ഡാളസ്: ഇന്ത്യയുടെ മതേതരത്വ സ്വഭാവം തകർക്കുംവിധം ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിന് മോദി ഗവൺമെന്റ് നടത്തുന്ന വിഘടിത പ്രവർത്തനങ്ങൾ രാജ്യത്തിനാപത്താണെന്ന് കോൺഗ്രസ് നേതാവും, എംപി.യുമായ കൊടിക്കുന്നിൽ സുരേഷ് മുന്നറിയിപ്പു നൽകി. ഇന്ത്യൻ ജനതയുടെ സ്വൈര്യ ജീവിത്തിന് ഭീഷണിയുയർത്തി, ബീഫിന്റെ പേരിലായാലും, അമ്പലങ്ങളുടെ പേരിലായാലും സംഘപരിവാർ നടത്തുന്ന അഴിഞ്ഞാട്ടത്തിന് മോദി ഭരണകൂടം പച്ചകൊടി കാണിക്കുകയാണെന്ന് എംപി.കുറ്റപ്പെടുത്തി. സെപ്റ്റംബർ 7ന് വൈകീട്ട് ഇന്ത്യാ ഗാർഡൻസിൽ ഇന്ത്യൻ നാഷ്ണൽ ഓവർസീസ് കോൺഗ്രസ് ഡാളസ് ചാപ്റ്റർ സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു കൊടികുന്നിൽ സുരേഷ്.

ഐ.എൻ.ഓ.സി. ടെക്‌സസ് റീജിയൻ പ്രസിഡന്റ് ബോബൻ കൊടുവത്ത് അദ്ധ്യക്ഷത വഹിച്ചു. ഡാളസ് ചാപ്റ്റർ സെക്രട്ടറി ബാബു സൈമൺ സ്വാഗതം ആശംസിച്ചു. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ ത്യാഗങ്ങൾ വഹിച്ചു താഴ്ന്ന നിലയിൽ നിന്നും കേന്ദ്ര-കേരള രാഷ്ട്രീയത്തിൽ ഉയർന്നു വന്നത് ആത്മാർത്ഥതയുടേയും, കഠിന പ്രയത്‌നത്തിന്റേയും ഫലമാണെന്ന് ബോബൻ ചൂണ്ടികാട്ടി. സണ്ണിമാളിയേക്കൽ ഐ.എൻ.ഓ.സി. ടെക്‌സസ് ചാപ്റ്റർ സെക്രട്ടറി പി.പി.ചെറിയാൻ. ഡ്ബ്ലിയൂ.എം.സി. അമേരിക്കൻ റീജിയൻ പ്രസിഡന്റ് പി.സി.മാത്യു, ഹൊരാൾഡ് എക്സ്‌പ്രസ് പത്രാധിപർ രാജു തരകൻ, കേരള അസ്സോസിയേഷൻ സെക്രട്ടറി റോയ് കൊടുവത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു.

തുടർന്ന് സാം മത്തായി, രാജൻ മേപ്പുറം, രാജൻ ഐസക്, അലക്‌സ് കോശി, ബെന്നി ഐസക്ക്, ബെന്നി, ജോൺ, പ്രദീപ്, എന്നിവരുടെ ചോദ്യങ്ങൾക്ക് എംപി. ഉചിതമായ മറുപടി നൽകി. ബാബു പി. സൈമൺ സ്വാഗതവും, ജോയ് ആന്റണി നന്ദിയും പറഞ്ഞു.