- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടകര കുഴൽപ്പണക്കേസിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി; കുഴൽപ്പണം ബിജെപിയുടെത് തന്നെയെന്ന് മുഖ്യമന്ത്രി; വീശദീകരണം പ്രതിപക്ഷം സഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടിയായി; ബിജെപി നേതാക്കളും പ്രതികളാവാം; പണം കൊണ്ടുവന്നത് ആർക്കുവേണ്ടിയെന്ന് സുരേന്ദ്രന് അറിയാമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം : കൊടകര കുഴൽപ്പണക്കേസിലെ നാലാം പ്രതി ബിജെപി പ്രവർത്തകനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിക്ക് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അടക്കമുള്ളവരുമായി അടുപ്പമുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കേസ് ഒതുക്കുകയാണെന്ന് ആക്ഷേപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കോൺഗ്രസ് എംഎൽഎ റോജി എം ജോൺ ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കേസിൽ ഒത്തുകളിയാണ് നടക്കുന്നത്. കുറ്റപത്രം സമർപ്പിച്ചപ്പോൾ സൂത്രധാരനായ ബിജെപി സംസ്ഥാന പ്രസിഡന്റ് സാക്ഷിയായി മാറി. സൂത്രധാരൻ സാക്ഷിയാകുന്ന സൂത്രം കേരള പൊലീസിന് മാത്രമേ അറിയൂ എന്നും റോജി എം ജോൺ പരിഹസിച്ചു.
ഇതിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ രൂക്ഷമായ പരാമർശം. പ്രതിപക്ഷം സംസാരിക്കുന്നത് ബിജെപിക്ക് വേണ്ടിയാണ്. പണം നഷ്ടമായി എന്നു പറഞ്ഞ ധർമ്മരാജൻ ബിജെപി അനുഭാവിയാണ്. ഇപ്പോൾ നൽകിയ കുറ്റപത്രം സാധാരണ നടപടിയുടെ ഭാഗമായാണ്. അന്വേഷണം തുടരുകയാണ്. ഇപ്പോൾ സാക്ഷികളായ ആരും ഭാവിയിൽ പ്രതികളാകില്ല എന്ന് പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പണം കൊണ്ടുവന്നത് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി കർണാടകയിൽ നിന്നാണ്. കർണാടകയിൽ നിന്ന് 40 കോടി കൊണ്ടു വന്നു. 17 കോടി വേറെയും സ്വരൂപിച്ചു. പണം കൊണ്ടുവന്നതാർക്ക് എന്ന് കെ സുരേന്ദ്രന് അറിയാം. കേസിൽ സാക്ഷിയായത് അതുകൊണ്ടാണ്. കള്ളപ്പണത്തിന്റെ ഉറവിടം സംബന്ധിച്ച് ബിജെപി തന്നെ വിശദീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊടകര കുഴൽപ്പണക്കേസിൽ കേന്ദ്ര ഏജൻസികൾക്ക് അന്വേഷിക്കാൻ സ്വാതന്ത്ര്യമുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സ്വമേധയാ കേസെടുത്ത് അന്വേഷിക്കാവുന്നതാണ്. സംസ്ഥാനം വിശേഷിച്ച് കൈമാറേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇഡി പോലുള്ള കേന്ദ്ര ഏജൻസികളെ അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രതിപക്ഷം മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേസ് ഒതുക്കകുയാണെന്ന ആക്ഷേപം ജനശ്രദ്ധ തിരിക്കാനാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
മറുനാടന് മലയാളി ബ്യൂറോ