കൊച്ചി: കള്ളപ്പണം ഇടപാട് സംശയിച്ച് സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണം നടത്തും. തൃശ്ശൂർ റൂറലിലെ ഒരു ഇൻസ്‌പെക്ടർക്കെതിരേയും എറണാകുളം റൂറലിലെ ഇൻസ്‌പെക്ടർ, എഎസ്ഐ., സി.പി.ഒ. എന്നിവർക്കെതിരേയുമാണ് ഇഡിയുടെ റിപ്പോർട്ട്. ഇത് ഗൗരവത്തോടെ കാണാനാണ് വിജിലൻസ് തീരുമാം. പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരമാണ് അന്വഷണം.

പൊലീസുകാർക്കെതിരെ നിരവധി പരാതികൾ ഇഡിക്ക് കിട്ടാറുണ്ട്. ഇതിൽ ഗൗരവത്തോടെയുള്ള അന്വേഷണം ഇനി നടത്തും. ഇപ്പോൾ സംശയ നിഴലിലുള്ളവരുടെ ഇടപാടുകൾ സംശയകരമെന്ന് ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ആവശ്യപ്പെട്ട് ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് കുമാർ സംസ്ഥാന പൊലീസ് മേധാവിക്കും വിജിലൻസ് ഡയറക്ടർക്കും കത്തുനൽകിയത് ആരോപണങ്ങളുടെ ഗൗരവം തിരിച്ചറിഞ്ഞാണ്.

ഈ പൊലീസുകാർക്കെതിരേ എന്തെങ്കിലും കേസുകളുണ്ടെങ്കിലോ കള്ളപ്പണവുമായി ബന്ധപ്പെട്ട ഇടപാടുകളുണ്ടെങ്കിലോ ഉടൻ അറിയിക്കാനാണ് ഇ.ഡി. നിർദ്ദേശം. ഈ കത്തിനോട് പൊലീസ് എങ്ങനെ പ്രതികരിക്കുമെന്നത് നിർണ്ണായകമാണ്. ഇഡിയുമായി സ്വർണ്ണ കടത്ത് കേസിൽ സംസ്ഥാന സർക്കാർ ഏറ്റുമുട്ടൽ പാത സ്വീകരിച്ചിരുന്നു. അതുകൊണ്ട് തന്നെ പൊലീസുകാർക്കെതിരായ അന്വേഷണത്തിൽ പൊലീസിന്റെ സഹകരണം എങ്ങനെയാകുമെന്നത് നിർണ്ണായകമാണ്.

സംസ്ഥാന പൊലീസിലെ പല ഉദ്യോഗസ്ഥരും അനധികൃതമായി സ്വത്തുക്കൾ സമ്പാദിക്കുന്നതായി നേരത്തേതന്നെ പരാതിയുയർന്നിരുന്നു. ഉന്നത ഐ.പി.എസ്. ഉദ്യോഗസ്ഥരിൽ തുടങ്ങി താഴേത്തലത്തിൽവരെയുള്ള ഉദ്യോഗസ്ഥർക്കെതിരേ ഇ.ഡി.ക്ക് പരാതികൾ ലഭിച്ചു. ഈ സാഹചര്യത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വിവരം ചോദിച്ച് ഇ.ഡി. കത്തെഴുതിയത്. ഈ ഉദ്യോഗസ്ഥർക്കെതിരായ പരാതിയിൽ കഴമ്പുണ്ടെന്നാണ് ഇഡി പറയുന്നത്. ഇ.ഡി.യുടെ കത്തിനുപിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ പ്രാഥമിക അന്വേഷണം നടത്താൻ വിജിലൻസ് തീരുമാനിച്ചതും.

എറണാകുളം ജില്ലയിലെ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എസ്എച്ച് ഒ സുരേഷ്‌കുമാർ, എഎസ്ഐ ജേക്കബ്, സിപിഒ ജ്യോതി ജോർജ്ജ്, , കൊടകര എസ്എച്ചഒ അരുൺ ഗോപാലകൃഷ്ണൻ എന്നിവരുടെ ഇടപാടുകൾ സംശയകരമെന്നാണ് ഇഡി കണ്ടെത്തിയത്. കത്തിൽ സൂചിപ്പിച്ചിരിക്കുന്ന പേരുകാർക്കെതിരെ എന്തെങ്കിലും കേസുകളുണ്ടെങ്കിലോ, കള്ളപ്പണവുമായി ബന്ധപ്പെട്ട ഇടപാടുകളുണ്ടെങ്കിലോ ഉടൻ അറിയിക്കാനാണ് ഇഡി നിർദ്ദേശം.

എൻഫോഴ്‌സ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് കുമാർ സംസ്ഥാന പൊലീസ് മേധാവിക്കും വിജിലൻസിനുമാണ് കത്ത് നൽകിയത്. പൊലീസിലെ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ ഇഡിയുടെ അന്വേഷണമുണ്ടാകുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് കാലത്തുണ്ടായ കൊടകരയിലെ കള്ളപ്പണ കവർച്ചയിൽ അടക്കം പൊലീസിന് ബന്ധമുണ്ടെന്ന സംശയം സജീവമാണ്. ഇതിനും ഇഡി തെളിവു ശേഖരണം നടത്തുന്നുണ്ട്.