തൃശൂർ: കുറ്റപത്രത്തിൽ ബിജെപി നേതാക്കൾ സാക്ഷികളാണെങ്കിലും കുറ്റപത്രം തീർത്തും ബിജെപിക്ക് എതിരാണ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി കുഴൽപ്പണം കടത്തിയത് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ അറിവോടെയെന്ന് കുറ്റപത്രം പറയുന്നു. കൊടകര കുഴൽപ്പണ കേസിൽ പ്രത്യേക അന്വേഷകസംഘം ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ബംഗളൂരുവിൽനിന്നാണ് ബിജെപി ഹവാലപണം ഇറക്കിയതെന്നും വ്യക്തമാക്കുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമരാജൻ വഴി 40 കോടി കുഴൽപ്പണം ബിജെപി കേരളത്തിലിറക്കി. ഈ പണം വിവിധ ജില്ലകളിലെ ബിജെപി നേതാക്കൾക്ക് എത്തിച്ചു. കർണാടകയിൽനിന്ന് 17 കോടിയും കോഴിക്കോട്ടെ ഏജന്റുമാരിൽനിന്ന് 23 കോടിയും സമാഹരിച്ചു. മാർച്ച് അഞ്ചുമുതൽ ഏപ്രിൽ അഞ്ചുവരെ ഈ സംഖ്യ വിതരണം ചെയ്തു. മാർച്ച് ആറിന് ബംഗളൂരുവിൽനിന്ന് സേലംവഴി ധർമരാജന്റെ സഹോദരൻ ധനരാജൻ വഴി കൊണ്ടു വന്ന 4.40 കോടി സേലത്തുവച്ച് കവർന്നതായും കുറ്റപത്രത്തിൽ പറയുന്നു. കുഴൽപ്പണ കവർച്ചാകേസിന്റെ ആദ്യഘട്ട കുറ്റപത്രമാണ് എസിപി വി കെ രാജു വെള്ളിയാഴ്ച സമർപ്പിച്ചത്.

625 പേജുള്ള കുറ്റപത്രത്തിൽ 22 പ്രതികളാണുള്ളത്. കെ സുരേന്ദ്രനും മകൻ ഹരികൃഷ്ണനും സാക്ഷികളാണ്. ബിജെപി സംഘടനാ സെക്രട്ടറി എം ഗണേശൻ, തൃശൂർ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്‌കുമാർ, മേഖലാ സെക്രട്ടറി കാശിനാഥൻ, ജില്ലാ ജനറൽ സെക്രട്ടറി ഹരി, ട്രഷറർ സുജയ്സേനൻ, ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത തുടങ്ങിയ നേതാക്കളും ധർമരാജനും ഉൾപ്പെടെ 219 സാക്ഷികളുണ്ട്. ബിജെപി നേതാക്കളെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങൾ, ധർമരാജനും ബിജെപി നേതാക്കളും നടത്തിയ ഫോൺ സംഭാഷണത്തിന്റെ വിവരങ്ങൾ എന്നിവയും കുറ്റപത്രത്തിലുണ്ട്.

ഏപ്രിൽ മൂന്നിന് പുലർച്ചെയാണ് കൊടകരയിൽ കാറപകടം സൃഷ്ടിച്ച് കവർച്ച നടത്തിയത്. ഏഴിനാണ് പരാതി നൽകിയത്. 25 ലക്ഷം കവർന്നതായാണ് ധർമരാജന്റെ ഡ്രൈവർ ഷംജീർ ആദ്യം പരാതിപ്പെട്ടത്. പിന്നീട് അന്വേഷണത്തിലാണ് കുഴൽപ്പണ ഇടപാട് പുറത്തായത്. കൊടകരയിൽ കവർച്ച ചെയ്ത പണത്തിനു പുറമെ തൃശൂരിൽ 6.3 കോടിരൂപ കുഴൽപ്പണം കൈമാറിയതായി കുറ്റപത്രം. തൃശൂർ ജില്ലയിലെ ബിജെപി നേതാക്കൾക്കാണ് പണം കൈമാറിയത്.

കവർച്ചനടന്നയുടൻ ധർമരാജനേയും പ്രതി റഷീദിനേയും കൂട്ടി മധ്യമേഖലാ സെക്രട്ടറി കാശിനാഥൻ, ജില്ലാ ട്രഷറർ സുജയ്സേനൻ എന്നിവർ ബിജെപി ജില്ലാകമ്മിറ്റി ഓഫീസിലെത്തി. കൊടകര പൊലീസിൽ വിവരം അറിയിക്കാതെ മറച്ചുവച്ചു. പിന്നീട് നാലുദിവസം കഴിഞ്ഞാണ് പരാതി നൽകിയത്. തൃശൂർ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്‌കുമാർ പ്രതിയെ ജില്ലാകമ്മിറ്റി ഓഫീസിൽ വിളിച്ചുവരുത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

കവർച്ചയിൽ നേരിട്ട് പങ്കാളികളായവരും പ്രതികൾക്ക് സംരക്ഷണം നൽകിയവരുമാണ് നിലവിൽ പ്രതിപ്പട്ടികയിലുള്ളത്. കവർച്ചയ്ക്കായി പ്രത്യേകം അറകളുള്ള കാറാണ് സംഘം തയ്യാറാക്കിയിട്ടുള്ളതെന്നും കുറ്റപത്രത്തിൽ പറയുന്നു. എർടിഗ കാറിൽ പ്രത്യേകം അറകളിലാണ് പണം സൂക്ഷിച്ചിരുന്നത്. 22 പ്രതികളാണുള്ളത്.

കേസിൽ കണ്ണൂർ, കോഴിക്കോട്, തൃശൂർ ജില്ലകളിലുള്ള മുഹമ്മദ് അലി, എം കെ സുജീഷ്, രഞ്ജിത്ത്, ദീപക്, അരീഷ്, മാർട്ടിൻ, ലബീബ്, അഭിജിത്ത്, ബാബു, അബ്ദുൾ ഷാഹിദ്, ഷുക്കൂർ, അബ്ദുൾ ബഷീർ, അബ്ദുൾ സലാം, അബ്ദുൾ റഹീം, ഷിഗിൽ, അബ്ദുൾ റഷീദ്, റൗഫ്, മുഹമ്മദ്ഷാഫി, എഡ്വിൻ, ദീപ്തി, സുൾഫിക്കർ അലി, റാഷിദ് എന്നിവരാണ് നിലവിൽ പ്രതികൾ. തുടരന്വേഷണത്തിൽ കൂടുതൽ പ്രതികളുണ്ടാവും.

തട്ടിയെടുത്ത പണം വീതം വയ്ക്കുന്നതിനിടെ വീണ്ടും മോഷണം നടന്നതായി വിവരം പൊലീസിന് കിട്ടിയിട്ടുണ്ട്. ഒൻപതാം പ്രതി ബാബുവിന്റെ വീട്ടിൽ വച്ചു കാർ കുത്തിപ്പൊളിച്ചു 3.5 കോടി രൂപ എടുത്തശേഷം ഇതു വീതം വയ്ക്കുമ്പോഴാണ് 23 ലക്ഷം രൂപയുടെ രണ്ടാം മോഷണം നടന്നത്. 2 കോടി രൂപ കണ്ണൂർ സംഘത്തിന്റെ തലവൻ അലിക്കുള്ളത് എന്നായിരുന്നു തീരുമാനം.

'ഓപ്പറേഷൻ' നടത്തിയ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ഇരിങ്ങാലക്കുട സംഘത്തിന് 1.5 കോടി രൂപയും. ഇതിൽ 50 ലക്ഷം എടുത്ത ശേഷം ബാക്കി ഒരു കോടി രഞ്ജിത് സംഘാംഗങ്ങൾക്കു വീതിച്ചു നൽകി. ഈ സമയത്തു കണ്ണൂർ അലിയും ഇരിങ്ങാലക്കുട രഞ്ജിത്തും തമ്മിൽ തർക്കമുണ്ടായി. ഈ ബഹളത്തിനിടയിൽ ഒൻപതാം പ്രതി ബാബു കണ്ണൂർ സംഘത്തിനു നീക്കിവച്ച പണത്തിൽ നിന്ന് 23 ലക്ഷം കവർന്നു.

പ്രതികളിലൊരാളായ രഞ്ജിത് ഒളിവിൽ താമസിച്ചതുകൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ്. പ്രതി ഷിജിൽ കുളു, മണാലി എന്നിവിടങ്ങവിൽ പോയാണ് ഒളിച്ചത്. അതിനാൽ 20 ലക്ഷത്തോളം രൂപ ചെലവായിപ്പോയി എന്നു പൊലീസ് രേഖപ്പെടുത്തേണ്ടി വരും.