- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് നിന്ന് പുറപ്പെട്ടത് പത്ത് കോടിയുമായി; തൃശൂരിൽ കൈമാറിയത് ആറേകാൽ കോടി; കാറിൽ പണം ഒളിപ്പിക്കാൻ പ്രത്യേകം പണിയിച്ച സീറ്റിനടിയിലെ രഹസ്യ അറയും തുറക്കാനുള്ള സ്വിച്ചു; വിവരം ചോർത്തിയത് സഹായി; കൊടകരയിലേത് ബിജെപി പണം; ഇഡിക്ക് അന്വേഷിക്കേണ്ടി വരും
തൃശൂർ: കൊടകരയിൽ കവർച്ച ചെയ്തത് കുഴൽപ്പണമെന്ന് തെളിയിച്ചത് ഈ കാറിന്റെ പ്രത്യേകതകൾ. കൊടകരയിൽ പണം കടത്താൻ ഉപയോഗിച്ചതു പ്രത്യേകം തയാറാക്കിയ വാഹനം. കോഴിക്കോടു വച്ചു പ്രത്യേകം പണിയിച്ചതാണു സീറ്റിനടിയിലെ രഹസ്യ അറകളും തുറക്കാനുള്ള സ്വിച്ചും. തട്ടിയെടുത്ത സംഘം കാറിനുൾവശം കുത്തിപ്പൊളിച്ചാണു പണം കണ്ടെത്തിയത്. പത്ത് കോടിയുമായാണ് ഈ കാർ കോഴിക്കോട്ടു നിന്നും പുറപ്പെട്ടത്. അതുകൊണ്ടു തന്നെ ഈ കേസും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അന്വേഷിക്കേണ്ടി വരും. കോടതി ഇതിന് നിർദ്ദേശം നൽകാൻ സാധ്യത ഏറെയാണ്.
പൊലീസിന് മോഷണ കേസ് മാത്രമേ അന്വേഷിക്കാൻ നിർവ്വാഹമുള്ളൂ. അതുകൊണ്ടാണ് മോഷണ കേസിലെ പ്രതികകൾക്കെതിരെ കുറ്റപത്രം. ബിജെപിക്കെതിരെ ഗുരുതര പരാമർശങ്ങൾ കുറ്റപത്രത്തിലുണ്ട്. ഇതെല്ലാം ധർമ്മരാജന്റെ മൊഴിയായാണ് കൂട്ടിച്ചേർത്തിരിക്കുന്നത്. ഈ മൊഴികൾ ധർമ്മരാജൻ കോടതിയിൽ മാറ്റി പറയുമെന്ന് ഉറപ്പാണ്. കേന്ദ്ര ഏജൻസികളോടും ഈ മൊഴി ആവർത്തിക്കാൻ ഇടയില്ല. മോഷണം പോയ മൂന്നരക്കോടിയും തന്റേതാണെന്ന് കോടതിയെ ധർമ്മരാജൻ അറിയിച്ചിട്ടുമുണ്ട്. അതിനാൽ കുറ്റപത്രത്തിലെ തന്റെ മൊഴിയിൽ ഭൂരിഭാഗവും പരാതിക്കാരൻ തന്നെ മാറ്റി പറയും.
അപ്പോഴും പൊലീസിന്റെ പ്രതീക്ഷ കാറിലെ രഹസ്യ അറയിലാണ്. ഇതേ വാഹനത്തിൽ കേരളത്തിന്റെ പലഭാഗത്തും ബിജെപി നേതാക്കളുടെ നിർദേശപ്രകാരം പണമെത്തിച്ചതായുള്ള ധർമരാജന്റെ മൊഴി കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്. രഹസ്യ അറ തയാറാക്കാൻ 3 ലക്ഷം രൂപ ചെലവാക്കിയെന്നു കുറ്റപത്രം പറയുന്നു. ബിജെപി സ്ഥാനാർത്ഥികൾക്കു വേണ്ടി കേരളത്തിലേക്കു കള്ളപ്പണം എത്തിക്കാൻ കോഴിക്കോട്ടെ ഹവാല ഏജന്റുമാരെയും നിയോഗിച്ചതായി കുറ്റപത്രത്തിൽ പറയുന്നു.
തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട ആവശ്യത്തിനായി 17 കോടി രൂപ കടത്താനാണു ഏജന്റുമാരെ നിയോഗിച്ചത്. വിവരം കവർച്ചാ സംഘത്തിനു ലഭിച്ചതു ഏജന്റുമാർ വഴിയാണ്. 3.5 കോടി രൂപയിൽ 1.46 കോടി കഴിച്ചുള്ളത് ഇനിയും കണ്ടെത്താനായിട്ടില്ല. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കൂട്ടായ കവർച്ച, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളിലാണ് അന്വേഷണം നടത്താൻ പൊലീസിന് അധികാരമുള്ളത്. എന്നാൽ കവർച്ച ചെയ്യപ്പെട്ട പണത്തിന്റെ ഉറവിടം, ഉടമ അതു സമ്പാദിച്ച വഴികൾ എന്നിവയിൽ അന്വേഷണം നടത്തേണ്ടതു കേന്ദ്ര ഏജൻസികളാണ്. ഉറവിടം സംബന്ധിച്ച വ്യക്തത ഇല്ലാതെയാണു പൊലീസ് കുറ്റപത്രം സമർപ്പിച്ചതെന്നു ഇരിങ്ങാലക്കുട മജിസ്‌ട്രേട്ട് കോടതിക്കു ബോധ്യപ്പെട്ടാൽ ഉത്തരവാദപ്പെട്ട ഏജൻസിക്കു കേസ് കൈമാറാൻ നിർദേശിച്ചേക്കാം.
കരാർ പ്രകാരം ധർമരാജൻ കാറിൽ പണമൊളിപ്പിച്ചു കൊണ്ടുവന്നു. ഡ്രൈവർ ഷംജീറിനൊപ്പം സഹായി ആയി കയറിപ്പറ്റിയ റഷീദ് വിവരം ചോർത്തി നൽകിയതു പ്രകാരം കണ്ണൂരിൽ നിന്ന് ഒന്നാം പ്രതി മുഹമ്മദ് അലിയുടെ നേതൃത്വത്തിലുള്ള സംഘം പിന്തുടർന്നു. ഇവർ ഏർപ്പാടാക്കിയതനുസരിച്ച് ഇരിങ്ങാലക്കുടയിലുള്ള കവർച്ച സംഘം കൊടകരയിൽ വാഹനാപകടം സൃഷ്ടിച്ചു കാറും പണവും കവർന്നു. ഇതിന്റെ പങ്ക് ഇരിങ്ങാലക്കുട സംഘത്തിനു നൽകിയശേഷം ബാക്കി പണവുമായി കണ്ണൂർ സംഘം മടങ്ങി എന്നാണ് കേസ്.
ധർമരാജനുമായുള്ള ബന്ധം ബിജെപി നേതാക്കൾ വിശദീകരിച്ചതു തിരഞ്ഞെടുപ്പിനുള്ള 'പ്രിന്റഡ് മെറ്റീരിയൽ' കൊണ്ടുവന്നയാൾ എന്നാണ്. സംസ്ഥാന സംഘടന സെക്രട്ടറി എം. ഗണേശ്, മധ്യമേഖല സെക്രട്ടറി കാശിനാഥൻ, ആലപ്പുഴ ട്രഷറർ ജി.കർത്താ അടക്കമുള്ളവർ ധർമരാജനുമായുള്ള ബന്ധം അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞതും പ്രിന്റഡ് മെറ്റീരിയൽ കൊണ്ടുവരുന്നതിനാൽ വിളിച്ചു എന്നാണ്. തിരഞ്ഞെടുപ്പു സാമഗ്രികൾ എന്നും മൊഴികളിലുണ്ട്.
ഏപ്രിൽ മൂന്നിനു കാറും പണവും കവർച്ച ചെയ്യപ്പെട്ടിട്ടും പരാതി നൽകാൻ 4 ദിവസം കാത്തിരുന്നതു തിരഞ്ഞെടുപ്പിനുള്ള കുഴൽപണമാണെന്ന വിവരം പുറത്തുവരാതിരിക്കാനാണെന്ന് കുറ്റപത്രം പറയുന്നു. തിരഞ്ഞെടുപ്പു കഴിഞ്ഞിട്ടു പരാതി നൽകിയാൽ മതി എന്നതു നേതാക്കളുടെ തീരുമാനമായിരുന്നു. ബിജെപിയുടെ സംസ്ഥാന നേതാക്കൾ കൂടിയാലോചിച്ച് ഈ തീരുമാനമെടുക്കുകയും ധർമരാജനോടു തിരഞ്ഞെടുപ്പു നടന്ന ഏപ്രിൽ ആറിനുശേഷം പരാതി നൽകിയാൽ മതിയെന്നു നിർദേശിക്കുകയും ചെയ്തു. ഇതനുസരിച്ച് 25 ലക്ഷം രൂപയും കാറും നഷ്ടപ്പെട്ടതായി ധർമരാജൻ കൊടകര പൊലീസിൽ പരാതി നൽകി.
നഷ്ടപ്പെട്ട തുക 3.5 കോടി രൂപയാണെന്ന വിവരവും പുറത്തു വരരുത് എന്നു കർശന നിർദ്ദേശം നൽകിയിരുന്നതായി കുറ്റപത്രം പറയുന്നു. ഇതുപ്രകാരം 25 ലക്ഷം രൂപ മാത്രം നഷ്ടപ്പെട്ടതായി പരാതി നൽകിച്ചു. കവർച്ചാ സംഘത്തെക്കുറിച്ചു പൊലീസ് കണ്ടെത്തിക്കഴിഞ്ഞാൽ പാർട്ടി ബന്ധങ്ങൾ ഉപയോഗിച്ചു പ്രതികളിൽ നിന്നു ബാക്കി പണം കണ്ടെടുക്കാമെന്നുമായിരുന്നു കണക്കുകൂട്ടൽ. പണം നഷ്ടപ്പെട്ടയുടൻ ധർമരാജൻ വിളിച്ചതു കെ.സുരേന്ദ്രനെയും സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേശിനെയുമാണ്.
പണവുമായി എത്തിയ സംഘത്തിനു തൃശൂരിൽ താമസ സൗകര്യമേർപ്പെടുത്തിയതു ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിൽ നിന്നാണ്. കോഴിക്കോടു നിന്നു 10 കോടിയോളം രൂപയുമായാണു പുറപ്പെട്ടതെന്നും 6.25 കോടി രൂപ തൃശൂരിൽ ബിജെപി നേതാക്കൾക്കു നൽകിയെന്നും ധർമരാജന്റെ മൊഴിയിലുണ്ട്. സാക്ഷിപ്പട്ടികയിൽ ഏഴാമനായാണു സുരേന്ദ്രനെ ചേർത്തിരിക്കുന്നത്. സംഘടന സെക്രട്ടറി എം. ഗണേശ് എട്ടാം സാക്ഷിയും സ്റ്റേറ്റ് ഓഫിസ് സെക്രട്ടറി ഗിരീശൻ നായർ 9ാം സാക്ഷിയുമാണ്. പണം കൊണ്ടുവന്ന കാറിന്റെ ഡ്രൈവർ ഷംജീറാണ് ഒന്നാം സാക്ഷി. പരാതിക്കാരൻ ധർമരാജൻ രണ്ടാം സാക്ഷിയും.
മറുനാടന് മലയാളി ബ്യൂറോ