- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരഞ്ഞെടുപ്പിന് കള്ളപ്പണം, തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എംഎൽഎ മാരെ പർച്ചേയ്സ് ചെയ്യാൻ കള്ളപ്പണം; എവിടെ നിന്നാണ് ഈ കോടികൾ? സംസ്ഥാനത്ത് അകെ എത്ര കോടിയുടെ കള്ളപ്പണമായിരിക്കും ബിജെപി ഒഴുക്കിയിട്ടുണ്ടാവുക? കൊടകര കുഴൽപണ കടത്തിൽ പരിഹാസവുമായി എ.എ.റഹീം
തിരുവനന്തപുരം: കൊടകരയിൽ വച്ച് അജ്ഞാതർ തട്ടിയെടുത്ത മൂന്നര കോടി രൂപ ദേശീയ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രേഖകളില്ലാതെ കർണാടകയിൽ നിന്നാണ് കൊണ്ടുവന്നതെന്ന വിവാദം ചൂടുപിടിക്കുകയാണ്. പാർട്ടി നേതാക്കൾ തന്നെ വാഹനാപകടമുണ്ടാക്കി പണം തട്ടിയതാണെന്ന വിവരവും പൊലീസിന് ലഭിച്ചു. ഏപ്രിൽ മൂന്നിന് രാവിലെ തൃശൂർ - എറണാകുളം ദേശീയപാതയിലെ കൊടകരയിലായിരുന്നു സംഭവം.
മറ്റൊരു കാർ പിന്നിൽ കൊണ്ടുവന്ന് ഇടിപ്പിച്ചശേഷം പണം സൂക്ഷിച്ചിരുന്ന കാർ തട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഭവത്തിന് പിന്നിൽ ഇതേ പാർട്ടിയിലെ ജില്ലാ ഭാരവാഹിത്വത്തിലുള്ള രണ്ട് നേതാക്കളാണെന്നും വ്യക്തമായി. ഈ ദേശീയ പാർട്ടി ബിജെപിയാണെന്നും വാർത്ത വന്നിരുന്നു. അതേസമയം, താൻ അങ്ങനെയൊരു വാർത്ത വായിച്ചിരുന്നെന്നും എന്നാൽ സംഭവത്തിൽ ബിജെപിക്ക് റോൾ ഒന്നും ഇല്ലെന്നും സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞിരുന്നു. ഈപശ്ചാത്തലത്തിൽ ബിജെപിയെ പരിഹസിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ടിരിക്കുകയാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം.
തെരഞ്ഞെടുപ്പ് സമയത്ത് കോടികളുടെ കള്ളപ്പണമാണ് ബിജെപി സംസ്ഥാനത്ത് ഒഴുക്കിയതെന്ന് എഎ റഹീം പറഞ്ഞു. തിരഞ്ഞെടുപ്പിന് കള്ളപ്പണം, തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എംഎൽഎമാരെ പർച്ചേയ്‌സ് ചെയ്യാൻ കള്ളപ്പണം. എവിടെ നിന്നാണ് ബിജെപിക്ക് ഈ കോടികളെന്നും റഹീം ചോദിച്ചു. കുഴൽപ്പണക്കടത്തിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കള്ളപ്പണം കൊടുത്ത വിട്ടവരെയും കൊള്ളയടിച്ചവരെയും അറസ്റ്റ് ചെയ്യണമെന്നും റഹീം ആവശ്യപ്പെട്ടു.
എഎ റഹീമിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
കള്ളപ്പണം കാറിൽ. അതും മൂന്നരക്കോടി.സിനിമാ സ്‌റ്റൈലിൽ ആക്‌സിഡന്റ് സൃഷ്ടിച്ചു കാറിലുണ്ടായിരുന്ന കോടികൾ കവർച്ച നടത്തുന്നു .സംഭവം തൃശൂരിലാണ്. സംഭവത്തിൽ പൊലീസ് അന്വഷണം പുരോഗമിക്കുന്നു. പണം കൊണ്ട് വന്നത് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചെലവിന്. കൊള്ളയടിച്ചതും അതേ പാർട്ടിക്കാർ തന്നെയെന്ന് മനോരമ വാർത്ത.
ആർഎസ്എസ്, ബിജെപി നേതൃത്വം അന്വഷണം ആരംഭിച്ചതായും വാർത്തകൾ വന്നു കഴിഞ്ഞു. ബിജെപിയുടെ പ്രമുഖരായ സംസ്ഥാന നേതാക്കൾക്ക് ഈ കൊള്ളയിൽ പങ്കുണ്ടെന്നും വാർത്ത. ഒരടിസ്ഥാനവുമില്ലാത്ത കാര്യങ്ങൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി കേന്ദ്ര സഹമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനും വാർത്താ സമ്മേളനങ്ങൾ നടത്തിയിരുന്നു.
അനാവശ്യ വിവാദം സൃഷ്ടിച്ചത്, കള്ളപ്പണ കടത്തും സിനിമാ സ്‌റ്റൈൽ കൊള്ളയും മാധ്യമങ്ങളിൽ ചർച്ചയാകാതിരിക്കാനാണ് എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാകില്ല. കോടികളുടെ കള്ളപ്പണമാണ് ബിജെപി ഇവിടെയൊഴുക്കിയത്. കള്ളപ്പണം അവർ തന്നെ കൊള്ളയടിക്കുകയും ചെയ്യുന്നു. ഒരു പ്രത്യേകതരം 'ദേശ സ്‌നേഹ'പ്രവൃത്തി.
തിരഞ്ഞെടുപ്പിന് കള്ളപ്പണം ,തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എംഎൽഎ മാരെ പർച്ചേയ്സ് ചെയ്യാൻ കള്ളപ്പണം...എവിടെ നിന്നാണ് ഈ കോടികൾ. മനോരമ വാർത്ത പ്രകാരം എറണാകുളം ജില്ലയിലേക്ക് കൊണ്ട് പോയ പണമാണ് ഈ മൂന്നരക്കോടി. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലെ ചെലവിന് മാത്രമുള്ള തുകയാണിത് എന്നോർക്കണം. അതും ഒരു ജില്ലയ്ക്ക് മാത്രം.
അപ്പോൾ,സംസ്ഥാനത്ത് അകെ എത്ര കോടിയുടെ കള്ളപ്പണമായിരിക്കും ബിജെപി ഒഴുക്കിയിട്ടുണ്ടാവുക? രാജ്യത്താകെ എത്രയാകും?എവിടെ നിന്നാണ് ഈ പണം?രാജ്യത്തിന്റെ പൊതുമേഖലയും വിഭവങ്ങളും കോർപ്പറേറ്റ് ഭീമന്മാർക്ക് വിറ്റ വകയിൽ കിട്ടുന്ന കോടികളുടെ കോഴപ്പണമാണ് ചാക്കിൽ കെട്ടി രാജ്യത്താകെ ജനാധിപത്യത്തെ വിലയ്ക്ക് വാങ്ങാൻ കയറ്റി അയയ്ക്കുന്നത്.
ഒരു രൂപയുടെ അധിക ഇടപാട് പോലും സാധാരണക്കാരൻ ബാങ്ക് വഴി നടത്തണമെന്ന് മോദിയുടെ കൽപ്പന. മോദിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും കറൻസി മതിപ്പുകണക്കിന് ചാക്കിൽ കെട്ടി കടത്താം. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വന്നതിനു ശേഷം, ഓരോ തിരഞ്ഞെടുപ്പും, കേരളാ ബിജെപിയിലെ ഒരു വിഭാഗം നേതാക്കൾക്ക് ചാകരയാണ്. ഇപ്പോൾ നടുറോഡിൽ കൊള്ളയും തുടങ്ങിയിരിക്കുന്നു.തൃശൂരിൽ നടന്ന കുഴൽപ്പണകടത്തും കൊള്ളയും സംബന്ധിച്ച് സമഗ്രമായ അന്വഷണം നടത്തണം. കള്ളപ്പണം കൊടുത്തു വിട്ടവരെയും കൊള്ളയടിച്ചവരെയും കയ്യാമം വെയ്ക്കണം.
മറുനാടന് മലയാളി ബ്യൂറോ