- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം ബിജെപി സംസ്ഥാന അധ്യക്ഷനിലേക്ക്; കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ശനിയാഴ്‌ച്ച ചോദ്യം ചെയ്യും; തൃശൂർ പൊലീസ് ക്ലബ്ബിലെത്താൻ അന്വേഷണം സംഘം നോട്ടീസ് നൽകി; കോന്നിയിൽ സുരേന്ദ്രൻ താമസിച്ച ഹോട്ടലിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു
തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ശനിയാഴ്‌ച്ച ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് തൃശൂർ പൊലീസ് ക്ലബ്ബിലെത്താൻ അന്വേഷണം സംഘം നോട്ടീസ് നൽകിയിരിക്കുന്നത്. ആർഎസ്എസ് നേതാവ് ധർമ്മരാജനുമായ ഫോൺ സംഭാഷണങ്ങളുടെ ഭാഗമായാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്. സുരേന്ദ്രൻ മത്സരിച്ച കോന്നിയിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചതായാണ് വിവരം. ഇവിടെ സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നുള്ള വിവരങ്ങളാണ് ശേഖരിച്ചത്.
പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കെ സുരേന്ദ്രന്റെയും മൊഴിയെടുക്കേണ്ടതുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ അറിയിച്ചത്. ബിജെപി ആലപ്പുഴ ജില്ല ട്രഷറർ കെ. ജി കർത്ത പണം വന്നത് ആർക്കു വേണ്ടിയെന്ന് സംസ്ഥാന നേതൃത്വത്തിന് അറിയാമെന്നാണ് മൊഴി നൽകിയത്. ഈ മൊഴി പ്രധാനപ്പെട്ടതാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന അധ്യക്ഷന്റെ മൊഴി എടുക്കുക.
അതേസമയം കേസിൽ പത്തനംതിട്ടയിൽ നിന്നും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. തുടർന്ന് കെ സുരേന്ദ്രനെ ചോദ്യം ചെയ്‌തേക്കുമെന്ന റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് ഇപ്പോൾ സെക്രട്ടറിയെ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം നോട്ടീസ് നൽകിയിരിക്കുന്നത്. കൂടുതൽ തെളിവ് ശേഖരണത്തിലേക്കാണ് അന്വേഷണ സംഘം പോകുന്നതെന്നാണ് റിപ്പോർട്ട്.
കൊടകരയിൽ കണ്ടെത്തിയ പണം ബിജെപിയുടെ തെരഞ്ഞെടുപ്പിനായി തെക്കൻ കേരളത്തിലേക്ക് കടത്തിയ പണം എന്നായിരുന്നു റിപ്പോർട്ട്. തുടർന്ന് സുരേന്ദ്രൻ മത്സരിച്ച കോന്നിയിലേക്ക് അന്വേഷണം വ്യാപിപിച്ചത്. സുരേന്ദ്രൻ ഉൽപ്പെടെയുള്ളവർ താമസിച്ച ആശുപത്രികളിലേക്ക് ഉൾപ്പെടെയാണ് അന്വേഷണം നീളുന്നത്. അതേസമയം കോന്നിയിൽ സുരേന്ദ്രൻ എത്തിയ ഹെലികോപ്റ്ററിൽ നിന്നും കാറിലേക്ക് മാറ്റിയ രണ്ട് വലിയ ബാഗുകളിൽ എന്തായിരുന്നു എന്നതിൽ ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല. ഇതിലുൾപ്പെടെ സെക്രട്ടറിയിൽ നിന്നും വിവരം ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
വ്യക്തമായ തെളിവുകൾ ലഭിച്ചതിന് ശേഷം അന്വഷണ സംഘം കെ സുരേന്ദ്രനിൽ നിന്നും വിവരങ്ങൾ തേടാനാണ് സാധ്യത. അതിന് മുന്നോടിയായാണ് ഇപ്പോൾ സെക്രട്ടറി ദിപിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നതെന്ന് വേണം കരുതാൻ. എന്നാകും സുരേന്ദ്രനെ അന്വേഷണ സംഘം വിളിച്ച് വരുത്തുകയെന്ന് തീരുമാനിച്ചിട്ടില്ല. സുരേന്ദ്രന്റെ മൊഴി എടുക്കും മുമ്പ് ബിജെപിയുടെ മറ്റു ചില നേതാക്കളേയും വിളിച്ചു വരുത്തി വിവരങ്ങൾ ശേഖരിക്കും. ചില മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികളെയും ചോദ്യം ചെയ്തേക്കും.
മൂന്നരക്കോടി വരുന്ന വിവരം പല ബിജെപി നേതാക്കൾക്കും അറിയാമായിരുന്നു എന്ന നിഗമനത്തിലാണ് പൊലീസ്. കേസുമായി ബന്ധപ്പെട്ട് പല ബിജെപി നേതാക്കളെയും ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ പല നേതാക്കളുടെയും മൊഴി പൊരുത്തപ്പെടുന്നില്ലെന്നാണ് വിലയിരുത്തൽ. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും മൊഴിയുമായി പൊരുത്തപ്പെടുന്നില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
അതേസമയം കൊടകര കുഴൽപ്പണ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിലപാടറിയിക്കാനുള്ള ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെയാണ് ഇഡി അന്വേഷണം ആരംഭിക്കുന്നതെന്നാണ് വിവരം.
പൊലീസിൽ നിന്ന് എഫ്‌ഐആർ ശേഖരിച്ച ഇഡി കേസിന്റെ അന്വേഷണ വിവരങ്ങൾ പരിശോധിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കേസിന് വിദേശബന്ധമുണ്ടാ എന്ന് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നുമാണ് ഇഡി അറിയിക്കുന്നത്. പൊലീസുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ഇഡി അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന കള്ളപ്പണത്തിന്റെ സ്രോതസ് വ്യക്തമാക്കാൻ ഇഡിയുടെ അന്വേഷണം ആവശ്യമാണെന്നും അതിനാൽ അന്വേഷണം ആരംഭിക്കാൻ ഇഡിക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് ലാകതാന്ത്രിക് യുവജനതാദൾ നേതാവ് സലീം മടവൂർ സമർപ്പിച്ച ഹർജി പരിഗണിച്ചായിരുന്നു ഇഡിയോട് അന്വേഷണം സംബന്ധിച്ച് നിലപാട് വ്യക്തമാക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടത്.
കള്ളപ്പണമിടപാടുകൾ നടന്നെന്ന് ബോധ്യപ്പെട്ട കൊടകര കേസ് കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ പരിധിയിൽ വരുമെന്നിരിക്കിലും എൻഫോഴ്‌സ്‌മെന്റ് കേസെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ഹർജി. നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചാരണത്തിന്റെ ആവശ്യത്തിനായി കൊണ്ടുവന്ന പണമാണെന്നും ആരോപണമുയരുണ്ടെന്ന് ഹർജിക്കാരൻ ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ