തൃശൂർ: ജയിലിൽ നിന്നുള്ള ഫോൺ വിളിയെല്ലാം പഴയ കഥയെന്ന് പ്രഖ്യാപിച്ചാണ് ജയിൽ ഡിജിപി ആയിരുന്ന ഋഷിരാജ് സിങ് വിരമിച്ചത്. അതെല്ലാം പഴയ കഥയാണെന്നും ജയിലുകൾ അടിമുടി മാറിയെന്നും കേരളാ പൊലീസിലെ പഴയ സിങ്കം വീമ്പു പറഞ്ഞു. പക്ഷേ കാര്യങ്ങൾ ഇപ്പോഴും പഴയ പടിയാണ്. സിങ്കം വിരമിച്ച ശേഷം ജയിലിൽ നിന്നുള്ള ആദ്യ ഫോൺ വിളി കേസ് പുറത്തു വരികയാണ്.

വിയ്യൂർ സെൻട്രൽ ജയിലിലെ ശുചിമുറിക്കുള്ളിലിരുന്നു രഹസ്യമായി ഫോൺ വിളിക്കുന്നതിനിടെ കൊടി സുനിയുടെ കൂട്ടാളി കുടുങ്ങി. അവണൂർ സിജോ വധക്കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഗുണ്ടാസംഘത്തിലെ ഒരാളാണ് പിടിക്കപ്പെട്ടത്. മൊബൈൽ ഫോണും സിം കാർഡും ജയിൽ അധികൃതർ വിയ്യൂർ പൊലീസിനു കൈമാറി. ജയിലുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് തെളിവാണ് ഈ പുതിയ സംഭവം. ക്വട്ടേഷൻ ഇടപാടുകൾ വിയ്യൂർ ജയിലിൽ സജീവമാണ്. ഇതിനും പുതിയ സംഭവം അടിവരയിരുന്നു.

കോവിഡ് രൂക്ഷമായതോടെ തടവുകാരെ പുറത്തിറക്കുന്നത് ഏതാണ്ട് പൂർണമായി അവസാനിപ്പിച്ചിട്ടും ജയിലിനുള്ളിലേക്കു ഫോൺ എത്തുന്നു എന്നതാണ് വസ്തുത. ഇതിന് പിന്നിൽ ജീവനക്കാരുടെ പിന്തുണയുണ്ടെന്ന സംശയവും സജീവം. കോടതിയിൽ ഹാജരാക്കുന്നത് വിഡിയോ കോൺഫറൻസിങ് വഴിയാണ്. അതുകൊണ്ട് ഒളിപ്പിച്ച് ഫോൺ എത്തിക്കലും നടക്കില്ല. അതുകൊണ്ട് തന്നെ ജയിലിലേക്ക് ഫോണുകൾ തുടർച്ചയായി എത്തുന്നതു ചില ജീവനക്കാരുടെ സഹായത്തോടെയാണെന്നു സൂചനയുണ്ട്.

വിയ്യൂർ ജയിലിനെ ഭരിക്കുന്നതുകൊടി സുനിയാണ്. തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നും രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് കൊടി സുനി വിയ്യൂരിലെത്തിയത്. ഇഷ്ട ജയിലിലെത്തിയതോടെ ക്വട്ടേഷനും വീണ്ടും തുടങ്ങി. രാമനാട്ടുകര സ്വർണ്ണ കടത്തിന് പിന്നിലെ ചാലക ശക്തിയും കൊടി സുനിയാണെന്ന് റിപ്പോർട്ടുകളുണ്ട്. വിയ്യൂരിൽ ഫോൺ വിളിക്കുള്ള സാധ്യത ഇപ്പോഴുമുണ്ടെന്നതുകൊടി സുനിയുടെ ഇഫക്ടിനുള്ള തെളിവാണ്.

ടിപി വധക്കേസ് കുറ്റവാളി കൊടി സുനിയുടെ കൂട്ടാളിയാണു പിടിക്കപ്പെട്ടയാൾ. ജയിലിനുള്ളിൽ നിന്നു സുനി നടത്തുന്ന ക്വട്ടേഷൻ ഇടപാടുകളുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ സിം കാർഡ് പരിശോധനയിൽ വെളിപ്പെട്ടേക്കും. ൃശൂർ വരടിയം സ്വദേശി സിജോയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിയ്യൂർ സെൻട്രൽ ജയിലിലെത്തിയ ഗുണ്ടാനേതാവ് പ്രതീഷിന്റെ സംഘത്തിലെ അംഗമാണ് ഇയാൾ. കൊടി സുനിയുടെ അനുയായികൾ എന്ന നിലയിൽ ജയിലിലെ ബി ബ്ലോക്ക് ഭരിക്കുന്നത് ഈ ഗുണ്ടാസംഘമാണ്.

ശുചിമുറിക്കുള്ളിൽ കഴിഞ്ഞ ദിവസം ഉച്ചയോടെ ഒരാൾ ഒച്ചയടക്കി സംസാരിക്കുന്നതു കേട്ടു ജീവനക്കാർ പരിശോധന നടത്തിയപ്പോഴാണ് ഫോൺ പിടികൂടിയത്. ഫോണിലെ കോൾ ലിസ്റ്റിൽ ഒട്ടേറെ നമ്പറുകൾ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിന് വിയ്യൂർ പൊലീസ് സാങ്കേതിക വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. 3 തടവുകാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും.

ബി ബ്ലോക്കിൽ നിന്നു പലവട്ടം ഫോണുകൾ പിടികൂടിയിട്ടുണ്ടെങ്കിലും സിം കാർഡ് സഹിതം പിടികൂടുന്നത് അപൂർവമാണ്. ജയിലിലേക്കു കഞ്ചാവ് എത്തിക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടുകൾക്കാണു പ്രതികൾ ഇവ ഉപയോഗിച്ചിരുന്നത്.