കണ്ണൂർ: ടി.പി. ചന്ദ്രശേഖരനെ വധിച്ച കേസിൽ കൊടി സുനി അഴിക്കുള്ളിലാണ്. തിരുവനന്തപുരത്തും വിയ്യൂരിലും കണ്ണൂരിലും ജയിലിൽ മാറി മാറി കിടക്കുന്നു. അപ്പോഴും കൊടി സുനിക്ക് സമ്പത്ത് കൂടുകയാണ്. ജയിലിൽ കിടന്ന് കോടീശ്വരനായ ആദ്യ മലയാളിയാവുകയാണ് കൊടി സുനി. സുനിയുടെ പുതിയ വീട്ടിന് മുമ്പിൽ ചൂതാട്ട കേന്ദ്രവുമുണ്ട്. ഈ ചൂതാട്ട കേന്ദ്രത്തിൽ പ്രധാനമായും നടക്കുന്നത് റമ്മികളിയാണ്. ഈ ചീട്ടുകളിക്കാർ എന്തിനും പോന്ന മാഫിയാ സംഘം കൂടിയാണ്. അങ്ങനെ സ്വന്തം സൈന്യത്തെ ഇപ്പോഴും ചൊക്ലിയിൽ കൂടെ നിർത്താൻ കൊടി സുനിക്ക് കഴിയുന്നുണ്ട്.

സ്വർണക്കടത്തിന്റെ പേരിൽ ഇപ്പോൾ കസ്റ്റംസ് കസ്റ്റഡിയിൽ കഴിയുന്ന അർജുൻ ആയങ്കി അടക്കമുള്ള സംഘാംഗങ്ങളുമായി സിപിഎമ്മിലെ ഉന്നതർക്ക് ബന്ധമുണ്ടെന്ന ആക്ഷേപം നേരത്തേ ഉയർന്നിരുന്നു. കള്ളക്കടത്തു സ്വർണത്തിന്റെ മൂന്നിലൊന്ന് സിപിഎം പ്രാദേശിക നേതാക്കൾക്കടക്കം നൽകുന്നു എന്നാണ് പിടിക്കപ്പെട്ടവർ പറയുന്നത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനി, ഷാഫി എന്നിവർക്കും സ്വർണക്കടത്തു സംഘങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു. ഇതിന് പിന്നാലെയാണ് കൊടി സുനിയുടെ സ്വത്തിലെ വളർച്ചയുടെ വിവരവും പുറത്തു വരുന്നത്.

നേരത്തെ കൊടി സുനിയുടെ വീട് 'ചൊക്ലി ഷാരോൺ വില്ല മീത്തലെചാലിൽ' വീടായിരുന്നു. എന്നാൽ ഇന്ന് വീടുകൾ ഏറെയുണ്ട്. തലശ്ശേരി പള്ളൂർ നെടുമ്പ്രം മൂന്നങ്ങാടിയാണ് വിലാസം. ഇവിടെ ഉണ്ടായിരുന്ന ചെറിയ ഒറ്റനില വീട് കഴിഞ്ഞ എട്ടുവർഷത്തിനിടെ വലിയ ഇരുനില വീടായി. ഈ വീടിന്റെ മുറ്റവും പറമ്പും കേന്ദ്രീകരിച്ച് ഒരു സ്ഥിരം ചീട്ടുകളി കേന്ദ്രവും. ചുരുക്കി പറഞ്ഞാൽ ചൂതാട്ട കേന്ദ്രം. കളിയുടെ ഒരു വിഹിതം വാടകയായി വീട്ടുകാർക്ക്. അതുകൊണ്ട് തന്നെ ഈ വീട്ടിൽ എപ്പോഴും ആളും അനക്കവുമുണ്ട്. അങ്ങനെ വീടിന് കാവലും.

നെടുമ്പ്രത്തെ ഈ വീടിന് സമീപത്തായി അറുപത് ലക്ഷം രൂപയ്ക്ക് വിൽപ്പനയ്ക്ക് വെച്ചിരുന്ന ഒരു ഇരുനില വീടും പറമ്പും അടുത്തിടെ സുനി ഇടപെട്ട് രജിസ്റ്റർ ചെയ്തു. കൊല്ലം സ്വദേശിയായ ഒരു സുഹൃത്തിന്റെ പേരിൽ വാങ്ങിയ ഈ വീട് 40 ലക്ഷം രൂപയ്ക്കാണ് കച്ചവടം ഉറപ്പിച്ചത്. മേക്കുന്ന് പള്ളിക്കുനി മോന്താൽ ഭാഗത്ത് സുഹൃത്തിന്റെപേരിൽ സുനി രണ്ടു വർഷത്തിനിടെ സ്ഥലവും വാങ്ങിയിട്ടുണ്ട്. പള്ളൂർ തെരുക്ഷേത്രത്തിനടുത്ത് നേരത്തേ വാങ്ങിയ സ്ഥലം വിൽപ്പനയ്ക്കും വച്ചിട്ടുണ്ട്.

സുനിയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന പള്ളൂർ സ്വദേശിയുടെ പേരിൽ പാറാലിൽ ഒരു വർക്ക് ഷോപ്പും പള്ളൂരിൽ ഒരു മണൽ കച്ചവട കേന്ദ്രവും ഒരു ഹോട്ടലും ആരംഭിച്ചിട്ടുണ്ട്. കർണാടകത്തിൽനിന്ന് എത്തിക്കുന്ന മണലാണ് ഇവിടെ വിൽപ്പന. ഇതിന് പുറമേ അടുത്ത ചില ബന്ധുക്കൾ മുഖേന നാട്ടിൽ സ്വർണം വിൽപ്പന നടത്താൻ ശ്രമിച്ചതായും വിവരമുണ്ടെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

ആയങ്കി ഉൾപ്പെട്ട ക്വട്ടേഷൻ സംഘത്തിന് ജയിലിൽനിന്നുനിർദ്ദേശം നൽകുന്നത് ടി.പി. കേസ് പ്രതി കൊടി സുനിയും സംഘവുമാണ്. ക്വട്ടേഷൻ സംഘത്തിന്റെ ഏകോപനച്ചുമതല കൂത്തുപ്പറമ്പ്-പാനൂർ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നേതാവിനാണ്. തടവിൽ കഴിയുന്ന കൊടി സുനി ക്വട്ടേഷൻ പ്രവർത്തനങ്ങളിൽ സജീവമാണെന്ന പരാതി ഉയർന്നിരുന്നെങ്കിലും നടപടിയുണ്ടായില്ല. പാർട്ടി ക്വട്ടേഷനിൽ ഏർപ്പെടുന്ന തടവുകാർക്ക് ജയിലിൽ ലഭിക്കുന്ന പരിഗണന ഉപയോഗിച്ചാണ് കൊടി സുനിയുടെ പ്രവർത്തനം. കവർച്ച നടത്തുന്ന കള്ളക്കടത്ത് സ്വർണം സ്ഥിരമായി വാങ്ങുന്ന കൊല്ലം സ്വദേശി രാജേഷ് ഖന്നയ്ക്ക് കൊടി സുനിയുമായി ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

രാഷ്ട്രീയത്തിലും പൊലീസിലും കൊടി സുനിക്ക് നല്ല ബന്ധമുണ്ട്. കൊടിസുനിയുടെ അടുത്ത ബന്ധു കൊല്ലത്ത് വെച്ച് അപകടത്തിൽപ്പെട്ടപ്പോൾ കിട്ടിയ സഹായം അതിന് തെളിവാണ്. അപകടം ഉണ്ടായത് മൂന്ന് വർഷം മുമ്പാണ്. പരിക്കേറ്റ് അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും അവിടെനിന്ന് നേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റയാൾ വരുന്നതിന് മുമ്പുതന്നെ വരുന്ന രോഗിക്കുവേണ്ട ഒരുക്കങ്ങൾ നടത്താൻ അവിടെ നിർദ്ദേശങ്ങളും ലഭിച്ചു.

രോഗി എത്തിയതിന് പിന്നാലെ പല പ്രമുഖരും ഫോണിൽ വിളിച്ച് ആരോഗ്യസ്ഥിതി അന്വേഷിച്ചു. അടുത്തദിവസം ഒന്നിലേറെ മന്ത്രിമാരും നാട്ടുകാരായ എംഎ‍ൽഎ.മാരുമെല്ലാം രോഗിയെ കാണാനെത്തി. തനിക്ക് ലഭിക്കുന്ന അമിത പരിഗണനയ്ക്ക് കാരണം ജയിലിൽനിന്ന് നേതാക്കൾക്ക് പോയ സുനിയുടെ ഫോൺ സന്ദേശമാണെന്ന് രോഗിക്ക് ആദ്യം മനസ്സിലായില്ലെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.