- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടകര കുഴൽപ്പണക്കേസ് ബിജെപിക്ക് വിനയാകും; പരാതിയിൽ പറഞ്ഞ 25 ലക്ഷം കള്ളമെന്ന് ഉറപ്പിച്ച് ആർ എസ് എസുകാരനായ അബ്കാരിയെ അറസ്റ്റ് ചെയ്യാൻ തീരുമാനം; പരാതിക്കാരനായ ധർമ്മരാജനെ പിടികൂടുന്നത് ഉന്നത നേതാക്കളിലേക്ക് അന്വേഷണം എത്തിക്കാൻ; തൃശൂരിലെ അഭിഭാഷകനായ നേതാവും നിരീക്ഷണത്തിൽ; കൊണ്ടു പോയത് മൂന്നരക്കോടിയെന്ന് തറപ്പിച്ച് അന്വേഷണം മുമ്പോട്ട്
തൃശൂർ: പാർട്ടിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു കൊണ്ടുവന്നതെന്നു കരുതപ്പെടുന്ന കുഴൽപണം കൊടകരയിൽ കവർന്ന കേസിൽ നിർണ്ണായക ട്വിസ്റ്റിന് സാധ്യത. പരാതിക്കാരനായ ധർമ്മരാജനെ പൊലീസ് അറസ്റ്റു ചെയ്യും. ആർ എസ് എസുകാരനായ ധർമ്മരാജൻ കോഴിക്കോട്ടെ അബ്കാരിയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും പറയപ്പെടുന്നു. പരാതിയിൽ പറയുന്നതിനെക്കാൾ തുക കണ്ടെത്തിയ സാഹചര്യത്തിലാണ് പരാതിക്കാരനെ അറസ്റ്റു ചെയ്യാനുള്ള നീക്കം.
കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളിലൊരാളുടെ മൊഴിയിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്ന് കവർച്ചക്കേസ് ബിജെപി നേതാക്കളിലേക്ക് നീങ്ങുകയാണ്. ഉന്നത നേതാക്കളുമായി ബന്ധമുള്ള ബിജെപി നേതാവായ തൃശൂർ ജില്ലാ കമ്മിറ്റിയോടൊപ്പം നിൽക്കുന്ന അഭിഭാഷകൻ പൊലീസ് നിരീക്ഷണത്തിലാണ്. തെരഞ്ഞെടുപ്പാവശ്യത്തിനായി ബിജെപി കാറിൽ കടത്തികൊണ്ടുപോയത് മൂന്നരക്കോടിയെന്ന് കേസിൽ കണ്ണിയായ പ്രധാനി പൊലീസിന് മൊഴി നൽകിയതായി സൂചന. പണം സൂക്ഷിച്ചത് കാറിൽ പ്രത്യേക അറയിലെന്നും മൊഴിയിലുണ്ട്.
25 ലക്ഷം രൂപ നഷ്ടമായെന്നായിരുന്നു പരാതിക്കാരനായ ആർഎസ്എസ് പ്രവർത്തകൻ ധർമരാജ് ആദ്യം പൊലീസിന് പരാതി നൽകിയത്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ പൊലീസിന്റെ പിടിയിലായതോടെ 25 ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായി. 47.5 ലക്ഷം രൂപ പൊലീസ് വീണ്ടെടുക്കുകയും ചെയ്തു. ഇതോടെയാണ് മൂന്നു കോടി രൂപ കാറിലുണ്ടായിരുന്നെന്ന് കേസിലെ പ്രധാനി മൊഴി നൽകിയത്.
കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ തലപ്പത്ത് അഴിച്ചുപണി നടന്നിരുന്നു. തൃശൂർ റേഞ്ച് ഡിഐജി എ. അക്‌ബറിനാണ് ഇനി അന്വേഷണച്ചുമതല. 3 ഡിവൈഎസ്‌പിമാരും ക്രൈംബ്രാഞ്ച് അംഗങ്ങളും സംഘത്തിലുണ്ടാവും. ഇതുവരെ തൃശൂർ എസ്‌പി ജി. പൂങ്കുഴലിയാണു അന്വേഷണത്തിനു മേൽനോട്ടം വഹിച്ചിരുന്നത്. ധർമ്മരാജനെ അറസ്റ്റു ചെയ്യാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് ഇത്. 25 ലക്ഷം രൂപയും കാറും കവർന്നെന്ന പരാതിയിൽ അന്വേഷണം തുടങ്ങിയ സംഘം ഇതുവരെ 47.5 ലക്ഷം രൂപയും കവർച്ചയ്ക്കുപയോഗിച്ച 3 കാറുകളും കണ്ടെടുത്തിട്ടുണ്ട്. പരാതിയിൽ കളവുണ്ടെന്നും പൊലീസ് തിരിച്ചറിയുന്നു.
19 പ്രതികളെയും അറസ്റ്റ് ചെയ്തു.തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ മണ്ഡലങ്ങളിൽ രഹസ്യമായി ഉപയോഗിക്കാനായി ബിജെപി കൊണ്ടുവന്ന കോടിക്കണക്കിനു രൂപയിൽ ഉൾപ്പെട്ട 3.5 കോടി രൂപയാണു കവർന്നതെന്ന് ആരോപണമുയർന്നിരുന്നു. കോടികൾ കവർച്ച ചെയ്യപ്പെട്ടെന്ന വിവരം പൊലീസും സ്ഥിരീകരിച്ചിരുന്നു. പണം കൊടുത്തുവിട്ടത് യുവമോർച്ച മുൻ സംസ്ഥാന ട്രഷററും കേന്ദ്രത്തിൽ ബിജെപിയുമായി വിപുല ബന്ധമുള്ളയാളുമായ സുനിൽ നായക് ആണെന്നും വ്യക്തമായിരുന്നു. പണം കടത്തുന്നതിന്റെ ചുമതല ധർമരാജന് ആയിരുന്നെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പരാതിക്കാരനായ ധർമരാജനെ അറസ്റ്റ ്‌ചെയ്യാനുള്ള സാധ്യതയുണ്ട്.
പ്രതികളുടെയും പരാതിക്കാരുടെയും ഫോൺ രേഖകൾ പരിശോധിച്ചതിൽനിന്നു പണം ഇതര സംസ്ഥാനത്തുനിന്നു വന്നതാണെന്നും 3.5 കോടിയിലേറെ രൂപയുണ്ടെന്നും സ്ഥിരീകരിച്ചതോടെയാണ് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏൽപിച്ചിരിക്കുന്നത്. ഇതുവരെയുള്ള അന്വേഷണത്തിൽ പണവും പാർട്ടിയുമായുള്ള ബന്ധം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് അന്വേഷണ സംഘം മാറിയത്.
ഇടപാടുമായി ബന്ധമുള്ള ഒരു നേതാവ് മുൻകൂർ ജാമ്യത്തിനു ശ്രമിച്ചതായും സൂചനയുണ്ട്. ഏപ്രിൽ മൂന്നിനു പുലർച്ചെ കൊടകരയിൽ വാഹനാപകടം സൃഷ്ടിച്ചാണ് കാറും പണവും കവർന്നത്. കർണാടകയിൽ നിന്നെത്തിയതാണു പണമെന്നാണു വിവരം. ആക്രമണം ആസൂത്രണം ചെയ്തതിൽ, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള കുഴൽപണ മാഫിയയും അവരുടെ സഹായികളായി ഇരിങ്ങാലക്കുട, കോടാലി ഭാഗത്തെ ഗുണ്ടാസംഘവുമുണ്ടായിരുന്നു. ഇവരെല്ലാം അറസ്റ്റിലായി.
സംസ്ഥാനസർക്കാരിനെതിരായ കേന്ദ്ര ഏജൻസികളുടെ അന്വേഷണപരമ്പരയെ കുഴൽപ്പണക്കേസ് ഉപയോഗിച്ച് പ്രതിരോധിക്കാനാണു നീക്കം. ഇക്കാര്യത്തിൽ രാഷ്ര്ടീയതീരുമാനമുണ്ടായതോടെയാണ് അന്വേഷണം ഊർജിതമായത്. കേസിലെ പ്രതികളെ ജാമ്യത്തിലിറക്കാൻ രംഗത്തെത്തിയ അഭിഭാഷകനും ബിജെപി. ജില്ലാനേതാവുമായുള്ള ബന്ധവും പൊലീസ് പരിശോധിക്കുന്നു. തെരഞ്ഞെടുപ്പിൽ മത്സരരംഗത്തില്ലാതിരുന്ന ഈ നേതാവിന്റെ ജൂനിയർ അഭിഭാഷകനാണു പ്രതികളുടെ വക്കാലത്തെടുത്തത്. കുഴൽപ്പണവുമായി ബന്ധപ്പെട്ട് ബിജെപി. നേതാക്കൾക്കെതിരേ ആരോപണമുയർന്നതോടെ ആർ.എസ്.എസും സംഘടനാതലത്തിൽ അന്വേഷണം നടത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ