- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടി സുനി ഫാക്ടർ സംശയത്തിലാകുമ്പോൾ അന്വേഷണത്തിന് കേന്ദ്ര ഏജൻസി; ആകാശ് തില്ലങ്കേരിയുടെ കൂട്ടുകാരൻ ഇടനിലക്കാരൻ ആകുമ്പോൾ ലക്ഷ്യം കണ്ണൂർ ലോബിയുടെ അടിവേരിളക്കൽ; കൊടുവള്ളി മാഫിയയും നയതന്ത്ര പാഴ്സൽ കടത്തിന് പിന്നിലെ മലബാർ ലോബിയും സംശയത്തിൽ; രാമനാട്ടുകരയിലും വമ്പൻ സ്രാവുകൾ
കണ്ണൂർ: രാമനാട്ടുകരയിൽ 5 പേരുടെ അപകട മരണം ഗൗരവത്തോടെ കണ്ട് കേന്ദ്ര ഏജൻസികൾ. സ്വർണ്ണ കടത്തിന് പിന്നിലെ കാണാചരടുകളിലേക്ക് സമഗ്രമായി അന്വേഷിണത്തിന് തിരുവനന്തപുരത്തെ നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത് അന്വേഷിച്ച കസ്റ്റംസ് പ്രിവന്റീവ് സംഘമെത്തും. ഈ രണ്ട് കടത്തിനും ബന്ധമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ടിപി കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന കൊടി സുനിക്ക് സംഭവവുമായി പങ്കുണ്ടോ എന്നും പരിശോധിക്കും. കൊടുവള്ളി മാഫിയയുടെ രാഷ്ട്രീയ ബന്ധങ്ങളിലേക്കും അന്വേഷണം നീങ്ങും.
അസി. കമ്മിഷണർ പി.ജി. ലാലുവിന്റെ നേതൃത്വത്തിൽ, സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകൾ അന്വേഷിച്ച കസ്റ്റംസ് പ്രിവന്റീവ് ഹെഡ്ക്വാർട്ടേഴ്സ് ടീമിലെ ഉദ്യോഗസ്ഥരാണു കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ നിയോഗിച്ച പ്രത്യേക സംഘത്തിലുള്ളത്. ജോയിന്റ് കമ്മിഷണർ എം. വസന്തഗേശൻ മേൽനോട്ടം വഹിക്കും. ചില ക്വട്ടേഷൻ സംഘങ്ങൾക്ക് രാഷ്ട്രീയസംരക്ഷണം ലഭിക്കുന്നതിനാൽ കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കുന്ന സംഭവങ്ങളിൽ ആസൂത്രണം നടത്തുന്നവർ രക്ഷപ്പെടുന്നു. 2016 ജൂലായിൽ നല്ലളം മോഡേൺ ബസാറിൽ മൂന്നു കിലോഗ്രം സ്വർണം കവർന്നിരുന്നു. ഇതിന് പിന്നിൽ കൊടി സുനിയായിരുന്നു. ഇതിന് സമാനമാണ് രാമനാട്ടുകര അപകടത്തിൽ തെളിയുന്ന കടത്തും.
രാമനാട്ടുകര അപകടത്തിന് പിന്നിലെ സ്വർണക്കടത്തിന് ഇടനിലക്കാരനെന്ന് സംശയിക്കുന്ന കണ്ണൂർ സ്വദേശിയായ യുവാവിന്റെ വീട്ടിൽ അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു. അഴീക്കൽ സ്വദേശി അർജുൻ ആയങ്കി എന്ന യുവാവിന്റെ അഴീക്കോട്ടെ വീട്ടിലാണ് കസ്റ്റംസ് സംഘം ബുധനാഴ്ച്ച പകൽ പരിശോധന നടത്തിയത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുന്നതിനായാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധന നടത്തിയത്. ഇതോടെ അന്വേഷണം കണ്ണൂരിലെ സ്വർണക്കടത്ത് സംഘത്തിലേക്കും നീങ്ങുകയാണ്. ഇതിന് പിന്നാലെയാണ് കേന്ദ്ര ഏജൻസിയും പരിശോധനയ്ക്ക് എത്തുന്നത്. കണ്ണൂരിൽ നിന്നുള്ള സ്വർണക്കടത്ത് സംഘത്തിന്റെ ഇടനിലക്കാരനാണ് അർജുൻ എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. അർജുന്റെ ചുവന്ന സ്വിഫ്റ്റ് കാറാണ് ഇതിന് തെളിവായി അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇത് കണ്ടെത്തുന്നതിനുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. സംഭവ ശേഷം അർജുൻ ഒളിവിൽ പോയിരിക്കുകയാണ്. സിപിഎം ക്രിമിനലായ ആകാശ് തില്ലങ്കേരിയുടെ വിശ്വസ്തനായ സുഹൃത്താണ് അർജുൻ.
കോഴിക്കോട് വിമാനത്താവളത്തിൽ തിങ്കൾ പുലർച്ചെ 2.33 കിലോഗ്രാം സ്വർണവുമായി എയർ കസ്റ്റംസ് മൂർക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖിനെ പിടികൂടിയതാണ് രാമനാട്ടുകരയിലെ അപകടത്തിന് വഴിയൊരുക്കിയത്. ഷഫീഖിന്റെ സ്വർണം വാങ്ങാനും തട്ടിയെടുക്കാനും രണ്ട് സംഘങ്ങൾ കരിപ്പൂരിലെത്തി. ഇതിനിടെ ഷഫീഖിനെ പിടികൂടി. ഇതറിഞ്ഞ് കണ്ണൂരിലെ മോഷണക്കാർ മടങ്ങി. എന്നാൽ സ്വർണം അവർ സ്വന്തമാക്കിയെന്ന് തെറ്റിധരിച്ച് ഇവരെ പിന്തുടർന്നു മറ്റൊരു കൂട്ടർ. രാമനാട്ടുകരയിൽ വച്ച് സ്വർണം കസ്റ്റംസ് പിടിച്ചുവെന്ന് അവരും മനസ്സിലാക്കി. അതിവേഗതയിലുള്ള മടക്കം അപകടവുമായി.
ഈ അപകടത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്ത ചെർപ്പുളശ്ശേരി സംഘത്തിലെ 8 പേരെ കസ്റ്റംസ് സംഘം ചോദ്യം ചെയ്യും. ഇവരിൽ 2 പേരുടെ സ്വർണക്കടത്തു ബന്ധത്തെ പറ്റി ഇതിനകം കസ്റ്റംസിനു വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിനകം അന്വേഷണം പൂർത്തിയായ സ്വർണക്കടത്തു കേസുകളുടെ വിശദാംശങ്ങളും ശേഖരിക്കും. കള്ളക്കടത്തു സ്വർണം തട്ടിക്കൊണ്ടുപോകുന്നവരെയും കസ്റ്റംസ് നോട്ടമിടുന്നു. റിക്രൂട്ടിങ് ഏജന്റുമാർ മാത്രമല്ല, സ്വർണക്കടത്തിൽ നിക്ഷേപം നടത്തുന്നവരിൽ ചിലർ പോലും തട്ടിക്കൊണ്ടു പോകൽ സംഘങ്ങളുമായി ഒത്തുകളിക്കുന്നതായി കസ്റ്റംസ് സംശയിക്കുന്നുണ്ട്.
ഒരു കിലോ സ്വർണം കടത്തിയാൽ 5 ലക്ഷം രൂപ വരെ ലാഭം കിട്ടും. അതുകൊണ്ട് തന്നെ സ്വർണ്ണ കടത്തിലേക്ക് നിരവധി പേർ എത്തുന്നു. ഇവർ സംഘം ചേർന്നാണു സ്വർണക്കടത്തിൽ നിക്ഷേപിക്കുന്നത്. പരസ്പരം പരിചയമില്ലാത്തവർ പോലും ഇത്തരം സംഘങ്ങളിലുണ്ട്. 2016 ജൂലായിൽ നല്ലളം മോഡേൺ ബസാറിൽ മൂന്നു കിലോഗ്രം സ്വർണം കവർന്നിരുന്നതിന് പിന്നിൽ കൊടി സുനിയായിരുന്നു. സ്വർണ്ണ കടത്തു സംഘത്തിൽ നിന്ന് വിരവം ചോർന്നതായിരുന്നു ഇത്തരത്തിലൊരു തട്ടിപ്പിന് കാരണം. വിയ്യൂർ ജയിലിൽ തടവിൽ കഴിയുമ്പോൾ സ്വർണക്കടത്തുകാരിൽനിന്ന് ലഭിച്ച വിവരമനുസരിച്ച് കൊടി സുനി കവർച്ച ആസൂത്രണം ചെയ്തുവെന്നായിരുന്നു പൊലീസിന്റെ നിഗമനം. ഇതിൽ ക്വട്ടേഷൻ ഏറ്റെടുത്ത കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്തും കൂട്ടാളികളും അറസ്റ്റിലായിരുന്നു. കൊടിസുനിയെ ജയിലിലെത്തി ചോദ്യം ചെയ്തെങ്കിലും ഇതുവരെ പ്രതിചേർക്കാൻ കഴിഞ്ഞില്ല.
ചൊക്ലിസ്വദേശിയുടെ പേരിലെടുത്ത സിംകാർഡ് ഉപയോഗിച്ച് രാപകൽ ഭേദമില്ലാതെ കൊടി സുനി പലരെയും വിളിക്കുന്നുണ്ടെന്ന് പൊലീസ് അന്ന് ജയിൽ എ.ഡി.ജി.പി.ക്ക് റിപ്പോർട്ട് നൽകിയെങ്കിലും അതിലും റെയ്ഡിനുപോലും തയാറായില്ല. പിന്നീട് കോഴിക്കോട്ട് ചുമതലയേറ്റ ഒരു ഡെപ്യൂട്ടി കമ്മിഷണർ പുനരന്വേഷണത്തിന് ശ്രമിച്ചെങ്കിലും മുന്നോട്ടുപോയില്ല. നല്ലളത്ത് കവർച്ച നടത്തിയ ദിവസംതന്നെ കോഴിക്കോട് വിമാനത്താവളം വഴിയെത്തിയ കണ്ണൂരുകാരന്റെ സ്വർണവും തട്ടിയെടുക്കാൻ ആസൂത്രണം നടത്തിയിരുന്നു. അതു നടന്നില്ല. പിന്നീട് തിരുനെല്ലിയിൽ അഞ്ചുകോടിരൂപ തട്ടിയെടുക്കാനും ജയിലിൽ ആസൂത്രണം നടത്തി. കർണാകടയിൽനിന്ന് സ്വർണം വിറ്റ് മടങ്ങുകയായിരുന്ന സംഘത്തിൽനിന്ന് തട്ടിയെടുത്ത അഞ്ചുകോടി രൂപയിൽ പത്തുലക്ഷം ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജയിൽ ശിക്ഷയനുഭവിക്കുന്ന കൊടി സുനിയുടെ സഹതടവുകാരന് വീട് നിർമ്മിക്കാൻ ലഭിച്ചുവെന്നും പൊലീസ് പറഞ്ഞു.
ക്വട്ടേഷൻ സംഘം കവർച്ച ചെയ്യുന്ന സ്വർണം സ്ഥിരമായി വാങ്ങുന്ന കൊല്ലം സ്വദേശി രാജേഷ് ഖന്നയ്ക്ക് സുനിയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിരുന്നു. മാത്രമല്ല രാജേഷ് ഖന്നയ്ക്ക് വേണ്ടി കണ്ണൂരിൽനിന്നുള്ള ഒരു അഭിഭാഷകന്റെ ജൂനിയറായ അഭിഭാഷകരാണ് ഒട്ടേറെ കേസുകളിൽ കോടതിയിൽ ഹാജരായത്. ഇതുകൊടി സുനി ഏർപ്പാടുചെയ്തുകൊടുത്തതാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
രാമനാട്ടുകരയിൽ അഞ്ചുപേർ വാഹനാപകടത്തിൽമരിച്ച സ്വർണക്കടത്തിലും കണ്ണൂരിൽനിന്നുള്ള അർജുന്റെ സാന്നിധ്യം ക്വട്ടേഷൻ സംഘങ്ങളിലേക്കുള്ള സൂചനയാണ്. അർജുന്റെ കൂടെ ഷഹിൻ എന്നൊരാളും കൂടെ വിമാനത്താവളത്തിലെത്തിയിരുന്നെന്നാണ് വിവരം. ഈ പഴയ കേസും കേന്ദ്ര ഏജൻസികൾ പരിശോധിക്കും.
മറുനാടന് മലയാളി ബ്യൂറോ