തിരുവനന്തപുരം. തിരുവനന്തപുരം സെന്ററൽ ജയിലിലെ ശിക്ഷ തടവുകാരെ അഭിരുചിക്കനുസരിച്ച് വിവിധ ജോലികളിൽ വിന്യസിക്കാറുണ്ടെങ്കിലും ടി പി കേസ് പ്രതി കൊടി സുനിക്ക് ജയിലിൽ എത്തിയിട്ട് വർഷങ്ങളായിട്ടും ഒരു ജോലിയും നല്കിയിട്ടില്ല. കുളിക്കാനും പ്രാഥമിക കൃത്യങ്ങൾക്കു മാത്രം പുറത്തിറങ്ങുന്ന സുനിയുടെ ഡ്രസ് കഴുകി കൊടുക്കാനും ഡോർമെറ്ററി വൃത്തിയാക്കാനും വരെ തടവുകാരുണ്ട്. കൂടാതെ തന്റെ അനുഭാവികളും അനുയായികളുമായ തടവുകാർക്ക് എന്ത് ആവിശ്യം വന്നാലും കൊടി സുനി നേരിട്ട് ഇടപെടും.

പരോൾ ആയാലും ആശുപത്രി കേസാലും സുനിയുടെ ശുപാർശയുള്ള കേസുകളൊന്നും അധികൃതർ അവഗണിക്കാറില്ല. അഥവാ അവഗണിച്ചാൽ പിന്നീടുള്ള വിളിയും നടപടിയും മുകൾ തട്ടിൽ നിന്നുണ്ടാകും. തടവുകാർ തമ്മിലുള്ള തർക്കം തീർക്കാനും അടി പിടി സെറ്റിൽ ചെയ്യാനും രണ്ടാം ബ്ലോക്കിൽ സുനിയുടെ അടുത്ത് എത്തണം. അങ്ങനെ തടവുകാർക്ക് എല്ലാം തലൈവർ ആയ കൊടി സുനിയുടെ മദ്യപാനമാണ് ഡ്യൂട്ടിക്കാർക്ക് പോലു തലവേദന സൃഷ്ടിച്ചിരിക്കുന്നത്.

ജയിൽ മേധാവി മിന്നൽ പരിശോധന നടത്തിയാൽ കുടുങ്ങിയത് തന്നെ. കോലിഡ് കാലത്ത് അണു നശീകരണ നടത്തുന്ന യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് സുനിക്ക് മദ്യം എത്തിച്ചിരുന്നത്. അത് പിടിക്കപ്പെടുകയും വലിയ വിവാദമാകുകയും ചെയ്തെങ്കിലും സുനിക്ക് മദ്യം ലഭിക്കുന്നണ്ട്. അത് എവിടന്ന് എത്തുന്നുവെന്ന് അന്വേഷിക്കാനോ കണ്ടു പിടിക്കാനോ അധികൃതർ മുതിരുന്നില്ല. അഥവാ മുതിർന്നാൽ ഒരാഴ്ച പോലും കഴുയുന്നതിന് മുൻപ് ആ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം ലഭിച്ചേക്കും.

കണിശക്കാരയ ചില വാർഡന്മാർ നേരത്തെ നടപടി ശക്തമാക്കിയപ്പോൾ ആദ്യം ജയിലിൽ നിന്നു തന്നെ വിരട്ട് എത്തി. നിയമം പറഞ്ഞുള്ള വിരട്ട്. വിരട്ടിന് നേതൃത്വം നല്കിയത കൊടി സുനിയുടെ ഇപ്പോഴത്തെ സന്തത സഹചാരിയായ സുര്യനെല്ലി കേസ് പ്രതി ധർമ്മരാജൻ വക്കീൽ. എറണാകുളം ബിജു, പാനിഷ്, തുടങ്ങിയവരും സുനിക്കൊപ്പം സെല്ലിൽ സഹായികളായി ഉണ്ട്. ജയിൽ കാന്റീനിൽ നിന്നുമാണ് സുനിക്ക് ഭക്ഷണം എത്തുന്നത്.

കോവിഡ് കാലത്തിന് ശേഷം സുനിയെ കാണാൻ നേരിട്ട് ഉന്നതർ എത്തുന്നില്ലായെങ്കിലും ജയിലിൽ നിന്നു തന്നെ ഇവരെയൊക്കെ സുനി ഫോണിൽ വിളിക്കുന്നണ്ട്. കോൺഫറൻസ് ഇട്ടാണ് പലപ്പോഴും സംസാരം. മറ്റു തടവുകാർക്കുള്ള നിബന്ധനയൊന്നും ഫോൺ വിളിക്കാനും സുനിക്ക് ബാധകമല്ല. സുനിയെ ഒരു കേസിന്റെ വിചാരണയ്ക്ക് കഴിഞ്ഞയാഴ്ച കണ്ണൂരിലേക്ക് കൊണ്ടു പോകും വഴി മദ്യപിക്കാൻ സൗകര്യം ഒരുക്കിയതിന് മൂന്ന് പൊലീസുകാരം കഴിഞ്ഞ ദിവസമാണ് സസ്പെന്റു ചെയ്തത്.

നന്ദാവനം സായുധ സേനാ ക്യാംപിലെ ഗ്രേഡ് എസ്ഐ ജോയ്ക്കുട്ടി, രഞ്ജിത്ത്, പ്രകാശ് എന്നിവരെയാണു സസ്പെൻഡുചെയ്തത്. കണ്ണൂർ സ്പെഷൽ ബ്രാഞ്ച് പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തിരുവനന്തപുരത്തു നിന്നു കൊടി സുനിയെയും കൂട്ടാളികളെയും സ്വീകരിച്ചു കൂട്ടിക്കൊണ്ടു പോകാൻ കണ്ണൂരിൽ നിന്നു കൂട്ടാളിയെത്തിയിരുന്നു. അപ്പോഴേ പ്രതികൾ മദ്യപിച്ചിരുന്നു. ആലപ്പുഴ, തൃശൂർ എന്നിങ്ങനെ പല സ്റ്റേഷനിലും ഇവർക്ക് ആവശ്യത്തിനു മദ്യവും ഭക്ഷണവും ലഭിച്ചു.

ട്രെയിനിലെ ശുചിമുറിയിലായിരുന്നു സേവ. ചില സ്റ്റേഷനിൽ എസി വിശ്രമ കേന്ദ്രത്തിലും പ്രതികൾ കയറി. കൂടെ പോയ പൊലീസുകാർക്കും പ്രതികൾ ഭക്ഷണവും പാരിതോഷികവും നൽകി. പ്രതികളെ വിലങ്ങ് അണിയിക്കാനോ ഒപ്പം ഇരുന്നു സഞ്ചരിക്കാനോ പൊലീസിനെ അനുവദിച്ചില്ല. സാധാരണ യാത്രക്കാർ എന്ന പോലെയായിരുന്നു ഇവരുടെ സഞ്ചാരം. പൊലീസുകാർ ദൂരെ മാറി ഇരിക്കണം. മടക്കയാത്രയും ഇങ്ങനെ തന്നെ. ഇതു സ്ഥിരം ഏർപ്പാടാണെന്നും സ്പെഷൽ ബ്രാഞ്ച നല്കിയ റിപ്പോർട്ടിൽ ഉണ്ട്.

മുൻപു മറ്റൊരു യാത്രയിൽ കൊടിസുനിയുടെ ഇത്തരം നടപടിയെ ചോദ്യം ചെയ്ത ഹെഡ് കോൺസ്റ്റബിളിനെ കണ്ണൂരിലെത്തിയപ്പോൾ സഹ പൊലീസുകാർക്കു മുൻപിൽ അസഭ്യം പറയുകയും കൈയേറ്റത്തിനു മുതിരുകയും ചെയ്തിരുന്നു. അവിടെ കോടതിയിൽ സിപിഎം പ്രവർത്തകർ അടക്കം അമ്പതിലധികം പേർ സുനിയെ കാണാനും വേണ്ടതു ചെയ്യാനും എത്തുക പതിവാണ്.