.മനാമ: വർത്തമാന കാലഘട്ടത്തിൽ വർഗീയ ഫാസിസ്റ്റ് ശക്തികളെ നേരിടാൻ ഗാന്ധിയൻ മൂല്യങ്ങൾ ഉൾകൊണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്തുവാൻ രാജ്യത്തെ ജനത ഒറ്റകെട്ടായി മുന്നോട്ട് വരണമെന്നും ഗാന്ധിജി കാണിച്ചു തന്ന അഹിംസയുടെ വഴിത്താരയാണ് ഇന്ന് ലോക സമാധാനത്തിന് ഏറ്റവും അനിവാര്യമായ വഴിയെന്നും, മഹാത്മാ ഗാന്ധിയെ വെടിവെച്ച് കൊന്ന നാധുറാം ഗോട്‌സെക്ക് അമ്പലം പണിയാൻ ശ്രമിക്കുന്നവർ രാജ്യത്തിന്റെ മതേതര മൂല്യങ്ങൾക്ക് ഒരു വിലയും കല്പിക്കാതെ രാജ്യത്തെ ചിന്നഭിന്നമാക്കുവാൻ വർഗ്ഗീയതയുടെ വിഷവിത്ത് പാകുന്ന ശക്തികളെണെന്നും, ഇത്തരം വർഗ്ഗീയ ശക്തികളെ നേരിടുവാനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുവാൻ ഗാന്ധിജി കാട്ടി തന്ന വഴിയിലൂടെ മുന്നോട്ട് പോകേണ്ടത്അത്തന്ത്യാപേഷിതമാണെന്നും. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയെടുക്കുന്നതിന് വേണ്ടി അഹോരാത്രം പ്രയത്‌നിച്ച ഗാന്ധിജിയെയും ഇന്ത്യയിൽ ആദ്യമായി വർഗ്ഗീയതയുടെ വിഷവിത്ത് വിതക്കാൻ നേതൃത്വം കൊടുത്ത ദീൻ ദയാൽ ഉപാദ്യായെയും ഒരു പോലെ ചിത്രീകരിച്ച ഇന്ത്യൻ രാഷ്ട്രപതിയുടെ നടപടി ഇന്നത്തെ ഭരണകൂടം എത്രത്തോളം ഗാന്ധിജിയെ തരംതാഴ്‌ത്താൻ ശ്രമിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് മുൻ കേന്ദ്ര തൊഴിൽവകുപ്പ് മന്ത്രിയും കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറിയും മാവേലിക്കര എം പിയുമായ കൊടിക്കുന്നിൽ സുരേഷ് അഭിപ്രായപ്പെട്ടു.

നൂറു കണക്കിന് ആളുകൾ പങ്കെടുത്ത മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഗാന്ധി ദർശൻ മാനവ-മൈത്രി സംഗമം, കെ സി ഇ ഓഡിറ്റോറിയത്തിൽ വെച്ചു ഉത്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ വെച്ച് മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ മികച്ച സാമൂഹിക പ്രവർത്തകനുള്ള അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പ്രഥമ പ്രവാസി മിത്ര പുരസ്‌കാരം പത്തനംതിട്ട ഡിസീസീ ജനറൽസെക്രട്ടറിയും കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറിയും ബഹറൈൻ ഓഐസീസീ സ്ഥാപക പ്രസിഡന്റുമായ സാമുവൽ കിഴക്കുപുരത്തിന് കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി കൊടിക്കുന്നിൽ സുരേഷ് എം പി നല്കി ആദരിക്കുക ഉണ്ടായി.

മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് അനിൽ തിരുവല്ലയുടെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ എബ്രഹാം ജോൺ, ഇന്ത്യൻ സ്‌കൂൾ സെക്രട്ടറി ഷെമിലി പി ജോൺ, ഡോ: ജോർജ് മാത്യു, ഓ ഐ സീ സീ ഗ്ലോബൽ കമ്മിറ്റി ബഷീർ അമ്പലായി, കെ എം സീ സീ സെക്രട്ടറി ഹസ്സനാർ മുൻ പ്രസിഡന്റ്മാരായ അഡ്വ. ലതീഷ് ഭരതൻ, ബാബുകുഞ്ഞിരാമൻ, പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ ജേക്കബ് തേക്കുതോട്, അഡ്വ. പോൾ സെബാസ്റ്റ്യൻ, ഐ വൈ സീ സീ പ്രസിഡന്റ് ബേസൽ നെല്ലിമറ്റം, കൃഷ്ണകുമാർ, തോമസ് സൈമൺ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിനു ജനറൽസെക്രട്ടറി എബിതോമസ് സ്വാഗതവും സനൽ കുമാർ നന്ദിയും രേഖപ്പെടുത്തി. പരുപാടിക്ക് പി .എസ്. രാജ്ലാൽ തമ്പാൻ, സിന്‌സൺ ചാക്കോ വിനോദ് ഡാനിയേൽ, തോമസ് ഫിലിഫ്, ജോർജ് മാത്യു, ലിജു പാപ്പച്ചൻ, അജി ജോർജ്, ,അഷ്റഫ്, അജീഷ് പോൾ തുടങ്ങിയവർ നേതൃത്വം നൽകി