- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടകര കുഴൽപ്പണ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; മലപ്പുറം മങ്കട സ്വദേശി സുൽഫിക്കർ കവർച്ചാ സംഘത്തിനൊപ്പം ഉണ്ടായിരുന്ന വ്യക്തിയെന്ന് പൊലീസ്; മുഖ്യപ്രതി രഞ്ജിത്തിന്റെ ഭാര്യ ദീപ്തിയുടെ പക്കൽ നിന്നും ഒമ്പതര പവൻ സ്വർണ്ണവും പിടിച്ചെടുത്തു; പണം വന്നതിൽ പല നേതാക്കൾക്കും അറിവെന്ന് പൊലീസ്
തൃശ്ശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു തന്നെ. കേസിൽ ഒരാൾ കൂടി ഇന്നും അറസ്റ്റിലായി. മലപ്പുറം മങ്കട സ്വദേശി സുൽഫിക്കർ ആണ് അറസ്റ്റിലായത്. ക്രിമിനൽ സംഘത്തോടൊപ്പം ഇയാൾ ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. ഇതോടെ, അറസ്റ്റിലായവരുടെ എണ്ണം 21 ആയി. അതേസസമയം, തെളിവെടുപ്പിനിടെ പ്രതികളിൽ നിന്ന് പണവും സ്വർണവും പൊലീസ് കണ്ടെത്തി.
കവർച്ചയിലും ഗൂഢാലോചനയിലും സുൽഫിക്കറിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു. അതിനിടെ, കേസിലെ മൂന്നാം പ്രതിയായ രഞ്ജിത്തിന്റെ ഭാര്യയും 20-ാം പ്രതിയുമായ ദീപ്തിയുടെ പക്കൽ നിന്ന് കവർച്ച പണമുപയോഗിച്ച് വാങ്ങിയ ഒമ്പതര പവൻ സ്വർണം പൊലീസ് പിടിച്ചെടുത്തു. ദീപ്തിയെ വീണ്ടും ചോദ്യം ചെയ്തതിലാണ് കോടാലിയിലെ വീട്ടിൽ നിന്നും സ്വർണം കണ്ടെടുത്തത്. മറ്റൊരു പ്രതി ബഷീറിന്റെ വീട്ടിൽ നിന്ന് 50,000 രൂപയും കണ്ടെത്തി.
അതേസമയം കൊടകര കുഴൽപ്പണ കേസിൽ ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ മൊഴിയെടുക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പണം വന്നത് പല നേതാക്കൾക്കും അറിവുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പണം വന്നത് ആർക്കുവേണ്ടിയാണെന്ന് സംസ്ഥാന നേതൃത്വത്തിന് അറിയാമായിരുന്നുവെന്ന് ബിജെപി. ആലപ്പുഴ ജില്ലാ ട്രഷററുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രന്റെ മൊഴിയെടുക്കാനുള്ള നീക്കം.
അതേസമയം, കവർച്ചയിൽ നേതാക്കൾക്ക് പങ്കുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടില്ല. എന്നാൽ, പണം വന്നത് സംബന്ധിച്ചും വിതരണം സംബന്ധിച്ചും നേതാക്കൾക്ക് കൃത്യമായി വിവരമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്യൽ കടുപ്പിച്ചതോടെയാണ് ആലപ്പുഴ ജില്ലാ ട്രഷറർ കർത്ത സംസ്ഥാന നേതൃത്വത്തിലേക്ക് പഴിചാരിയത്. എന്നാൽ ഇത്തരം ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് കെ. സുരേന്ദ്രൻ. ഇതിനിടെ ബിജെപിയുടെ ആലപ്പുഴ ജില്ലയിലെ ചില സ്ഥാനാർത്ഥികളേയും ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുമെന്നും പൊലീസ് വ്യക്തമാക്കി.
കുഴൽപ്പണക്കേസിലെ പ്രധാന പ്രതികളായ ദീപക്, രഞ്ജിത്ത് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയെന്ന് ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്കുമാർ അന്വേഷണ സംഘത്തിന് മൊഴി നല്കിയിരുന്നു. കവർച്ചയ്ക്ക് ശേഷം ഇരുവരും ജില്ലാ ഓഫീസിലെത്തിയിരുന്നു. കേസിൽ തനിക്കോ പാർട്ടിക്കോ ബന്ധമില്ലെന്നായിരുന്നു അനീഷ്കുമാർ മുമ്പ് പ്രതികരിച്ചിരുന്നത്.എന്നാൽ പൊലീസ് തെളിവുകൾ നിരത്തിയതോടെയാണ് നിലപാട് മാറ്റിയത്. ബിജെപി ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രവർത്തിക്കുന്നില്ലെന്നായിരുന്നു മറുപടി.
തുടർന്ന് സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. അങ്ങനെയാണ് പ്രതികൾ ബിജെപി ഓഫീസിലെത്തിയെന്ന് തെളിഞ്ഞത്. എന്നാൽ കവർച്ചയെപ്പറ്റിയുള്ള ബിജെപിയുടെ സമാന്തര അന്വേഷണത്തിന്റെ ഭാഗമായാണ് പ്രതികളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് അനീഷ്കുമാർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.തിരഞ്ഞെടുപ്പിന് ശേഷം ദീപക്കും രഞ്ജിത്തും പാർട്ടി ഓഫീസിലെത്തിയിരുന്നു. നേതാക്കൾ ഇവരെ വിളിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്. കുഴൽപ്പണക്കവർച്ചയുടെ തലേദിവസം പരാതിക്കാർ താമസിച്ചിരുന്ന ഹോട്ടലിന് സമീപം അനീഷ്കുമാർ എത്തിയതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.
ധർമ്മരാജനും സംഘവും പണവുമായെത്തിയ ഏപ്രിൽ രണ്ടിന് അനീഷ് കുമാർ തൃശൂരിലുണ്ടായിരുന്നുവെന്നും വ്യക്തമായി.ധർമ്മരാജനും സംഘവും അനീഷ്കുമാറും ഒരേ ടവർ ലൊക്കേഷനിൽ മൂന്നര മണിക്കൂറോളമുണ്ടായിരുന്നു. വഞ്ചനാക്കുറ്റത്തിനും കേസ്കുഴൽപ്പണ കവർച്ചാക്കേസിലെ പ്രധാന പ്രതികളായ മാർട്ടിൻ, രഞ്ജിത്ത് എന്നിവർക്കെതിരെ ആളൂർ പൊലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കെ.എസ്.എഫ്.ഇയിൽ നിന്ന് 25 ലക്ഷം രൂപ ലോണെടുത്ത് നൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് അവിട്ടത്തൂർ സ്വദേശിനിയുടെ കൈയിൽ നിന്ന് ഭർത്താവിന്റെ പേരിലുള്ള 38 സെന്റ് സ്ഥലത്തിന്റെ ആധാരവും പലപ്പോഴായി 80,000 രൂപയും വാങ്ങിയെടുത്ത് വഞ്ചിച്ചതിനാണ് കേസ്.
മറുനാടന് മലയാളി ബ്യൂറോ