കണ്ണൂർ: കണ്ണൂരിലെ ജയിലുകളിൽ സിപിഎം സെൽഭരണമാണ് നടക്കുന്നതെന്ന് റിപ്പോർട്ട്. പാർട്ടി ഗ്രാമങ്ങളെ അനുസ്മരിപ്പിക്കുന്ന ഇടപെടലുകളാണ് ജയിലിലുള്ളത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ കുറ്റവാളി കൊടിസുനി തൃശുർ വിയ്യൂർ സെൻട്രൽ ജയിലിൽ 'വി.ഐ.പി'യാണ്. ഇവിടെ എല്ലാം നിയന്ത്രിക്കുന്നതുകൊടി സുനി തന്നെ.

വിയ്യൂരിൽ കൊടി സുനിക്ക് ഇഷ്ടം പോലെ ഫോൺ വിളിക്കാൻ സൗകര്യം ഉണ്ട്. പ്രത്യേക ഭക്ഷണം. വാർഡന്മാരെ എടാ പോടാ എന്നു വിളിക്കാനുള്ള സ്വാതന്ത്ര്യം. ഒരിക്കൽ ജയിലിനകത്തുനിന്ന് സുനി ഫോൺ വിളിക്കുന്നതു മൊബൈലിൽ പകർത്തിയ വാർഡനു ലഭിച്ചത് മെമോ. വിയ്യൂരിൽ മാത്രമല്ല, സംസ്ഥാനത്തെ എല്ലാ ജയിലുകളിലും സിപിഎം നിയന്ത്രണമാണുള്ളത്. 2017 ജനുവരിയിലാണു കൊടി സുനി ജയിൽ ഉദ്യോഗസ്ഥനു മെമോ 'കൊടുപ്പിച്ചത്'. ഉദ്യോഗസ്ഥൻ ഫോൺ വിളി പകർത്തുന്നതു കണ്ട സുനി ഫോൺ പിടിച്ചെടുത്ത് സിംകാർഡ് നശിപ്പിച്ചു. ജയിലിനകത്തു കാമറ കടത്തിയെന്നു പറഞ്ഞ് വാർഡനു ജെയിലർ മെമോ നൽകി. തടവുകാരുടെ ചിത്രം അനുമതിയില്ലാതെ എടുക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണു വിശദീകരണം തേടിയത്. എന്നാൽ സുനി ആരോടാണു സംസാരിച്ചത് എന്നതിനെപ്പറ്റി അന്വേഷണം നടന്നില്ല. അതാണ് ജയിലിൽ നടക്കുന്നത്.

പാർട്ടി ഗ്രാമങ്ങൾക്കു സമാനമായി കണ്ണൂരിലെ ജയിലുകൾ മാറുകയാണ്. കണ്ണൂർ സെൻട്രൽ ജയിലിൽ അത്തരം 'പാർട്ടി ഗ്രാമങ്ങൾ' നേരത്തെതന്നെയുണ്ടെങ്കിലും ഇടതു ഭരണത്തിൽ ജയിലിലെ അത് കൂടുതൽ ശക്തമായി. കണ്ണൂരിൽ കൊല്ലപ്പെട്ട ഷുഹൈബിനൊപ്പം ജയിലിൽ റിമാൻഡ് തടവുകാരായി കഴിഞ്ഞവരുടെ വെളിപ്പെടുത്തലുകൾ ആരോപണം ശരിവയ്ക്കുന്നു. ജയിൽ അധികാരികൾ സിപിഎമ്മുകാരായ വി.ഐ.പി. തടവുകാരുടെ ആജ്ഞകൾ അനുസരിക്കുന്ന പാവകൾ മാത്രം. പരോളും ശിക്ഷാകാലാവധി തീരുന്നതിനു മുമ്പുള്ള ജയിൽ മോചനവും നിയന്ത്രിക്കുന്നത് നിയമങ്ങളോ ജയിൽ വകുപ്പുകളോ അല്ല, രാഷ്ട്രീയ നേതാക്കൾ അടങ്ങുന്ന ഉപദേശക സമിതികളാണ്. ഇതിലും സിപിഎം. ഇടപെടൽ ശക്തം. ഇടതു സർക്കാർ അധികാരത്തിലേറിയ ശേഷം ടി.പി വധക്കേസിലെ പ്രതികൾക്ക് കൈയയച്ചു പരോൾ നൽകിയതിന്റെ തെളിവുകൾ പുറത്തു വന്നിരുന്നു.

ജയിലുള്ള പ്രതികളെ കോടതിയിലേക്കു കൊണ്ടുപോകുമ്പോൾ ഹോട്ടലുകളിൽ കുടുംബാംഗങ്ങളെ കാണാൻ സൗകര്യമൊരുക്കുന്നു. സംസ്ഥാനത്തെ മറ്റു ജയിലുകളിൽനിന്ന് പാർട്ടി തടവുകാർ കണ്ണൂരിലേക്ക് മാറാനുള്ള താൽപര്യം പ്രകടിപ്പിക്കുന്നതിന് കാരണവും കണ്ണൂരിലെ സൗകര്യങ്ങൾ തന്നെ. 850 തടവുകാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ ഇപ്പോൾ 1100 ലേറെ തടവുകാരായിക്കഴിഞ്ഞു. ഇനിയും ജയിൽ മാറ്റത്തിനുള്ള അപേക്ഷകൾ പരിഗണനയിലാണ്.

കണ്ണൂർ ആയുർവേദ ആശുപത്രിയിലാണ് ജയിൽചട്ടങ്ങൾ കാറ്റിൽപ്പറത്തി തടവുകാർക്കു ചികിത്സയും നൽകുന്നു.. കഴിഞ്ഞ മൂന്നു മാസങ്ങൾക്കുള്ളിൽ ഏഴ് തടവുകാർ ചികിത്സക്ക് വിധേയരായതായാണ് ആശുപത്രി രേഖകൾ വ്യക്തമാക്കുന്നത്. ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ ടി.കെ രജീഷ്, കെ.സി രാമചന്ദ്രൻ, കതിരൂർ മനോജ് കേസിലെ പ്രതികളായ പ്രഭാകരൻ, ജിജേഷ്, റിജു, സിനിൽ കുമാർ, തൃശൂരിലെ സുരേഷ് ബാബു കൊലക്കേസിലെ പ്രതി ബാലാജി തുടങ്ങിയ സിപിഎം പ്രവർത്തകരാണ് ചികിത്സയ്ക്കു വിധേയരായത്.

പൊലീസ് സുരക്ഷയൊരുക്കാതെ ബന്ധുക്കൾക്കും പാർട്ടി പ്രവർത്തകർക്കും സന്ദർശന സൗകര്യമൊരുക്കിയാണ് ജയിൽ പുള്ളികൾക്ക് ജില്ലാ ആയുർവേദ ആശുപത്രിയിൽ പേവാർഡ് സൗകര്യം ഏർപ്പെടുത്തിയത്. കാര്യമായ രോഗമില്ലാത്ത ഇവരെ ആശുപത്രിയിലാക്കുന്നതിന് ജയിൽഅധികൃതർക്കു മേൽ കടുത്ത സമ്മർദമുണ്ടാകുന്നുണ്ട്. ജയിൽചട്ടമനുസരിച്ച് തടവുകാർക്ക് ഒരു വർഷം 60 ദിവസമാണ് പരോൾ അനുവദിക്കാനാകുക. ഇതിനുപുറമേയാണു ചികിത്സയുടെ പേരിൽ പരോളിന് സമാനമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത്.

സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ ജയിലിലായതോടെ ജയിലിലെ തർക്കങ്ങളും സംഘർഷവും തീർപ്പാക്കുന്നത് അവരാണ്. നേതാക്കളുടെ പെരുമാറ്റച്ചട്ടം ലംഘിച്ചാൽ കടുത്ത ശിക്ഷയാകും ലഭിക്കുക. ഇതര രാഷ്ട്രീയ തടവുകാർക്കു പലപ്പോഴും ക്രൂര മർദനമാണ്. റിമാൻഡ് തടവുകാരനായി ഈയിടെ കണ്ണൂർ സെൻട്രൽ ജയിലിലെത്തിയ മുസ്്ലിം ലീഗ് പ്രവർത്തകന് ക്രൂര മർദനമേറ്റിരുന്നു.

കൊട്ടിയൂർ പീഡന കേസ് പ്രതി. ഫാ. റോബിൻ വടക്കുംചേരിയും ടി.പി. കേസ് പ്രതികളുടെ മർദനത്തിനിരയായിരുന്നു. കട്ടിങ് പ്ലയർ ഉപയോഗിച്ച് താടിരോമങ്ങൾ പിഴുതെടുക്കുന്നതാണ് ഇവരുടെ രീതി.