തൃശ്ശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ബിജെപി ഊരാക്കുടുക്കിലേക്ക് നീങ്ങുന്നത്. 3.5 കോടി രൂപയുടെ കുഴൽപ്പണ ഇടപാടിൽ ബിജെപിക്ക് വ്യക്തമായ പങ്കുണ്ടെന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു കഴിഞ്ഞു. എന്നാൽ, പണമിടപാടിലെ വിവരങ്ങളെ അന്വേഷണം എൻഫോഴ്‌സ്‌മെന്റിന് വിട്ട് കവർച്ചാ കേസിൽ ഫോക്കസ് ചെയ്യുകയാണ് പൊലീസ്. കേസിൽ ബിജെപി സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേശ്, സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ചുമതലയുള്ള സെക്രട്ടറി ഗിരീഷ് എന്നിവരെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതോടെ അന്വേഷണം ബിജെപി സംസ്ഥാന ഓഫീസിലേക്ക് വരെ നീളാം. ഇടതു സർക്കാറിനെതിരെ എൻഫോഴ്‌സ്‌മെന്റിനെ ഇറക്കിക്കളിച്ച് ബിജെപിക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കയാണ് കള്ളപ്പണ ഇടപാട് കേസ്.

കേസിൽ ബിജെപിക്ക് പങ്കുണ്ടെന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവന്നു തുടങ്ങി. കവർച്ചാ കേസ് സംഘത്തിന് തൃശ്ശൂരിൽ താമസസൗകര്യമൊരുക്കിയത് ബിജെപി ജില്ലാ നേതൃത്വമെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായതോടെ ബിജെപി ശരിക്കും പെട്ടിരിക്കയാണ്. ഹോട്ടൽ മുറി ബുക്ക് ചെയ്തത് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നാണെന്ന് പൊലീസിന് മൊഴി നൽകിയ ഹോട്ടൽ ജീവനക്കാരൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ഏപ്രിൽ 2 ന് വൈകിട്ട് 7 മണിയോടെയാണ് ഹോട്ടൽ നാഷണൽ ടൂറിസ്റ്റ് ഹോമിൽ മുറി ബുക്ക് ചെയ്തത്. 215, 216 നമ്പർ മുറികളാണ് ബുക്ക് ചെയ്തത്. 215ൽ ധർമ്മരാജനും 216ൽ ഷം ജീറും റഷീദും താമസിച്ചു. പണം കൊണ്ടുവന്നത് എർടിഗയിൽ ആണ്. ധർമ്മരാജൻ വന്നത് ക്രറ്റയിൽ ആണ്. ജീവനക്കാരന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഹോട്ടൽ രേഖകളും സി സി ടിവിയും അന്വേഷണ സംഘം കണ്ടെടുത്തു. ധർമരാജിനേയും ഡ്രൈവർ ഷംജീറിനേയും ഇന്ന് വീണ്ടും ചോദ്യം ചെയ്യും. പൊലീസ് ക്ലബിൽ ഹാജരാകാൻ ഇരുവർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

സംസ്ഥാന നേതാക്കളായ ഗണേശിനെയും ഗിരീഷിനെയും ചോദ്യം ചെയ്യുന്നതോടെ ബിജെപി ശരിക്കും വെട്ടിലാകും. രണ്ടു ദിവസത്തിനുള്ളിൽ ഇരുവരും ഹാജരാകുമെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. ഇന്നലെ ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി.കർത്തയെ ആലപ്പുഴയിൽ ചോദ്യം ചെയ്തിരുന്നു. പ്രതികളുടെ മൊഴികളുടെയും ഫോൺ രേഖകളുടെയും അടിസ്ഥാനത്തിലാണ് ബിജെപി നേതാക്കളിലേക്ക് അന്വേഷണം എത്തുന്നത്.

കുഴൽപണവുമായി തനിക്കു ബന്ധമില്ലെന്നും ബിജെപിക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്നു ചോദിക്കേണ്ടത് സംസ്ഥാന നേതൃത്വത്തോടാണെന്നും ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി. കർത്ത വ്യക്തമാക്കി.. ചോദ്യം ചെയ്യലിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പണം ആലപ്പുഴയിലെത്തിച്ചു കർത്തയ്ക്കു കൈമാറാനായിരുന്നു നിർദ്ദേശമെന്നാണ് അറസ്റ്റിലായ പ്രതികൾ നൽകിയ മൊഴി. കർത്തയെ നിരന്തരം കവർച്ചാ സംഘം ബന്ധപ്പെട്ടിരുന്നു.

ബുധനാഴ്ച ചോദ്യംചെയ്യലിൽ ധർമരാജനുമായി സംസാരിച്ച കാര്യം കർത്ത ആദ്യം നിഷേധിച്ചു. കേസിലുൾപ്പെട്ടവരുമായി ഫോണിൽ സംസാരിച്ചതിന് വ്യക്തമായ മറുപടി നൽകാനായില്ല. പൊലീസ് തെളിവുകൾ വ്യക്തമാക്കിയതോടെ എല്ലാം തുറന്ന് സമ്മതിക്കുകയായിരുന്നു. അടുത്ത ദിവസം ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ, ഓഫീസ് സെക്രട്ടറി ജി ഗിരീഷ് എന്നിവരെ ചോദ്യം ചെയ്യും. അതിനുശേഷം വീണ്ടും കർത്തയെ വിളിപ്പിക്കും. ഉന്നത നേതാക്കളുമായി കേസിനുള്ള ബന്ധത്തിന്റെ അതിനിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.

ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത അന്വേഷകസംഘത്തിന് മുന്നിൽ ഹാജരായത് ജില്ലാ കമ്മിറ്റിയുടെ വാഹനത്തിൽ ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാറിനൊപ്പമായിരുന്നു. ആലപ്പുഴ പൊലീസ് ക്ലബിൽ ബുധനാഴ്ച രാവിലെ 9.45ന് ആരംഭിച്ച ചോദ്യംചെയ്യൽ രണ്ടോടെയാണ് പൂർത്തിയായത്. നാലരമണിക്കൂറും ഗോപകുമാർ പുറത്തുകാത്തുനിന്നു.

അതിനിടെ കൊടകര കുഴൽപണക്കവർച്ചാ കേസിലെ ആറാം പ്രതി മാർട്ടിന്റെ വെള്ളാങ്ങല്ലൂരിലെ വീട്ടുമുറ്റത്തെ മെറ്റൽ കൂനയിൽ നിന്ന് 9 ലക്ഷം രൂപ പിടികൂടിയിരുന്നു. കവർച്ചയ്ക്കു ശേഷം കാറും സ്വർണവും വാങ്ങിയത് അടക്കം 10.5 ലക്ഷം രൂപയുടെ ഇടപാട് നടത്തിയ രേഖകളും അന്വേഷണ സംഘം കണ്ടെത്തി. 4 ലക്ഷം രൂപ ബാങ്കിൽ അടച്ചതിന്റെ രേഖയും ലഭിച്ചു. 25 ലക്ഷം രൂപ കവർന്നെന്ന പരാതിയിൽ ഇതുവരെ പലയിടങ്ങളിൽനിന്നായി 1.25 കോടി രൂപയോളം കണ്ടെത്തിയിട്ടുണ്ട്.