തൃശൂർ: കൊടകര കവർച്ചക്കേസിൽ ഇനി കോടതിയിൽ നിയമപോരാട്ടം. കൊടകരയിൽ പിടിച്ച പണം തിരികെ നല്കാൻ ആവശ്യപ്പെട്ട് പരാതിക്കാരനായ ധർമ്മരാജൻ ഇരിങ്ങാലക്കുട മജിസ്ട്രേട്ട് കോടതിയിൽ ഹർജി നൽകിയത് ഇതിന്റെ ഭാഗമാണ്. ഈ ഹർജിയിലെ ആവശ്യങ്ങളെ പൊലീസ് എതിർക്കും. കോടതി ഹർജി തള്ളിയാൽ ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിക്കാനാണ് പദ്ധതി.

ഡൽഹിയിലെ മാർവാടി നൽകിയ പണമാണിതെന്നും കാറിൽ നിന്ന് കവർച്ചക്കാർ തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തിയ ഒരു കോടി നാൽപ്പത് ലക്ഷം രൂപ തിരികെ നൽകാൻ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടാണ് ധർമ്മരാജൻ കോടതിയെ സമീപിച്ചത്. കോഴിക്കോട് നിന്ന് എറണാകുളത്ത് എത്തിക്കാൻ കമ്മീഷൻ നൽകാമെന്ന് പറഞ്ഞതനുസരിച്ചാണ് മൂന്നരക്കോടി വാങ്ങിയത്. 25 ലക്ഷം ബാഗിലും മൂന്നേകാൽ കോടി കാറിലെ കാർപ്പെറ്റിനടിയിലുമാണ് സൂക്ഷിച്ചതെന്ന് ധർമ്മരാജൻ പറയുന്നു.

എന്നാൽ പൊലീസിന് നൽകിയ മൊഴിയുമായി ഇത് യോജിക്കുന്നില്ലെന്നാണ് പൊലീസ് നിലപാട്. ഇത് ചൂണ്ടിക്കാട്ടി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകും. ധർമ്മരാജനും കരുതലോടെയാണ് ഹർജി തയ്യാറാക്കിയിരിക്കുന്നത്. കുഴൽപ്പണ കേസിൽ ബിജെപി കുടുങ്ങുന്നില്ലെന്ന് ഉറപ്പിക്കാനാണ് ഈ നീക്കം. ആദ്യം ഡ്രൈവർ ഷംജീറാണ് പരാതി നൽകിയിരുന്നത്. കാറിൽ എത്ര പണമുണ്ടെന്ന് ഡ്രൈവർക്ക് അറിയില്ലായിരുന്നു, ധർമ്മരാജൻ പറഞ്ഞു. എത്ര പണമുണ്ടെന്നും എവിടെ നിന്നാണെന്നും പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നുവെന്നും ധർമ്മരാജൻ വെളിപ്പെടുത്തി.

കൊടകര കുഴൽപ്പണ ഇടപാട് കേസിൽ ധർമരാജന് തടയിടാൻ സംസ്ഥാന പൊലീസ് കരുതലോടെയാണ് നീങ്ങുന്നത്. എൻഫോഴ്‌സ്‌മെന്റിന് ഉടൻ റിപ്പോർട്ട് നൽകുമെന്നാണ് വിവരം. ഹവാല പണം പിടികൂടിയതിന്റെ വിശദാംശങ്ങൾ ഇഡിയെ അറിയിക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് മെയ്‌ ഒന്നിന് ആദ്യഘട്ട റിപ്പോർട്ട് പൊലീസ് നൽകിയിരുന്നു. പ്രാഥമിക വിവരങ്ങളായിരുന്നു നേരത്തെ കൈമാറിയത്. മൂന്നര കോടി രൂപ ഹവാലപ്പണമായി വന്നെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും സംസ്ഥാന പൊലീസ് അറിയിക്കും.

സംസ്ഥാന പൊലീസിന് ലഭിച്ച തെളിവുകളും മൊഴികളും ഇഡിയെ അറിയിക്കും. പിടികൂടിയ പണത്തിന് അവകാശമുന്നയിച്ച് ധർമരാജൻ രംഗത്തെത്തിയ സാഹചര്യത്തിലാണ് പൊലീസിന്റെ നീക്കം. വിശദമായ എൻഫോഴ്‌സ്‌മെന്റ് അന്വേഷണത്തിന്റെ സാധ്യതയും പൊലീസ് ചൂണ്ടിക്കാട്ടും. കോടതിയിലും ധർമരാജനെതിരെ ശക്തമായ നിലപാടെടുക്കാനാണ് പൊലീസിന്റെ തീരുമാനം. പിടികൂടിയത് ബിസിനസ് ആവശ്യത്തിനുള്ള പണമല്ലെന്നും കള്ളപ്പണമാണെന്നും പൊലീസ് നിലപാടെടുക്കും. അന്വേഷണം പൂർത്തിയാകും വരെ പണം വിട്ടുകൊടുക്കരുതെന്നും ആവശ്യപ്പെടും. ധർമരാജന്റെ നീക്കം അന്വേഷണം ബിജെപി നേതാക്കളിലേക്ക് നീങ്ങുന്നത് തടയാനാണെന്നാണ് പൊലീസ് വിലയിരുത്തൽ.

അതിനിടെ പണം കണ്ടെത്താനുള്ള റെയ്ഡിന്റെ വിവരങ്ങൾ പൊലീസ് ഉദ്യോഗസ്ഥർ തന്നെ പ്രതികൾക്ക് ചോർത്തി നൽകിയെന്ന വിവരം അന്വേഷണ സംഘത്തിന് നാണക്കേടായി. പ്രതികളുടെ കണ്ണൂർ ,കോഴിക്കോട് ജില്ലകളിലെ വീടുകളിൽ റെയ്ഡ് നടത്താനുള്ള നീക്കമാണ് ചോർന്നത്. തൃശൂരിൽ അന്വേഷണ സംഘത്തിന്റെ ഭാഗമായി പ്രവർത്തിച്ച രണ്ട് എസ്ഐമാരും കണ്ണൂരിലെ ഒരു സിഐയുമാണ് ചോർത്തിയതെന്നാണ് കരുതുന്നത്. ഇവർക്കെതിരെ വകുപ്പുതല നടപടികൾ വരും.

പ്രതി സംസ്ഥാനം വിട്ടതും മറ്റൊരു നാണക്കേടായി. ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. കണ്ണൂർ സ്വദേശിയും സിപിഎം പ്രവർത്തകനുമായ പതിനഞ്ചാം പ്രതി ഷിഗിലിന് വേണ്ടിയാണ് തെരച്ചിൽ. ഇയാൾക്ക് കണ്ണൂരിലെ സിപിഎം നേതാക്കളുമായി അടുപ്പമുണ്ട്. കാർ തട്ടിക്കൊണ്ടുപോയി പണം കവർന്ന സംഭവത്തിൽ നേരിട്ട് പങ്കെടുത്തയാളാണ്. തട്ടിയെടുത്ത പണത്തിൽ നിന്ന് പത്തുലക്ഷം രൂപ ഷിഗിലിന് കൈമാറിയതായി മറ്റ് പ്രതികൾ മൊഴി നല്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പിടിയിലാകാനുള്ള ഏകപ്രതിയായ ഇയാൾ ബംഗളൂരുവിലേക്ക് കടന്നതായാണ് സംശയം.