- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
''കൊയിലാണ്ടിയിലെ അഷ്റഫിന്റെ കയ്യിലുള്ള സാധനം നമ്മുടെ കമ്പനിയാ കൊണ്ട് പോയത്. ഇനി അതിന്റെ പുറകേ നടക്കണ്ട.''; എല്ലാം നിയന്ത്രിക്കുന്നത് തടവറയിലുള്ള ടിപി കേസ് പ്രതിയെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ വീണ്ടും പുറത്ത്; വിയ്യൂർ ജയിൽ പഞ്ചനക്ഷത്ര സൗകര്യങ്ങളുമായി മാഫിയാ ഡോൺ; കൊടിസുനിയ്ക്കെതിരെ പുതിയ തെളിവ്
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ട് പോയ ക്യാരിയർ അഷ്റഫിന്റെ ഫോണിൽ കൊടിസുനിയുടെ ശബ്ദസന്ദേശം. ''കൊയിലാണ്ടിയിലെ അഷ്റഫിന്റെ കയ്യിലുള്ള സാധനം നമ്മുടെ കമ്പനിയാ കൊണ്ട് പോയത്. ഇനി അതിന്റെ പുറകേ നടക്കണ്ട. അറിയുന്ന ആളുകളോട് കാര്യങ്ങൾ പറഞ്ഞ് കൊടുത്തേക്ക്'', എന്നാണ് കൊടി സുനി ശബ്ദസന്ദേശത്തിൽ പറയുന്നത്. ജയിലിൽ നിന്നാണ് കൊടി സുനി സ്വർണ ക്യാരിയറിന്റെ ഫോണിലേയ്ക്ക് ശബ്ദ സന്ദേശം അയച്ചിരിക്കുന്നത്. ജയിൽ ഉദ്യോഗസ്ഥരുടെ കാവലിൽ കൊടിസുനി സ്വർണകടത്ത് നടത്തുമ്പോൾ ആഭ്യന്തരവകുപ്പ് നോക്കുകുത്തിയാണെന്ന് തെളിയുകയാണ്.
സ്വർണക്കടത്ത് കേസിൽ അർജുൻ അയങ്കിയുടെ കണ്ണൂർ സംഘത്തിന് പിന്നിൽ ടി.പി വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരാണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പുതിയ വഴിത്തിരിവ്. സ്വർണം തട്ടിയെടുത്തതിന് പിന്നിലും കൊടിസുനി നേതൃത്വം നൽകുന്ന കണ്ണൂർ സംഘമാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവരുന്ന ശബ്ദരേഖ. ജയിലിൽ നിന്നാണ് കൊടി സുനി സംസാരിക്കുന്നത്. പുറത്ത് സ്വർണകടത്തും ക്വട്ടേഷനും നിയന്ത്രിച്ച് ഇപ്പോഴും ജയിലിൽ നിന്ന് രാജാവായി വാഴുകയാണ് കൊടി സുനി.
കൊടുവള്ളി സംഘം ഉപദ്രവിക്കാതിരിക്കാൻ കണ്ണൂർ സംഘം തനിക്ക് അയച്ചതാണ് ശബ്ദരേഖയെന്ന് അഷ്റഫ് പൊലീസിനോട് പറഞ്ഞു. കൊണ്ടുവന്ന സ്വർണം അഷ്റഫ് തന്നെ മുക്കിയതാണെന്ന് സംശയിച്ചാണ് കൊടുവള്ളി ക്വട്ടേഷൻ സംഘം അയാളെ തട്ടിക്കൊണ്ട് പോയത്. കഴിഞ്ഞ മാസം റിയാദിൽ നിന്ന് വന്ന അഷ്റഫ് രണ്ടുകിലോ സ്വർണമാണ് കരിപ്പൂർ വിമാനത്താവളം വഴി കടത്തിക്കൊണ്ടുവന്നത്.
തനിക്ക് കണ്ണൂർ സംഘം അയച്ച് തന്ന ഈ കൊടി സുനിയുടെ ശബ്ദരേഖ താൻ കൊടുവള്ളി സംഘത്തിന് അയച്ച് കൊടുത്തുവെന്നും അഷ്റഫ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. സ്വർണക്കടത്തിന്റെ ക്യാരിയർ ആയ അഷ്റഫിന് ഇതിന് മുമ്പും ക്വട്ടേഷൻ സംഘത്തിൽ നിന്ന് ഭീഷണികൾ ഉണ്ടായിരുന്നു. ഒരു മാസം മുമ്പാണ് അഷ്റഫ് ഗൾഫിൽ നിന്ന് എത്തിയത്. തട്ടിക്കൊണ്ട് പോകുന്നതിന് ദിവസങ്ങൾക്ക് മുമ്പും ഇതേ കൊടുവള്ളി ക്വട്ടേഷൻ സംഘം അഷ്റഫിനെ ഭീഷണിപ്പെടുത്തി. പിന്നീട് ചൊവ്വാഴ്ച പുലർച്ചെ എർട്ടിഗ കാറിലെത്തിയ ക്വട്ടേഷൻ സംഘം അഷ്റഫിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ബുധനാഴ്ചയാണ് അഷ്റഫിനെ വിട്ടയച്ചത്. ചാത്തമംഗലത്തിന് സമീപത്ത് ക്രൂരമായി മർദ്ദിച്ച് പരിക്കേറ്റ നിലയിൽ അഷ്റഫിനെ കണ്ടെത്തുകയായിരുന്നു. ഇയാളെ മാവൂരിലെ ഒരു മരമില്ലിൽ ആണ് ഇന്നലെ മുഴുവൻ തടവിൽ വച്ചത് എന്നാണ് റിപ്പോർട്ട്.
കണ്ണ് മൂടിക്കെട്ടിയ നിലയിൽ ആയിരുന്നതിനാൽ ആരാണ് തട്ടിക്കൊണ്ട് പോയതെന്ന് തിരിച്ചറിയാനായില്ലെന്നാണ് മൊഴി. ചാത്തമംഗലം ചെത്ത് കടവ് പാലത്തിന് സമീപത്ത് പുലർച്ചെയോടെയാണ് അഷറഫിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ശരീരമാസകലം ബ്ലേഡ് കൊണ്ട് വരഞ്ഞ നിലയിലായിരുന്നു അഷ്റഫ്. കാലിന്റെ എല്ലിന് പൊട്ടലുമുണ്ട്.
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അന്വേഷണം പുരോഗമിക്കെ വീണ്ടും തട്ടിക്കൊണ്ട് റിപ്പോർട്ട് ചെയ്തതെന്നത് ?കേസിന്റെ ?ഗൗരവം വർദ്ധിപ്പിക്കുന്നു. അഷറഫിനെ ഒരു സംഘം തട്ടിക്കൊണ്ട് പോയെന്ന് ചൂണ്ടിക്കാട്ടി സഹോദരൻ പൊലീസിനെ സമീപിച്ചത്. അടുത്തിടെ വിദേശത്ത് നിന്നും നാട്ടിലെത്തിയ വ്യക്തിയായിരുന്നു അഷറഫ്. നേരത്തെ സ്വർണക്കടത്തുമായി അഷറഫിന് ബന്ധമുണ്ടായിരുന്നതിനാൽ സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് മാഫിയ ആണെന്ന് തന്നെ ആ്യിരുന്നു പൊലീസ് നിഗമനം.
അഷറഫ് സ്വർണം കൊണ്ടുവന്നിരുന്നു എന്നും ഇതുകൊടുവള്ളിയിൽ എത്തിച്ചില്ലെന്ന ഭീഷണി ഉയർത്തി തോക്ക് ചൂണ്ടിയാണ് തട്ടിക്കൊണ്ട് പോവുകയായിരുന്നു എന്നുമായിരുന്നു സഹോദരന്റെ പരാതി. അഷറഫിന്റെ സഹോദരൻ സിദ്ദീഖാണ് പരാതിയുമായി കൊയിലാണ്ടി പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ വടകര റൂറൽ എസ്പി യുടെ നിർദേശപ്രകാരം ഡിവൈഎസ്പി കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇന്ന് അഷറഫിനെ കണ്ടെത്തിയത്.
അഷ്റഫിനെ തട്ടിക്കൊണ്ട് പോയ കേസിൽ ഇതുവരെ മൂന്ന് പേരാണ് അറസ്റ്റിലായിട്ടുള്ളത്. കൊടുവള്ളിയിലും പരിസരങ്ങളിലുമുള്ളവരാണ് അറസ്റ്റിലായ മൂന്ന് പേരും. കൊടുവള്ളി സ്വദേശി പൂമുള്ളൻകണ്ടിയിൽ നൗഷാദ്, കിഴക്കോത്ത് സ്വദേശി താന്നിക്കൽ മുഹമ്മദ് സാലിഹ്, നെല്ലാംകണ്ടി സ്വദേശി കളിത്തൊടുകയിൽ സൈഫുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. തട്ടിക്കൊണ്ട് പോയ സംഘത്തിലുള്ളവർ മുഴുവൻ പിടിയിലായ ശേഷം കൊടി സുനിയുടെ ബന്ധം അന്വേഷിക്കുമെന്ന് പൊലീസ് അറിയിക്കുന്നു.
തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സ്വർണക്കടത്ത് സംഘമെന്നറിഞ്ഞതോടെ കസ്റ്റംസ് സംഘവും കൊയിലാണ്ടി സ്റ്റേഷനിലെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച കൊയിലാണ്ടിയിലെ വീട്ടിൽ നിന്നാണ് അഷ്റഫിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. ഇയാളെ മാവൂരിലെ തടിമില്ലിലാണ് താമസിപ്പിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. അഷ്റഫ് മുമ്പും സ്വർണം കടത്തിയ കേസിൽ അറസ്റ്റിലായിട്ടുണ്ട്. അഷ്റഫിനെ ഇന്നും ചോദ്യം ചെയ്യാനിരിക്കുകയാണ് പൊലീസ്. കസ്റ്റംസും അഷ്റഫിനെ ചോദ്യം ചെയ്തേക്കും.
മറുനാടന് മലയാളി ബ്യൂറോ