തിരുവനന്തപുരം: വിയ്യൂർ സെൻട്രൽ ജയിലിൽ റഷീദ് എന്ന തടവുകാരൻ മൊബൈൽ ഫോൺ വഴി ബന്ധപ്പെട്ട ഗുണ്ടകളെക്കുറിച്ചും ടിപി കേസിലെ കൊടി സുനി നടത്തിയ ഫോൺ വിളികളെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജയിൽ മേധാവിയുടെ ഇതിനായുള്ള കത്ത് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചേക്കും.

സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് നൽകിയ റിപ്പോർട്ടിന്മേലാണ് ജയിൽ മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നടപടി. ജയിൽ സുരക്ഷയെ ബാധിക്കും വിധം തടവുകാരുടെ ഫോൺ വിളി വർധിച്ചുവെന്നാണ് കണ്ടെത്തൽ. നേരത്തെ ജയിൽ ഡിജിപിയായിരുന്ന ഋഷിരാജ് സിങ് വിരമിക്കുന്ന സമയത്ത് ഫോൺ വിളി തീരെ ഇല്ലെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കണ്ടെത്തൽ. ടിപി കേസിൽ കൊടി സുനി ഒഴികെയുള്ള പ്രതികളെല്ലാം പരോളിലാണ്. കോവിഡ് പരോളിന് കൊടി സുനിക്ക് താൽപ്പര്യവുമില്ല.

പുറത്തിറങ്ങാതെ ജയിലിൽ ഇരുന്ന് കാര്യങ്ങൾ നോക്കുന്നതിനോടാണ് താൽപ്പര്യം. പരോളിൽ ഇറങ്ങിയ സമയത്തുണ്ടായ സ്വർണ്ണ കടത്ത് കേസായിരുന്നു കൊടി സുനി ഇത്തരത്തിലൊരു തീരുമാനം എടുക്കാൻ കാരണമെന്നാണ് സൂചന. നേരത്തെ തിരുവനന്തപുരം സെൻട്രൽ ജയിലിലായിരുന്നു കൊടി സുനി കഴിഞ്ഞിരുന്നത്. രണ്ടാം പിണറായി സർക്കാർ വന്നതോടെ വിയ്യൂരിലേക്ക് മാറ്റി. കൊടി സുനിയെ വിയ്യൂരിൽ കൊണ്ടു പോകരുതെന്ന രഹസ്യാന്വേഷണ റിപ്പോർട്ടും തള്ളിയിരുന്നു. ഇതിന് ശേഷമാണ് വിയ്യൂരിലെ ഫോൺ വിളിയിൽ സംശയവും ചർച്ചയും തുടങ്ങിയത്.

ഇക്കാര്യം അന്വേഷിച്ചു ബന്ധപ്പെട്ട തടവുകാർക്കും ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് ജയിൽ ഡിജിപിയോട് പൊലീസ് മേധാവി ആവശ്യപ്പെട്ടിട്ടുണ്ട്. തൃശൂർ സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു ഡിജിപിയുടെ കത്ത്. വിയ്യൂർ സെൻട്രൽ ജയിലിനുള്ളിൽ കുപ്രസിദ്ധ തടവുകാരൻ റഷീദ് മൊബൈൽ ഫോൺ വഴി ഒരു മാസത്തിനിടെ പുറത്തുള്ള 223 പേരുടെ മൊബൈൽ നമ്പറുകളിലേക്കു 1346 കോളുകളാണു നടത്തിയത്.

ഇതേ സിം കാർഡ്, മറ്റ് 5 മൊബൈൽ ഫോണുകളിലിട്ടു മറ്റു തടവുകാരും പലവട്ടം വിളിച്ചു. ജയിലിലെ ക്രിമിനലുകളാണ് ഇത്തരത്തിൽ പുറത്തെ ഗുണ്ടകളെയും കുഴൽപ്പണക്കാരെയും വിളിച്ചതെന്നു റിപ്പോർട്ടിലുണ്ട്. ഈ 5 മൊബൈൽ ഫോണുകളുടെ ഐഎംഇഐ നമ്പറും കൈമാറി. ഇതേ ജയിലിൽ തീവ്രവാദ കേസുകളിൽപെട്ട കൊടുംകുറ്റവാളികളുണ്ട്. അവർക്കു ജയിലിൽനിന്നു രാജ്യദ്രോഹ പ്രവർത്തനത്തിൽ ഏർപ്പെടാൻ സാധിക്കുമെന്നും അതിനാൽ ഉടൻ നടപടി വേണമെന്നുമാണു ശുപാർശ.

ഡിജിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊടി സുനിയെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്കും റഷീദിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും മാറ്റി. വിയ്യൂർ ജയിലിൽ വച്ചു കൊടി സുനിയുടെ കയ്യിൽനിന്നു മൊബൈൽ ഫോൺ പിടിച്ചിരുന്നു. എന്നാൽ, ഇതിൽ വിളിച്ചവരുടെ വിശദാംശം ജയിൽ ഉദ്യോഗസ്ഥർ ശേഖരിച്ചില്ല. അതിനാലാണു റഷീദ് കേസിനൊപ്പം സുനിയുടെ കേസും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നു ജയിൽ മേധാവി ആവശ്യപ്പെട്ടത്.

റഷീദ് ശിക്ഷിക്കപ്പെട്ടതുകൊലക്കേസിലാണ്. റഷീദിന്റെ ജൂലൈ 6 മുതൽ ഓഗസ്റ്റ് 9 വരെയുള്ള ഫോൺ കോളുകളാണ് പരിശോദിച്ചത്. സിം കാർഡ് അന്തിക്കാട്ടെ കുപ്രസിദ്ധ ഗുണ്ടയുടെ പേരിലായിരുന്നു. ഇയാളുടെ സംഘത്തിൽ പെട്ട വ്യക്തി ഇക്കാലയളവിൽ ജയിലിലുണ്ടായിരുന്നു.