തൃശൂർ: കൊടകരയിൽ കുഴൽപ്പണം കവർന്നെന്ന കേസിൽ ഒരു സ്ത്രീ അറസ്റ്റിലായിരുന്നു. കേസിലെ മുഖ്യപ്രതികളിൽ ഒരാളായ രഞ്ജിത്തിന്റെ ഭാര്യ കോടാലി വല്ലത്ത് ദീപ്തി(34)യെയാണ് അന്വേഷകസംഘം അറസ്റ്റ് ചെയ്തത്. പണം ഒളിപ്പിച്ചതിനാണ് അറസ്റ്റ്. രഞ്ജിത്ത് പിടിയിലാകുമെന്ന് ഉറപ്പായതോടെ ദീപ്തിയുടെ കൈയിൽ 11 ലക്ഷം നൽകിയിരുന്നു. ഈ പണത്തിന്റെ വിവരം പൊലീസിൽ നിന്നു മറച്ചുവച്ചതിനെത്തുടർന്നാണ് അറസ്റ്റ്. കവർച്ചപ്പണം ആണെന്നറിഞ്ഞുകൊണ്ടുതന്നെ ഒളിപ്പിച്ചതിനാണ് നടപടി. എന്നാൽ ഇന്നലെ ഇതിന് സമാനമായ കുറ്റം ചെയ്തുവെന്ന് കരുതുന്ന ആളെ പൊലീസ് ചോദ്യം ചെയ്തു വിട്ടയയ്ക്കുകയും ചെയ്തു. ഇതോടെ കുഴൽപ്പണ കേസിൽ രാഷ്ട്രീയ ഇടപടെൽ നടത്തുന്ന ചിലരുണ്ടെന്ന സംശയം ശക്തമാണ്.

കൊടകര കുഴൽപ്പണ കേസിൽ സിപിഎം പ്രവർത്തകൻ രജിനെ(ടുട്ടു) ചോദ്യം ചെയ്ത ശേഷം അന്വേഷണ സംഘം വിട്ടയച്ചതാണ് സംശയത്തിന് കാരണം. കവർച്ചാ കേസിലെ പ്രതി രഞ്ജിത്തിൽ നിന്ന് രജിൻ മൂന്നര ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. കുഴൽപ്പണം തട്ടിയെടുത്തവരിൽ നിന്നും മൂന്നു ലക്ഷം രൂപ രജിൻ കൈപ്പറ്റി എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് രജിനിനെ വിളിച്ചുവരുത്തി ചോദ്യം ചെയത്ത്.. കവർച്ചയ്ക്കു ശേഷം പ്രതികളുമായി ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നു. രണ്ട് കൊലക്കേസുകളിൽ പ്രതിയാണ് ഇയാൾ. അതും ബിജെപിക്കാരെ കൊന്ന കേസിൽ. ഇതിൽ ഒരു കേസിൽ ഹൈക്കോടതി ഇയാളെ വെറുതെവിട്ടിരുന്നു.

കുഴൽപ്പണം കവർച്ച ചെയ്ത ശേഷം രക്ഷപ്പെട്ട പ്രതികൾ സഹായം തേടിയെത്തിയത് രജിന്റെ അടുത്താണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കള്ളപ്പണക്കവർച്ചാകേസിലെ മുഖ്യപ്രതിയായ രഞ്ജിത്തുമായി രജിന് അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നാണ് വിവരം. കവർച്ചയ്ക്ക് ശേഷമുള്ള അടുത്ത നീക്കങ്ങൾ രജിനുമായാണ് രജ്ഞിത്ത് ആലോചിച്ചത്. രജിൻ ചെയ്ത സഹായങ്ങൾക്ക് പകരം രൂപ ഇയാൾക്ക് നൽകുകയും ചെയ്തു. എന്നാൽ ഈ വ്യക്തിയെ പൊലീസ് അറസ്റ്റു ചെയ്തില്ല. പകരം വാങ്ങിയ പണം തിരിച്ചു കൊടുത്താൽ മതിയെന്ന നിർദ്ദേശത്തിൽ വിട്ടയച്ചു. സിപിഎമ്മിനെ പ്രതിരോധത്തിലാക്കാതിരിക്കാനാണ് ഇതെന്നാണ് ബിജെപി വിലയിരുത്തൽ. രഞ്ജിത്തിന്റെ ഭാര്യയെ അറസ്റ്റു ചെയ്തവർ എന്തുകൊണ്ട് രജിനെ വിട്ടയച്ചുവെന്നാണ് ഉയരുന്ന ചോദ്യം.

അതിനിടെ രജിന് പാർട്ടി ബന്ധമില്ലെന്ന നിലപാട് സിപിഎമ്മും എടുത്തു കഴിഞ്ഞു. ഇതോടെ രജിനെ സിപിഎം പരസ്യമായി കൈവിട്ടു എന്ന അവസ്ഥയുണ്ട്. എന്നാൽ സിപിഎം ഇടപടലുകളാണ് കവർച്ചാ കേസിൽ നിന്ന് രജിനെ രക്ഷപ്പെടുത്തിയത്. ധർമ്മരാജന്റെ 25 ലക്ഷം തട്ടിയതിന് പി്ന്നിൽ രജിനുമുണ്ടെന്ന് ബിജെപി സംശയിക്കുന്നു. കവർച്ചാ കേസിനെ കള്ളപ്പണമാക്കാനുള്ള ശ്രമങ്ങൾക്ക് മോഷണക്കേസിൽ സിപിഎം ബന്ധം ചർച്ചയാകുന്നത് വെല്ലുവിളിയാണ്. അതുകൊണ്ടാണ് രജിനെ പൊലീസ് വെറുതെ വിട്ടതെന്നതാണ് ഉയരുന്ന വിമർശനം. പൊലീസ് ഇതിനോട് പ്രതികരിക്കുന്നുമില്ല. ബിജെപി പ്രവർത്തകരായ സത്യേഷിനേയും പ്രമോദിനേയും കൊന്ന കേസിലെ പ്രതി കൂടിയാണ് രജിൻ.

അതായത് ഇയാളൊരു ക്രിമിനലാണെന്ന് പൊലീസിനും അറിയാം. എന്നിട്ടും അറസ്റ്റു ചെയ്യാത്തത് കുറ്റവാളികളെ രക്ഷപ്പെടുത്താനാണെന്നാണഅ ഉയരുന്ന വാദം. ഏപ്രിൽ മൂന്നിന് രാവിലെ 4.30നാണ് കൊടകരയിൽ കാറപകടം സൃഷ്ടിച്ച് കാറും പണവും കവർന്നത്. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ മണ്ഡലങ്ങളിൽ ചെലവഴിക്കാൻ ബിജെപി കൊണ്ടുപോയ കുഴൽപ്പണമാണിതെന്നാണ് പൊലീസിന്റെ സംശയം. 25 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നായിരുന്നു ആർഎസ്എസ് പ്രവർത്തകൻ ധർമരാജിന്റെ പരാതി. എന്നാൽ, ഇതിനകംതന്നെ ഒരു കോടിയിലേറെ രൂപ പ്രതികളിൽനിന്ന് കണ്ടെത്തി. പണം കടത്തലിൽ ബിജെപി നേതാക്കളുടെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ പ്രതികളായ രഞ്ജിത്ത്, ദീപക് എന്നിവർ ബിജെപിയുമായി അടുപ്പമുള്ളവരാണ്. ഇവർ കൊടകര മോഷണത്തിന് ശേഷം തൃശൂർ ബിജെപി ഓഫീസിലെത്തിയെന്ന് പൊലീസിന്റെ കണ്ടെത്തിയിരുന്നു. പണം കവർച്ചചെയ്തത് രഞ്ജിത്തും ദീപകുമാണെന്ന് നേതൃത്വം സംശയിച്ചിരുന്നു. ഈ വ്യക്തികൾക്കാണ് സിപിഎം പ്രവർത്തകനായ രജിനുമായി അടുത്ത ബന്ധമുള്ളത്. കൊടുങ്ങല്ലൂരിലെ യുവമോർച്ച നേതാവായിരുന്ന സത്യേഷിനെ വധിച്ച കേസിലെ പ്രതിയായിരുന്നു ടുട്ടുവെന്ന് അറിയപ്പെടുന്ന രജിൻ. 2006 ജനുവരി 3ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഇരുചക്രവാഹനത്തിൽ വരികയായിരുന്ന സത്യേഷിനെ തടഞ്ഞു നിർത്തി വെട്ടിക്കൊല്ലുകയായിരുന്നു. സത്യേഷിന്റെ വധത്തെ തുടർന്ന് കൊടുങ്ങല്ലൂർ പ്രദേശത്ത് സിപിഎം- ആർഎസ്എസ് സംഘർഷം രൂക്ഷമായി. ഈ കേസിൽ പ്രതികളായിരുന്ന മാഹിൻ, ചെമ്പൻ രാജു എന്നിവർ പിന്നീട് വധിക്കപ്പെട്ടു.

സത്യേഷിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ അഞ്ച് സിപിഎം പ്രവർത്തകരെ ഹൈക്കോടതി വെറുതേവിടുകയും ചെയ്തു. . രണ്ടു പ്രതികളുടെ ഇരട്ട ജീവപര്യന്തം തടവുശിക്ഷ ശരിവച്ച ഡിവിഷൻ ബെഞ്ച് രണ്ടാംപ്രതിക്ക് പ്രായപൂർത്തിയായില്ലെന്ന് കണ്ടെത്തി തടവുശിക്ഷ റദ്ദാക്കി പകരം 15,000രൂപ പിഴയൊടുക്കാൻ ഉത്തരവിട്ടു. യുവമോർച്ചയുടെ കൊടുങ്ങല്ലൂർ ടൗൺസെക്രട്ടറിയായിരുന്നു സത്യേഷ്. എല്ലാ പ്രതികൾക്കും തൃശൂരിലെ അഡീഷണൽ സെഷൻസ് ഫാസ്റ്റ് ട്രാക്ക് കോടതി ഇരട്ട ജീവപര്യന്തം തടവാണ് വിധിച്ചത്. പിന്നീട് കൊടുങ്ങല്ലൂർ എസ്.എൻ. പുരം സ്വദേശികളായ ടുട്ടുവെന്ന രജിൻ അടക്കമുള്ളവരെ വെറുതെ വിട്ടു.

പിന്നീട് 2016ൽകൊടുങ്ങല്ലൂർ എടവിലങ്ങിൽ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം നടന്ന ആഹ്ലാദ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ട കേസിലും രജിൻ സംശയ നിഴലിലായി. എടവിലങ്ങ് കു്ഞ്ഞയിനി സ്വദേശി പ്രമോദ് ആണ് അന്ന് കൊല്ലപ്പെട്ടത്. ഇരു വിഭാഗങ്ങളുടെയും ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവർത്തകർ പ്രമോദിനെ ആക്രമിക്കുകയായിരുന്നു്. സംഘർഷത്തിനിടെ പ്രമോദിന് ഇഷ്ടികകൊണ്ട് തലയ്ക്ക് ഇടിയേറ്റിരുന്നുവെന്നും ഇതാണ് മരണകാരണമായതെന്നും ബിജെപി തൃശൂർ ജില്ലാ നേതൃത്വം ആരോപിച്ചിരുന്നു. സത്യേഷ് വധക്കേസിലെ പ്രതിയായ മധുവാണ് പ്രമോദിനെ ആക്രമിച്ചത് എന്ന് ബിജെപി ആരോപിച്ചിരുന്നു. ഈ സംഘത്തിലും രജിൻ ഉണ്ടായിരുന്നു.