- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
3.5 കോടിയുടെ കുഴൽപ്പണ കേസായിട്ടും അന്വേഷിക്കാൻ ഇ.ഡിക്ക് താൽപ്പര്യമില്ല; ബിജെപി നേതാക്കൾ പ്രതിക്കൂട്ടിലായ കേസിൽ കേരളാ പൊലീസ് അന്വേഷണം കവർച്ചയെ കുറിച്ച് മാത്രവും; ഡിഐജി തലത്തിലേക്ക് അന്വേഷണം മാറിയിട്ടും കാര്യമായ പുരോഗതിയില്ല; പണത്തിന്റെ സ്രോതസ്സ് കണ്ടെത്താനായില്ല
തൃശൂർ: ബിജെപി നേതാക്കളെ പ്രതിക്കൂട്ടിലാക്കി കുഴൽപ്പണ ഇടപാടിൽ അന്വേഷണം മന്ദഗതിയിൽ. കണക്കിൽ പെടാത്ത പണം കണ്ടെടുത്ത കേസായിട്ടും കേസ് ഏറ്റെടുക്കാൻ എൻഫോഴ്സ്മെന്റും തയ്യാറായിട്ടില്ല. സിപിഎം ആരോപണ വിധേയരായ കേസിൽ ഇടപെടൽ നടത്തിയ ഇഡി ഈ കേസിൽ മൗനം തുടരുന്നത് ഇതിനോടകം ചർച്ചാവിഷയമായിട്ടുണ്ട്. 3.5 കോടി രൂപയുടെ കുഴൽപണം ദേശീയപാതയിൽ കവർച്ച ചെയ്യപ്പെട്ട സംഭവത്തിലാണ് കേരളാ പൊലീസിന്റെ അന്വേഷണവും. കേസിൽ 19 പ്രതികൾ പിടിയിലാവുകയും 50 ലക്ഷത്തിലേറെ രൂപ കണ്ടെടുക്കുകയും ചെയ്തിരുന്നു.
തുടക്കത്തിൽ വളരെ പുരോഗതി നേടിയ കേസിൽ ഇപ്പോൾ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന പരാതിയിൽ അതിന്റെ ഇരട്ടിയിലേറെ രൂപ പ്രതികളിൽ നിന്നു കണ്ടെടുത്തിട്ടും പണത്തിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം നടന്നിട്ടില്ല. കേരളാ പൊലീസ് അന്വേഷിക്കുന്നത് മോഷണ കേസ് മാത്രമാണ് താനും. ഇലക്ഷൻ ഫണ്ട് കേസായതിനാൽ അന്വേഷണ പൊലീസ് മുന്നോട്ടു കൊണ്ടുപോകുന്നതും കരുതലോടെയാണ്.
നിയമസഭാ തിരഞ്ഞെടുപ്പിനു 3 ദിവസം മുൻപ് വിതരണം ചെയ്യാനായി കൊണ്ടുവന്ന 3.5 കോടി രൂപ കൊടകരയിൽ വച്ച് കാർ അപകടമുണ്ടാക്കി കവർന്നതാണു സംഭവം. ഡ്രൈവർ നൽകിയ പരാതി പ്രകാരം 25 ലക്ഷം രൂപയാണു നഷ്ടമായത്. എസ്പി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായതും പണം കണ്ടെടുത്തതും. 50 ലക്ഷത്തിലധികം രൂപ കണ്ടെത്തിയിട്ടും ഇപ്പോഴും പണത്തിന്റെ സിംഹഭാഗവും കണ്ടെടുത്തിട്ടില്ലെന്നാണു വിവരം. ഒരു പ്രതി 2 ലക്ഷം രൂപ വീതം 10 പേരുടെ കയ്യിൽ ഏൽപിച്ചതായി പൊലീസിനു വിവരമുണ്ട്. കേസിൽ നല്ല പുരോഗതിയുണ്ടായ ഘട്ടത്തിലാണ് അന്വേഷണം മാറ്റിയതും.
അന്വേഷണം ഇടയ്ക്കുവച്ച് ഡിഐജി തലത്തിലേക്കു മാറ്റി സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിനുശേഷം അന്വേഷണത്തിൽ കാര്യമായ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. പ്രധാന പ്രതികളിലൊരാളായ രഞ്ജിത് അടക്കം 3 പേരെ കൂടി ചോദ്യം ചെയ്യാനുണ്ട്. ഇതു കഴിഞ്ഞാൽ പണത്തിന്റെ സ്രോതസ്സ് സംബന്ധിച്ച കാര്യങ്ങളിലേക്കു പൊലീസ് ശ്രദ്ധ തിരിക്കുമെന്നാണു സൂചന.
സംസ്ഥാനാന്തര പണംകടത്ത് കേസ് ആയതിനാലും ഇത്ര വലിയ തുകയുടെ ഉറവിടം കണ്ടുപിടിക്കേണ്ടതിനാലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് അന്വേഷിക്കണമെന്നാണ് ആവശ്യം. എന്നാൽ നഷ്ടപ്പെട്ട 25 ലക്ഷം രൂപ കൊടുത്തുവിട്ടത് യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായക് ആണെന്നും പണം കൊണ്ടുവരുന്നതിന്റെ ചുമതല ആർഎസ്എസ് ബിജെപി പ്രവർത്തകനായ വ്യവസായി ധർമരാജനായിരുന്നെന്നും പൊലീസ് വെളിപ്പെടുത്തിയിട്ടുണ്ട്.
3.5 കോടി രൂപയാണ് കൊടകരയിൽ വ്യാജ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്തിരുന്നത്. കവർച്ചയ്ക്കു ശേഷം കേരള ബാങ്കിൽ 6 ലക്ഷം രൂപ വായ്പ തിരിച്ചടച്ചതിന്റെ രേഖയും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ 30 ലക്ഷത്തിലേറെ രൂപയുടെ കണക്കായി. കേസിൽ ഒൻപതാം പ്രതി തൃശൂർ വേളൂക്കര കോണത്തുകുന്ന് തോപ്പിൽവീട്ടിൽ ബാബു (39) വീട്ടിലൊളിപ്പിച്ച നിലയിലാണ് അന്വേഷണ സംഘം പണം കണ്ടെത്തിയത്. കുഴൽപണ കവർച്ചയുമായി ബന്ധപ്പെട്ട് 25 ലക്ഷം നഷ്ടപ്പെട്ടെന്നു പരാതിപ്പെട്ട കോഴിക്കോട്ടെ അബ്കാരി ധർമരാജനെ ചോദ്യം ചെയ്തതിലൂടെയാണ് അന്വേഷണ സംഘത്തിനു കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
തട്ടിയെടുത്ത പണം ആദ്യ മൂന്നു പ്രതികൾ കൊണ്ടുപോയെന്നാണു പ്രാഥമികാന്വേഷണത്തിൽ പൊലീസിനു ലഭിച്ച വിവരം. ഇതുപ്രകാരം നഷ്ടപ്പെട്ട പണം കോടികൾ വരുമെന്ന് ഉറപ്പായി. അതേസമയം, ഗുണ്ടാ സംഘത്തെ സഹായിച്ച 'ഒറ്റുകാരൻ' കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി റഷീദ് ആണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഡ്രൈവർ ഷംജീറിന്റെ സഹായിയായി കാറിൽ കയറിയ റഷീദ് ഫോണിലെ ജിപിഎസ് ഓൺ ആക്കി, പിന്നാലെ 3 കാറുകളിലായി വന്നിരുന്ന ഗുണ്ടകൾക്കു വിവരം നൽകുകയായിരുന്നു.
ജിപിഎസ് കിട്ടാതായപ്പോൾ വാട്സാപ് സന്ദേശങ്ങളും അയച്ചു. പ്രതിപ്പട്ടികയിലുള്ള അലി സാജ്, രഞ്ജിത് എന്നിവർക്കായിരുന്നു സന്ദേശം. രാത്രി തൃശൂരിൽ തങ്ങി പിറ്റേന്നു രാവിലെ പുറപ്പെടുമ്പോഴും സന്ദേശം കൈമാറിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സാങ്കേതിക തെളിവുകൾ അടക്കം കൃത്യമായ വിവരം അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ