൽകി. ധർമ്മരാജൻ തൃശൂരിലെ ബിജെപി തെരഞ്ഞെടുപ്പ് ഓഫീസിൽ എത്തിയെന്നും സുരേഷ് ഗോപി ഹെലിക്കോപ്ടർ ഉപയോഗിച്ചത് പണം കടത്താനാണെന്നും മറ്റുമാണ് പത്മജ പരാതിയിൽ ഉന്നയിച്ചിട്ടുള്ളത്. ധർമ്മരാജൻ എത്തിയത് പ്രചാരണ സാമഗ്രികളുമായാണെന്ന് ബിജെപി നേതൃത്വം നേരത്തെ വ്യക്തമാക്കിയതാണ്. സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സുരേന്ദ്രന്റെ മകനേയും ചോദ്യം ചെയ്യും.

കുഴൽപ്പണം തട്ടിക്കൊണ്ടുപോയ ഉടൻ പണം കടത്തിയിരുന്ന വാഹനത്തിലുണ്ടായിരുന്ന ധർമരാജൻ ഫോണിൽ ബന്ധപ്പെട്ടവരിൽ ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ബിജെപി. സംസ്ഥാന, ജില്ലാ നേതാക്കളായ ആറുപേരുമുള്ളതായി അന്വേഷണസംഘം കണ്ടെത്തി. പണം പോയി അരമണിക്കൂറിനുള്ളിൽ ധർമരാജൻ ഇവരെയെല്ലാം വിളിച്ചതായാണ് ഫോൺവിളി രേഖകളിൽനിന്നു കണ്ടെത്തിയത്. ഇതിൽ ഇവരെക്കൂടാതെ സുരേന്ദ്രന്റെ മകനുമുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. ധർമരാജൻ സ്പിരിറ്റ് കടത്തുകേസിൽ 70 ദിവസം ജയിലിൽ കിടന്നിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.