- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടുങ്ങല്ലൂരിലെ യുവമോർച്ചാ ടൗൺ സെക്രട്ടറി സത്യേഷനെ വെട്ടിക്കൊന്നത് 2016ൽ; ഹൈക്കോടതി വെറുതെ വിട്ട രജിൻ പിന്നീട് എടവിലങ്ങ് പ്രമോദിനെ കൊന്ന കേസിലും പ്രതിയായി; കൊടകര കവർച്ചാക്കേസിലെ ബിജെപി ബന്ധമുള്ള ദീപക്കിനും രഞ്ജിത്തിനും എല്ലാ ഒത്താശയും ചെയ്തത് സഖാവ്; സിപിഎമ്മിന് തലവേദനയായി ടുട്ടുവിന്റെ സാന്നിധ്യം
തൃശ്ശൂർ: കൊടകര കുഴൽപ്പണ കേസിൽ സിപിഎം പ്രവർത്തകനെ അന്വേഷണ സംഘം ചോദ്യം ചെയ്യുമ്പോൾ ചർച്ചയാകുന്നത് ധർമ്മരാജന്റെ പണം തട്ടിയെടുത്തതിന് പിന്നിലെ സിപിഎം ബന്ധം. കൊടുങ്ങല്ലൂർ സ്വദേശി രജിനെയാണ് ചോദ്യംചെയ്തത്. ഇതോടെ കേസിന് ഇനി എന്തു സംഭവിക്കുമെന്ന ആകാംഷ ഉയരുകയാണ്.
കുഴൽപ്പണം തട്ടിയെടുത്ത ശേഷം ദീപക്കിൽനിന്ന് മൂന്നു ലക്ഷം രൂപ രജിൻ കൈപ്പറ്റി എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതിനെ തുടർന്നാണ് രജിനിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത്ത. കവർച്ചയ്ക്കു ശേഷം പ്രതികളുമായി ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നു. രണ്ട് കൊലക്കേസുകളിൽ പ്രതിയാണ് ഇയാൾ. അതും ബിജെപിക്കാരെ കൊന്ന കേസിൽ. ഇതിൽ ഒരു കേസിൽ ഹൈക്കോടതി ഇയാളെ വെറുതെവിട്ടിരുന്നു.
കുഴൽപ്പണം കവർച്ച ചെയ്ത ശേഷം രക്ഷപ്പെട്ട പ്രതികൾ സഹായം തേടിയെത്തിയത് രജിന്റെ അടുത്താണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കള്ളപ്പണക്കവർച്ചാകേസിലെ മുഖ്യപ്രതിയായ രഞ്ജിത്തുമായി രജിന് അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നാണ് വിവരം. കവർച്ചയ്ക്ക് ശേഷമുള്ള അടുത്ത നീക്കങ്ങൾ രജിനുമായാണ് രജ്ഞിത്ത് ആലോചിച്ചത്. രജിൻ ചെയ്ത സഹായങ്ങൾക്ക് പകരം രൂപ ഇയാൾക്ക് നൽകുകയും ചെയ്തു. ബിജെപി പ്രവർത്തകരായ സത്യേഷിനേയും പ്രമോദിനേയും കൊന്ന കേസിലെ പ്രതി കൂടിയാണ് രജിൻ.
കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ പ്രതികളായ രഞ്ജിത്ത്, ദീപക് എന്നിവർ ബിജെപിയുമായി അടുപ്പമുള്ളവരാണ്. ഇവർ കൊടകര മോഷണത്തിന് ശേഷം തൃശൂർ ബിജെപി ഓഫീസിലെത്തിയെന്ന് പൊലീസിന്റെ കണ്ടെത്തിയിരുന്നു. പണം കവർച്ചചെയ്തത് രഞ്ജിത്തും ദീപകുമാണെന്ന് നേതൃത്വം സംശയിച്ചിരുന്നു. ഈ വ്യക്തികൾക്കാണ് സിപിഎം പ്രവർത്തകനുമായി അടുത്ത ബന്ധമുള്ളത്. ഇതോടെ ഈ കേസിലെ രാഷ്ട്രീയം കൂടുതൽ സങ്കീർണ്ണമാകുകയാണ്.
കൊടുങ്ങല്ലൂരിലെ യുവമോർച്ച നേതാവായിരുന്ന സത്യേഷിനെ വധിച്ച കേസിലെ പ്രതിയായിരുന്നു ടുട്ടുവെന്ന് അറിയപ്പെടുന്ന രജിൻ. 2006 ജനുവരി 3ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഇരുചക്രവാഹനത്തിൽ വരികയായിരുന്ന സത്യേഷിനെ തടഞ്ഞു നിർത്തി വെട്ടിക്കൊല്ലുകയായിരുന്നു. സത്യേഷിന്റെ വധത്തെ തുടർന്ന് കൊടുങ്ങല്ലൂർ പ്രദേശത്ത് സിപിഎം- ആർഎസ്എസ് സംഘർഷം രൂക്ഷമായി. ഈ കേസിൽ പ്രതികളായിരുന്ന മാഹിൻ, ചെമ്പൻ രാജു എന്നിവർ പിന്നീട് വധിക്കപ്പെട്ടു.
സത്യേഷിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ അഞ്ച് സിപിഎം പ്രവർത്തകരെ ഹൈക്കോടതി വെറുതേവിടുകയും ചെയ്തു. . രണ്ടു പ്രതികളുടെ ഇരട്ട ജീവപര്യന്തം തടവുശിക്ഷ ശരിവച്ച ഡിവിഷൻ ബെഞ്ച് രണ്ടാംപ്രതിക്ക് പ്രായപൂർത്തിയായില്ലെന്ന് കണ്ടെത്തി തടവുശിക്ഷ റദ്ദാക്കി പകരം 15,000രൂപ പിഴയൊടുക്കാൻ ഉത്തരവിട്ടു. യുവമോർച്ചയുടെ കൊടുങ്ങല്ലൂർ ടൗൺസെക്രട്ടറിയായിരുന്നു സത്യേഷ്. എല്ലാ പ്രതികൾക്കും തൃശൂരിലെ അഡീഷണൽ സെഷൻസ് ഫാസ്റ്റ് ട്രാക്ക് കോടതി ഇരട്ട ജീവപര്യന്തം തടവാണ് വിധിച്ചത്. പിന്നീട് കൊടുങ്ങല്ലൂർ എസ്.എൻ. പുരം സ്വദേശികളായ ടുട്ടുവെന്ന രജിൻ അടക്കമുള്ളവരെ വെറുതെ വിട്ടു.
പിന്നീട് 2016ൽകൊടുങ്ങല്ലൂർ എടവിലങ്ങിൽ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം നടന്ന ആഹ്ലാദ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ട കേസിലും രജിൻ സംശയ നിഴലിലായി. എടവിലങ്ങ് കു്ഞ്ഞയിനി സ്വദേശി പ്രമോദ് ആണ് അന്ന് കൊല്ലപ്പെട്ടത്. ഇരു വിഭാഗങ്ങളുടെയും ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവർത്തകർ പ്രമോദിനെ ആക്രമിക്കുകയായിരുന്നു്.
സംഘർഷത്തിനിടെ പ്രമോദിന് ഇഷ്ടികകൊണ്ട് തലയ്ക്ക് ഇടിയേറ്റിരുന്നുവെന്നും ഇതാണ് മരണകാരണമായതെന്നും ബിജെപി തൃശൂർ ജില്ലാ നേതൃത്വം ആരോപിച്ചിരുന്നു. സത്യേഷ് വധക്കേസിലെ പ്രതിയായ മധുവാണ് പ്രമോദിനെ ആക്രമിച്ചത് എന്ന് ബിജെപി ആരോപിച്ചിരുന്നു. ഈ സംഘത്തിലും രജിൻ ഉണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ