യുകെയിൽ ഉള്ള കോടഞ്ചേരിക്കാർ പത്താം തവണ ഒന്നിക്കുമ്പോൾ മക്കളുടെ സന്തോഷം കൺനിറയെ കാണാൻ നാട്ടിൽ നിന്ന് മാതാപിതാക്കളുടെ വൻ സംഘം തന്നെ എത്തിയിരിക്കുന്നു. നൂറു കണക്കിന് നാട്ടുകാർ മൂന്നു ദിവസം ഒന്നിച്ചു താമസിക്കുന്ന അപൂർവതയാണ് കോടഞ്ചേരി സംഗമത്തിന്റെ ഏറ്റവും വലിയ സവിശേഷത. കൂട്ടത്തിൽ ഇത്തവണ പത്താം വാർഷികം കൂടിയായപ്പോൾ ആഘോഷം ആവേശത്തിലേക്കു കടക്കുകയാണ്.

ഈമാസം 7, 8, 9 തീയതികളിൽ സോമർസെറ്റിൽ വച്ചാണ് പത്താമത് വാർഷിക ഒത്തുചേരലും കുടുംബസംഗമവും നടത്തപ്പെടുക. പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്ക് ഇടയിലും നാടിനെയും, നാട്ടുകാരെയും ഓർക്കുവാനും, പുതിയ തലമുറയ്ക്ക് കോടഞ്ചേരിയെപ്പറ്റി കൂടുതൽ അറിയുവാനും, ഗൃഹാതുരത്വത്തിന്റെ ഓർമ്മ പുതുക്കുവാനും ആയി യുകെയിലെ കോടഞ്ചേരിക്കാർ വർഷം തോറും നടത്തുന്ന ഈ ഒത്തുചേരലിന്റെ പത്താം വാർഷികത്തിനു ഏതാനും ദിവസം മാത്രം ബാക്കി നിൽക്കെ മൂന്നുവർഷങ്ങളിലെ പോലെ കോടഞ്ചേരിയിൽ നിന്നും യുകെയിൽ എത്തി താമസിക്കുന്ന എല്ലാവരും കുടുംബ സമേതം ഇത്തവണയും ഈ സംഗമം അവിസ്മരണീയമാക്കുവാനുള്ള തയ്യാറെടുപ്പിലാണ്.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ആരംഭിക്കുന്ന ആഘോഷ പരിപാടികൾ ഞായറാഴ്ച വൈകിട്ടു അഞ്ചു മണിക്ക് അവസാനിക്കും. കുട്ടികളുടെയും മുതിർന്നവരുടെയും കലാ, കായിക മത്സരങ്ങളുൾപ്പെടെ വിപുലമായ പരിപാടികളാണ് സംഘാടകർ ഇത്തവണ ഒരുക്കിയിരിക്കുന്നത്. കോടഞ്ചേരിക്കാരനായ ഫാ.ലുക്ക് മറപ്പിള്ളിൽ നയിക്കുന്ന ദിവ്യ ബലിയും പ്രത്യേക പ്രാർത്ഥനകളും ഈ ഒത്തു ചേരലിനെ സമ്പുഷ്ടമാക്കും.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുകലാൽസൺ പോൾ : 07588690291