തൃശ്ശൂർ: കൊടകര കുഴൽപ്പണ കേസിൽ പണം തിരികെ ആവശ്യപ്പെട്ടുള്ള ധർമരാജന്റെ ഹർജി കോടതി മടക്കി. ഹർജിയിലെ സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഹർജി മടക്കിയത്. പിഴവുകൾ പരിഹരിച്ച ശേഷം വീണ്ടും ഹർജി ഫയൽ ചെയ്യാമെന്നും കോടതി വ്യക്തമാക്കി.

കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണം തന്റേതാണെന്നും പൊലീസ് കണ്ടെടുത്ത പണം തിരികെ നൽകണമെന്നും ആവശ്യപ്പെട്ടാണ് ധർമരാജൻ കോടതിയെ സമീപിച്ചിരുന്നത്. എറണാകുളത്ത് ബിസിനസ് ആവശ്യത്തിനായാണ് പണം കൊണ്ടുപോയതെന്നും ഇതിനിടെയാണ് കവർച്ച നടന്നതെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ഈ കേസിൽ പൊലീസ് ഇതുവരെ പ്രതികളിൽനിന്ന് ഒന്നരക്കോടിയോളം രൂപ പിടിച്ചെടുത്തിട്ടുണ്ട്. അതിനാൽ ഈ പണം തനിക്ക് തിരികെ നൽകണമെന്നായിരുന്നു ധർമരാജന്റെ ആവശ്യം.

അതേസമയം, ധർമരാജൻ പൊലീസിന് നൽകിയ മൊഴിയും കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്ന കാര്യങ്ങളും തമ്മിൽ ഒരുപാട് പൊരുത്തക്കേടുകളുണ്ട്. ആദ്യം വെറും 25 ലക്ഷം രൂപ മാത്രമാണ് കവർച്ച ചെയ്യപ്പെട്ടതെന്നായിരുന്നു ധർമരാജൻ പൊലീസിന് നൽകിയ പരാതി. പിന്നീട് നടത്തിയ ചോദ്യംചെയ്യലിൽ ഏകദേശം മൂന്നരക്കോടിയോളം രൂപ കാറിലുണ്ടായിരുന്നതായും ഇത് കുഴൽപ്പണമാണെന്നും ആർഎസ്എസ്. പ്രവർത്തകനായ ധർമരാജൻ പൊലീസിനോട് പറഞ്ഞിരുന്നത്.

എന്നാൽ കോടതിയിൽ നൽകിയ ഹർജിയിൽ ഇത് ബിസിനസ് ആവശ്യത്തിനുള്ള പണമാണെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്തായാലും കോടതി ഹർജി പരിഗണിച്ചാൽ സ്വാഭാവികമായും പൊലീസിൽനിന്ന് റിപ്പോർട്ട് തേടും. ധർമരാജൻ നേരത്തെ നൽകിയ മൊഴികളും മറ്റുവിശദാംശങ്ങളും ഉൾപ്പെടുത്തി ഈ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതികരണം.

നിയമപോരാട്ടത്തിന് ഒരുങ്ങിയാണ് പരാതിക്കാരനായ ധർമ്മരാജൻ ഹർജി നൽകിയത്. ഈ ഹർജിയിലെ ആവശ്യങ്ങളെ പൊലീസ് എതിർക്കും. കോടതി ഹർജി തള്ളിയാൽ ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിക്കാനാണ് പരാതിക്കാരൻ ഒരുങ്ങുന്നത്.

ഡൽഹിയിലെ മാർവാടി നൽകിയ പണമാണിതെന്നും കാറിൽ നിന്ന് കവർച്ചക്കാർ തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തിയ ഒരു കോടി നാൽപ്പത് ലക്ഷം രൂപ തിരികെ നൽകാൻ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടാണ് ധർമ്മരാജൻ കോടതിയെ സമീപിച്ചത്. കോഴിക്കോട് നിന്ന് എറണാകുളത്ത് എത്തിക്കാൻ കമ്മീഷൻ നൽകാമെന്ന് പറഞ്ഞതനുസരിച്ചാണ് മൂന്നരക്കോടി വാങ്ങിയത്. 25 ലക്ഷം ബാഗിലും മൂന്നേകാൽ കോടി കാറിലെ കാർപ്പെറ്റിനടിയിലുമാണ് സൂക്ഷിച്ചതെന്ന് ധർമ്മരാജൻ പറയുന്നു.

കൊടകര കുഴൽപ്പണ ഇടപാട് കേസിൽ ധർമരാജന് തടയിടാൻ സംസ്ഥാന പൊലീസ് കരുതലോടെയാണ് നീങ്ങുന്നത്. എൻഫോഴ്സ്മെന്റിന് ഉടൻ റിപ്പോർട്ട് നൽകുമെന്നാണ് വിവരം. ഹവാല പണം പിടികൂടിയതിന്റെ വിശദാംശങ്ങൾ ഇഡിയെ അറിയിക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് മെയ് ഒന്നിന് ആദ്യഘട്ട റിപ്പോർട്ട് പൊലീസ് നൽകിയിരുന്നു. പ്രാഥമിക വിവരങ്ങളായിരുന്നു നേരത്തെ കൈമാറിയത്. മൂന്നര കോടി രൂപ ഹവാലപ്പണമായി വന്നെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും സംസ്ഥാന പൊലീസ് അറിയിക്കും.

സംസ്ഥാന പൊലീസിന് ലഭിച്ച തെളിവുകളും മൊഴികളും ഇഡിയെ അറിയിക്കും. പിടികൂടിയ പണത്തിന് അവകാശമുന്നയിച്ച് ധർമരാജൻ രംഗത്തെത്തിയ സാഹചര്യത്തിലാണ് പൊലീസിന്റെ നീക്കം. വിശദമായ എൻഫോഴ്സ്മെന്റ് അന്വേഷണത്തിന്റെ സാധ്യതയും പൊലീസ് ചൂണ്ടിക്കാട്ടും. കോടതിയിലും ധർമരാജനെതിരെ ശക്തമായ നിലപാടെടുക്കാനാണ് പൊലീസിന്റെ തീരുമാനം. പിടികൂടിയത് ബിസിനസ് ആവശ്യത്തിനുള്ള പണമല്ലെന്നും കള്ളപ്പണമാണെന്നും പൊലീസ് നിലപാടെടുക്കും. അന്വേഷണം പൂർത്തിയാകും വരെ പണം വിട്ടുകൊടുക്കരുതെന്നും ആവശ്യപ്പെടും. ധർമരാജന്റെ നീക്കം അന്വേഷണം ബിജെപി നേതാക്കളിലേക്ക് നീങ്ങുന്നത് തടയാനാണെന്നാണ് പൊലീസ് വിലയിരുത്തൽ.

അതിനിടെ പണം കണ്ടെത്താനുള്ള റെയ്ഡിന്റെ വിവരങ്ങൾ പൊലീസ് ഉദ്യോഗസ്ഥർ തന്നെ പ്രതികൾക്ക് ചോർത്തി നൽകിയെന്ന വിവരം അന്വേഷണ സംഘത്തിന് നാണക്കേടായി. പ്രതികളുടെ കണ്ണൂർ ,കോഴിക്കോട് ജില്ലകളിലെ വീടുകളിൽ റെയ്ഡ് നടത്താനുള്ള നീക്കമാണ് ചോർന്നത്. തൃശൂരിൽ അന്വേഷണ സംഘത്തിന്റെ ഭാഗമായി പ്രവർത്തിച്ച രണ്ട് എസ്‌ഐമാരും കണ്ണൂരിലെ ഒരു സിഐയുമാണ് ചോർത്തിയതെന്നാണ് കരുതുന്നത്. ഇവർക്കെതിരെ വകുപ്പുതല നടപടികൾ വരും.

പ്രതി സംസ്ഥാനം വിട്ടതും മറ്റൊരു നാണക്കേടായി. ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. കണ്ണൂർ സ്വദേശിയും സിപിഎം പ്രവർത്തകനുമായ പതിനഞ്ചാം പ്രതി ഷിഗിലിന് വേണ്ടിയാണ് തെരച്ചിൽ. ഇയാൾക്ക് കണ്ണൂരിലെ സിപിഎം നേതാക്കളുമായി അടുപ്പമുണ്ട്. കാർ തട്ടിക്കൊണ്ടുപോയി പണം കവർന്ന സംഭവത്തിൽ നേരിട്ട് പങ്കെടുത്തയാളാണ്. തട്ടിയെടുത്ത പണത്തിൽ നിന്ന് പത്തുലക്ഷം രൂപ ഷിഗിലിന് കൈമാറിയതായി മറ്റ് പ്രതികൾ മൊഴി നല്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പിടിയിലാകാനുള്ള ഏകപ്രതിയായ ഇയാൾ ബംഗളൂരുവിലേക്ക് കടന്നതായാണ് സംശയം.