- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടകര കുഴൽപ്പണക്കേസിൽ ഒരു ബിജെപി നേതാവും പ്രതിയാകില്ല; കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന നിർദ്ദേശത്തോടെ കുറ്റപത്രം 24 ന് സമർപ്പിക്കാനൊരുങ്ങി അന്വേഷണ സംഘം; കേസ് ഗുഡമെന്നും വിശദമായ അന്വേഷണം വേണമെന്ന് ഹൈക്കോടതിയും; മോദി പിണറായി കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ബിജെപിക്കാശ്വാസമായി കുഴൽപ്പണക്കേസും ആവിയായി
തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന് ആശ്വാസം. ചോദ്യം ചെയ്ത 19 നേതാക്കളിൽ ആരെയും പ്രതിയാക്കില്ല. എന്നാൽ കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കളെ സാക്ഷികളാക്കണോ എന്ന കാര്യം പിന്നീട് ആലോചിക്കുമെന്നുമാണ് സൂചന. കേസ് ഒരു കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാവശ്യമുൾക്കൊള്ളിച്ച് ബിജെപി നേതാക്കളുടെ മൊഴികളും ഉൾപ്പെടുത്തി കേസിന്റെ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ജൂലൈ 24-ന് ഇരിഞ്ഞാലക്കുട കോടതിക്ക് മുമ്പാകെയാണ് കുറ്റപത്രം സമർപ്പിക്കുക.
കേസിൽ ആകെ 22 പ്രതികളാണുള്ളത്.കവർച്ചാ പണം മുഴുവൻ കണ്ടെടുക്കുക ദുഷ്കരമെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇത് തെരഞ്ഞെടുപ്പിന് വേണ്ടി വന്ന പണമാണെന്ന് തെളിയിക്കാനുള്ള ഒന്നും അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല. ഈ പണത്തിന്റെ ഉറവിടം സംബന്ധിച്ച് ഒരു മൊഴികളും ബിജെപി നേതാക്കളിൽ നിന്ന് കിട്ടിയിട്ടില്ല. അതിനാൽ ഇത് ഒരു കവർച്ചാക്കേസ് മാത്രമായി കണക്കാക്കി ഒരു കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
ഇത് ബിജെപിക്ക് വേണ്ടി കൊണ്ടുവന്ന പണമാണെന്നാണ് ആദ്യം അന്വേഷണസംഘം പറഞ്ഞിരുന്നത്. ഇക്കാര്യം ഇരിഞ്ഞാലക്കുട കോടതിയിൽ പൊലീസ് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. എന്നാലിപ്പോൾ അതേ പൊലീസ് തന്നെ കേസിൽ നേരേ തിരിച്ച് ഇതൊരു കവർച്ചാക്കേസായി മാത്രം അവസാനിപ്പിക്കവേ കേസിന്റെ രാഷ്ട്രീയമാനം പൂർണമായും പൊലീസ് അവസാനിപ്പിക്കുന്നു എന്ന് വേണം കണക്കാക്കാൻ.
അതേസമയം വിഷയം അത്ര ലളിതമല്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്.കൊടകര കുഴൽപ്പണക്കേസിലെ കവർച്ച ആകസ്മികമായി സംഭവിച്ചതല്ല, കൃത്യമായി മുൻകൂട്ടി ആസൂത്രണം ചെയ്തതെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. കേസിൽ നിഗൂഢമായ ഒരുപാട് കാര്യങ്ങൾ ഇനിയും പുറത്ത് വരാനുണ്ടെന്ന് ഹൈക്കോടതി പറയുന്നു. ചില പ്രധാനപ്രതികൾ ഇപ്പോഴും പുറത്തുണ്ട്. കുഴൽപ്പണത്തിന്റെ ഉറവിടമെന്ത്, പണം എത്തിച്ചത് എന്തിന് വേണ്ടി എന്നതെല്ലാം അന്വേഷിക്കണമെന്നും ഹൈക്കോടതി നിർദേശിക്കുന്നു. കൊടകര കേസിലെ പ്രതികളുടെ ജാമ്യഹർജി തള്ളിയ ഉത്തരവിലാണ് പരാമർശം. കേസിൽ വെളിപ്പെടാത്ത നിരവധി കാര്യങ്ങൾ അവശേഷിക്കുന്നുണ്ടെന്നും ഹൈക്കോടതി പറയുന്നു.
എന്നാൽ കുറ്റപത്രത്തിൽ പറയുന്നത് പോലെ, കേസ് ഇഡി ഏറ്റെടുക്കുമോ എന്ന കാര്യം സംശയമാണ്. നേരത്തേ, കേസിൽ എൻഫോഴ്സ്മെന്റ് അന്വേഷണത്തിന്റെ സാധ്യതകൾ ചൂണ്ടിക്കാട്ടി ആഴ്ചകൾക്കു മുമ്പേ തന്നെ സംസ്ഥാന പൊലീസ് കത്തു നൽകിയിരുന്നതാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ അടക്കമുള്ളവർക്കെതിരെ ആരോപണം ഉയർന്നതോടെയാണ് എൻഫോഴ്സ്മെന്റ് പിൻവലിഞ്ഞത്.
മോദി പിണറായി കുടിക്കാഴ്്ച്ചയ്ക്ക് കേസിലുണ്ടായ ഈ ട്വിസ്റ്റ് കൊണ്ട് തന്നെ കേസ് കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷിച്ചാലും വലിയ വിശേഷമൊന്നും ഉണ്ടായേക്കില്ല. നിലവിൽ 22 പേരാണ് കേസിൽ പ്രതികളായുള്ളത്.അതുകൊണ്ട് തന്നെ ഇതിന്റെ രാഷ്ട്രീയമാനങ്ങൾ വലുതാകുകയും ചെയ്യും.
ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് കൊടകര ദേശീയപാതയിൽ മൂന്നരക്കോടി രൂപ ക്രിമിനൽസംഘം കവർന്നത്. ഇതിനോടകം ഇരുപത്തി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു കോടി 45 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. എന്നാൽ ബാക്കി പണം കണ്ടെത്തുക എങ്ങനെയാണ് എന്നതിലാണ് അന്വേഷണസംഘം വഴിമുട്ടി നിന്നത്.
മറുനാടന് മലയാളി ബ്യൂറോ